ശനിയാഴ്ച മാത്രം ഗസയില്‍ കൊല്ലപ്പെട്ടത് 400 പേര്‍; ആകെ മരിച്ചവരില്‍ 700 കുട്ടികള്‍
World News
ശനിയാഴ്ച മാത്രം ഗസയില്‍ കൊല്ലപ്പെട്ടത് 400 പേര്‍; ആകെ മരിച്ചവരില്‍ 700 കുട്ടികള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 15th October 2023, 8:20 am

ജെറുസലേം: ഗസക്കെതിരെ ആക്രമണം തുടര്‍ന്ന് ഇസ്രഈല്‍. ശനിയാഴ്ച രാത്രിയും ശക്തമായി വ്യോമാക്രമണം തുടര്‍ന്നു. തെക്കന്‍ നഗരമായ ഖാന്‍ യൂനിസില്‍ ശക്തമായ ബോംബാക്രമണമാണ് ഇസ്രഈല്‍ സൈന്യം ശനിയാഴ്ച രാത്രിയും നടത്തിയതെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കര, വ്യോമ, നാവിക മേഖലയിലൂടെ ആമ്രണം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഇസ്രഈല്‍ സൈന്യത്തിന്റെ നീക്കം.

ഗസയിലെ അതിര്‍ത്തി കടന്നുള്ള അക്രമം ഉടന്‍ ഉണ്ടാകുമെന്ന് ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും അറിയിച്ചു. ഇതിനായി ഇസ്രഈലിലെ റിസര്‍വ് സേനയോട് തയ്യാറാകാന്‍ നിര്‍ദേശവും നല്‍കിയിട്ടുണ്ട്.

20,215 പേര്‍ ഗസയില്‍ ഇസ്രഈല്‍ നടത്തിയ ആക്രമണത്തില്‍ ഇതുവരെ കൊല്ലപ്പെട്ടെന്നാണ് ഔദ്യോഗിക കണക്കുകള്‍. ഇന്നലെ മാത്രം 400 പേര്‍ മരിച്ചു. ആകെ മരണപ്പെട്ടവരില്‍ 700 പേരും കുട്ടികളാണ്.


ഹമാസ് നടത്തിയ അക്രമത്തില്‍ 1300 പേരാണ് ഇസ്രഈലില്‍ കൊല്ലപ്പെട്ടിരുന്നത്. കഴിഞ്ഞ ദിവസങ്ങളിലൊന്നും ഇസ്രഈലിന്റെ ഭാഗത്തുനിന്ന് ഒരു മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഇസ്രഈലിലുള്ള തങ്ങളുടെ 29 പൗരന്മാര്‍ കൊല്ലപ്പെട്ടുവെന്ന് അമേരിക്കയും ഞായറാഴ്ച സ്ഥിരീകരിച്ചു.

അതേസമയം, ഗസയില്‍ മതിയായ ചികിത്സ സൗകര്യമില്ലാതെ ബുദ്ധിമുട്ടുകയാണ് ഫലസ്തീന്‍ ജനത. മരുന്നുകള്‍ ഗസയിലെത്തിക്കാന്‍ വൈകുന്ന ഓരോ മണിക്കൂറിലും കൂടുതല്‍ പേര്‍ മരണപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും ലോകാരോഗ്യ സംഘടന പറയുന്നത്.

അതിനിടെ ലോകാരോഗ്യ സംഘടനയുടെ മരുന്നുകള്‍ അടങ്ങിയ മെഡിക്കല്‍ സാമഗ്രികളുമായി വിമാനം കഴിഞ്ഞ ദിവസം ഈജിപ്തിലെത്തിയതായുള്ള റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ലോകാരോഗ്യ സംഘടനയുടെ ദുബായിലെ കേന്ദ്രത്തില്‍ നിന്നുള്ള 78 ക്യൂബിക് മീറ്റര്‍ ആരോഗ്യ സാമഗ്രികളാണ് ഈജിപ്തിലെ അല്‍ അരിഷ് വിമാനത്താവളത്തില്‍ എത്തിച്ചത്. ഈജിപ്തില്‍ നിന്ന് ഗസയിലേക്കുള്ള റഫ കവാടത്തില്‍ പ്രവേശനം പുനരാരംഭിച്ചാല്‍ ഗസയില്‍ മരുന്നുകളും മറ്റും എത്തിക്കുമെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചത്.


Content Highlight: 400 killed in Gaza on Saturday alone, 700 of the dead were children