തിരുവനന്തപുരം: കുത്തനെ ഇടിഞ്ഞ് മത്തി വില. ഒരു മാസം മുമ്പ് 400 രൂപയുണ്ടായിരുന്ന മത്തി വില 15 രൂപയായാണ് കുറഞ്ഞിരിക്കുന്നത്. വള്ളക്കാർക്ക് വല നിറയെ മത്തി ലഭിച്ചപ്പോൾ വിലയില്ലാത്ത അവസ്ഥ സങ്കടകരമാണെന്ന് വള്ളക്കാർ പറയുന്നു. അർത്തുങ്കൽ മുതൽ പള്ളിത്തോട് വരെയുള്ള നൂറുകണക്കിന് മത്സ്യത്തൊഴിലാളികളെ സങ്കടത്തിലാക്കി മത്തിയുടെ വില കുത്തനെ ഇടിഞ്ഞിരിക്കുകയാണ്.
ഒരുമാസം മുൻപ് 400 രൂപവരെ വില ഉയർന്നിരുന്നു. ഇന്നലെ ഒരു കിലോഗ്രാം മത്തിക്ക് 15 രൂപയ്ക്കാണ് ചെല്ലാനം ഹാർബറിൽ നിന്നു മൊത്ത ഏജൻസികൾ എടുത്തത്.
അമിതമായി മത്തി വള്ളക്കാർക്ക് ലഭിക്കുന്നതിനാൽ കുറഞ്ഞ വിലയ്ക്കു മത്തിയെടുക്കാൻ ഇതര സംസ്ഥാനങ്ങളിലെ ഉണക്കിപൊടിക്കുന്ന മീൻതീറ്റ നിർമാണ കമ്പനിയിൽ നിന്നുള്ള ലോറികൾ ഒട്ടേറെയാണ് ഹാർബറിൽ നിരയായി കിടക്കുന്നത്. മത്സ്യബന്ധന വള്ളങ്ങൾക്ക് സുലഭമായി ലഭിക്കുന്ന മത്തിക്ക് ഹാർബറിൽ കിലോഗ്രാമിനു തുച്ഛമായ വിലയ്ക്ക് വിറ്റഴിയുമ്പോൾ പൊതുമാർക്കറ്റുകളിലും മീൻ തട്ടുകടകളിലും കിലോഗ്രാമിന് 100 മുതൽ 150 രൂപവരെ രൂപ വരെ വില ഈടാക്കുന്നതായി ഉപഭോക്താക്കൾ പറയുന്നു.
മത്സ്യത്തൊഴിലാളികളുടെ ഉപജീവനത്തിൽ വലിയ പ്രാധാന്യമുള്ള കാര്യമാണ് മത്തി ലഭിക്കുകയെന്നത്. നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ഹാർബറിൽ നിന്നും കടലിൽ പോകുന്ന വള്ളങ്ങൾക്ക് മത്തി സുലഭമായി ലഭിക്കുന്നത്. മത്തിയോടൊപ്പം അയലയും ചെറിയ തോതിൽ ലഭിക്കുന്നുണ്ട്. കടലിൽ നിന്നു പിടിച്ച് കൊണ്ടുവരുന്ന മത്സ്യത്തിനു പലപ്പോഴും വില കുത്തനെ ഇടിയുന്നത് തൊഴിലാളികളെ നിരാശരാക്കുന്നു.