| Thursday, 13th July 2023, 9:50 am

രാജ്യത്ത് ജനുവരി മുതല്‍ ക്രൈസ്തവര്‍ക്കെതിരെ നടന്നത് 400 ആക്രമണങ്ങള്‍: മുന്നില്‍ ഉത്തര്‍പ്രദേശ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: രാജ്യത്ത് ഈ വര്‍ഷം ഇതുവരെ ക്രൈസ്തവര്‍ക്കെതിരെ 400 ആക്രമണങ്ങള്‍ നടന്നതായി യുണൈറ്റഡ് ക്രിസ്ത്യന്‍ ഫോറത്തിന്റെ റിപ്പോര്‍ട്ട്. 2022ല്‍ ഇതേ കാലയളവില്‍ 274 ആക്രമണങ്ങളായിരുന്നു നടന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഉത്തര്‍പ്രദേശിലാണ് ഏറ്റവും കൂടുതല്‍ ആക്രമണങ്ങള്‍ (155) റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഛണ്ഡിഗഢ്(84), ജാര്‍ഖണ്ഡ് (35), ഹരിയാന (32), മധ്യപ്രദേശ് (21) പഞ്ചാബ് (12) കര്‍ണാടക (10), ബീഹാര്‍ (ഒന്‍പത്) ജമ്മു കശ്മീര്‍ (എട്ട്), ഗുജറാത്ത് (ഏഴ്) എന്നിങ്ങനെയാണ് കണക്കെന്ന് ദി വയര്‍ റിപ്പോര്‍ട്ട് ചെയ്തു.

യു.പിയില്‍ ഏറ്റവും കൂടുതല്‍ ക്രൈസ്തവര്‍ക്കെതിരെ ആക്രമണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് ജൗന്‍പൂരിലാണ് (13). റായ് ബറേലിയയിലും സീതാപൂരിലും 11 സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. കാന്‍പൂര്‍ (10) അസംഖണ്ഡ്, കുശിനഗര്‍ എന്നിവിടങ്ങളില്‍ ഒന്‍പത് ആക്രമണ സംഭവങ്ങളാണ് നടന്നത്. ജൂണ്‍ മാസത്തിലാണ് ഏറ്റവും കൂടുതല്‍ ആക്രമണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് (88).

ഉത്തരാഖണ്ഡ്, തമിഴ്‌നാട് , പശ്ചിമ ബംഗാള്‍, ഹിമാചല്‍ പ്രദേശ്, മഹാരാഷ്ട്ര, അസം, ഛണ്ഡിഗഢ്, ഗോവ, ഒഡീഷ, ദല്‍ഹി എന്നിവിടങ്ങളിലും ക്രൈസതവര്‍ക്കെതിരെ ആക്രമണങ്ങള്‍ നടന്നതായി ഫോറം വാര്‍ത്താ കുറിപ്പില്‍ പറയുന്നു. 2014 മുതല്‍ ക്രൈസ്തവര്‍ക്കെതിരെ ഉണ്ടായ ആക്രമണങ്ങളില്‍ വര്‍ധനവുണ്ടായതായാണ് ഫോറംചൂണ്ടിക്കാട്ടുന്നത്. 2014ല്‍ 147 ആക്രമണങ്ങളായിരുന്നു റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 2015( 177), 2016 (208), 2017 (240), 2018 (292), 2019 (328), 2020 ( 279), 2021 ( 505), 2022 (599) , 2023 (400) എന്നിങ്ങനെ ഇവ വര്‍ധിച്ചു.

ആക്രമണങ്ങള്‍ക്ക് ഇരയായിട്ടും കുറ്റക്കാരെക്കാള്‍ കൂടുതല്‍ എഫ്.ഐ.ആറുകള്‍ നേരിടേണ്ടി വന്നതും ക്രൈസ്തവര്‍ക്കാണെന്ന് ഫോറം റിപ്പോര്‍ട്ടില്‍ പറയുന്നു. മതപരിവര്‍ത്തനം നടത്തിയെന്ന തെറ്റായ ആരോപണങ്ങള്‍ ഉന്നയിച്ച് മതപരിവര്‍ത്തന നിയമപ്രകാരം 63 എഫ്.ഐ.ആറുകളാണ് ക്രൈസ്തവര്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ജാമ്യാപേക്ഷ നിഷേധിക്കപ്പെട്ടതിനാല്‍ 35 പാസ്റ്റര്‍മാര്‍ ജയിലിലാണെന്നും ഫോറം പറയുന്നു.

Content Highlight: 400 incidents of violence against christians since january: report

We use cookies to give you the best possible experience. Learn more