[]ന്യൂദല്‍ഹി: നാനൂറിലധികം ഇന്ത്യക്കാര്‍ നിലവില്‍ പാക്കിസ്ഥാനിലെ തടവറകളില്‍ അടയ്ക്കപ്പെട്ടിട്ടുണ്ടെന്ന് വിദേശകാര്യമന്ത്രാലയം സ്ഥിരീകരിച്ചു. ഇതില്‍ 90 പേര്‍ ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കിയവരാണ്. ഇവരെ വിട്ടയയ്ക്കാവുന്നതാണെന്നും ഉന്നതകേന്ദ്രങ്ങള്‍ വെളിപ്പെടുത്തി.
തടവിലാക്കപ്പെട്ടിരിക്കുന്ന 400 പേരില്‍ 214 പേരും സാധാരണപൗരന്‍മാരാണെന്ന് വിദേശകാര്യമന്ത്രാലയ വക്താവായ സയ്യിദ് അക്ബറുദ്ദീന്‍ വ്യക്തമാക്കി. 186 പേരും മത്സ്യത്തൊഴിലാളികളാണ്.
ഇന്തോ-പാക് കരാറനുസരിച്ച് ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കുന്ന തടവുകാരെ ഒരു മാസത്തിനുള്ളില്‍ വിട്ടയയ്‌ക്കേണ്ടതാണ്. അതിനാല്‍ കാലാവധി പൂര്‍ത്തിയാക്കിയ 90 പേരെയും ഉടന്‍ തന്നെ തിരികെ അയയ്‌ക്കേണ്ടതാണെന്ന് ഇദ്ദേഹം പറയുന്നു.
“ഞാന്‍ മനസിലാക്കിയിടത്തോളം ഇവരില്‍ പലരും മാര്‍ച്ച്, ജൂലൈ മാസങ്ങളില്‍ ശിക്ഷാകാലാവധി പൂര്‍ത്തിയാക്കിയവരാണ്. അവര്‍ക്ക് സ്വതന്ത്രരായി ജീവിക്കാന്‍ അര്‍ഹതയുണ്ട്” അദ്ദേഹം പറയുന്നു.
“പാക്കിസ്ഥാന്‍ അവരെ ഉടന്‍ തന്നെ റിലീസ് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.” സമാനമായൊരു അന്വേഷണത്തിന് പാക്കിസ്ഥാനില്‍ നിന്നുള്ള ജ്യൂഡീഷ്യല്‍ കമ്മീഷന്‍ ഇന്ത്യയിലെത്തിയിട്ടുണ്ട്.
പാക്കിസ്ഥാന്‍ സമിതി ഉടന്‍ തന്നെ റിപ്പോര്‍ട്ട് സമര്‍പ്പിക്കും എന്നും അറിയുന്നു.”ഇന്ത്യന്‍ ജയിലുകളിലെ പാക്കിസ്ഥാനി തടവുകാരുടെ പ്രശ്‌നങ്ങളെ സംബന്ധിച്ചുള്ളതായിരിക്കും ഈ റിപ്പോര്‍ട്ട്. ഇതിന്റെ തുടര്‍ച്ചയായി പിന്നീടും സന്ദര്‍ശനങ്ങള്‍ ഉണ്ടാകാമെന്ന് കരുതുന്നു.
അടുത്ത വര്‍ഷം ആദ്യപകുതിയില്‍ തന്നെ പാക്കിസ്ഥാനിലെ ഇന്ത്യന്‍ തടവുകാരുടെ പ്രശ്‌നങ്ങള്‍ പഠിക്കാനായി ഒരു സംഘം അങ്ങോട്ട് പോകാന്‍ സാധ്യതയുണ്ട്.” അദ്ദേഹം പറയുന്നു.
ഈ ജ്യുഡീഷ്യല്‍ സന്ദര്‍ശനങ്ങള്‍ ഇന്ത്യയ്ക്കും പാക്കിസ്ഥാനുമിടയില്‍ സാധാരണമാണെന്ന് അദ്ദേഹം വിശദീകരിക്കുന്നു. ഇരു രാജ്യങ്ങളും തമ്മില്‍ പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും മാനുഷികപരിഗണനകളുടെ പേരില്‍ തടവുകാരുടെ പ്രശ്‌നങ്ങള്‍ നോക്കിക്കാണാറുണ്ട്.”
പാക്കിസഥാനി ജ്യുഡീഷ്യല്‍ സമിതി ഇതുവരെ മൂന്ന് ജയിലുകള്‍ സന്ദര്‍ശിച്ചു കഴിഞ്ഞു. അമൃത്‌സര്‍, ജയ്പൂര്‍ എന്നിവ കൂടാതെ ഡല്‍ഹിയിലെ തീഹാര്‍ ജയിലിലും ഇവര്‍ പാക്കിസ്ഥാനി തടവുകാരെ സന്ദര്‍ശിച്ചു.