|

ഒരാഴ്ചക്കകം സംസ്ഥാനത്ത് സൗജന്യമായി 400 ചാനലുകള്‍; ഐ.എഫ് ടി.വി സേവനം വ്യാപിപ്പിക്കാന്‍ ബി.എസ്.എന്‍.എല്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

പത്തനംതിട്ട: അതിവേഗ ഇന്റര്‍നെറ്റ് മുഖേന സംസ്ഥാനത്ത് സൗജന്യമായി ചാനലുകള്‍ ലഭ്യമാക്കാന്‍ ബി.എസ്.എന്‍.എല്‍. ഒരാഴ്ചക്കകം പദ്ധതി നടപ്പിലാക്കുമെന്നാണ് വിവരം. ഒരു മാസത്തേക്കായിരിക്കും മുഴുവന്‍ ചാനലുകളും സൗജന്യമായി ലഭിക്കുക.

ഒരു മാസത്തിന് ശേഷം 350 ചാനലുകള്‍ സൗജന്യമായി ലഭിക്കുകയും ചെയ്യും. എഫ്.ടി.ടി.എച്ചിന്റെ (ഫൈബര്‍ ടു ദി ഹോം) ഏത് പ്ലാന്‍ എടുത്തവര്‍ക്കും ഐ.എഫ് ടി.വി സേവനം ലഭ്യമായിരിക്കുമെന്ന് ബി.എസ്.എന്‍.എല്‍ പറയുന്നു.

എഫ്.ടി.ടി.എച്ച് കണക്ഷനും സ്മാര്‍ട്ട് ടി.വിയും ഉള്ളവര്‍ക്കാണ് ഐ.എഫ് ടി.വി സേവനം ലഭിക്കുക. ഇതിലൂടെ 400 ചാനലുകള്‍ കാണാന്‍ കഴിയും. അതില്‍ 23 എണ്ണം മലയാളം ചാനലുകളുമായിരിക്കും.

നേരത്തെ കണ്ണൂര്‍, കാസര്‍കോട്, കോഴിക്കോട്, വയനാട് ജില്ലകളില്‍ തുടങ്ങിയ ഈ പദ്ധതി നടപ്പിലാക്കുകയും വിജയം കാണുകയും ചെയ്തിരുന്നു. അതോടെയാണ് പദ്ധതി സംസ്ഥാനത്തുടനീളമായി വ്യാപിപ്പിക്കാന്‍ തീരുമാനിച്ചത്.

കൈപ്രോം കമ്പനിയുമായുള്ള ധാരണയിലാണ് പദ്ധതി. ആദ്യഘട്ടത്തില്‍ 50ഓളം പ്രീമിയം ചാനലുകളാണ് സൗജന്യമായി നല്‍കുക. ഇതിലൂടെ എഫ്.ടി.ടി.എച്ചിന്റെ പ്രചാരമാണ് ബി.എസ്.എന്‍.എല്‍ ലക്ഷ്യമിടുന്നത്.

രജിസ്ട്രേഷന്‍ മുഖേനയായിരിക്കും ഐ.എഫ് ടി.വി സേവനം ലഭിക്കുക. സ്മാര്‍ട്ട് ടി.വിയില്‍ ഒ.ടി.പി വെരിഫിക്കേഷന്‍ നടത്തിയ ശേഷമായിരിക്കും ചാനലുകള്‍ ലഭ്യമാകുക.

അതേസമയം എഫ്.ടി.ടി.എച്ച് പ്ലാനില്ലാത്ത ഉപയോക്താക്കളില്‍ നിന്ന് ബി.എസ്.എന്‍.എലിന്റെ നയത്തിനനുസരിച്ചുള്ള നിരക്ക് ഈടാക്കും.

Content Highlight: 400 free channels in the state within a week; BSNL to expand IF TV service