| Saturday, 26th February 2022, 2:57 pm

പ്രണവ് ദര്‍ശനയോട് പറയുന്ന ടെക്‌നിക്ക് 40 വര്‍ഷം മുമ്പ് മോഹന്‍ലാല്‍ പറഞ്ഞതാ: ബാലചന്ദ്ര മേനോന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

പ്രണവ് മോഹന്‍ലാലിനെ നായകനാക്കി വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത ചിത്രമാണ് ഹൃദയം. പേര് പോലെ പ്രേക്ഷക ഹൃദയത്തിലേക്കാണ് സിനിമ കയറിച്ചെന്നത്.

സിനിമയില്‍ പ്രണവിന്റെ കഥാപാത്രം ദര്‍ശനയോട് പറയുന്ന ‘ദര്‍ശന നീ മുടികെട്ടിവെക്കേണ്ട, മുടിയഴിച്ചിട്ടാല്‍ നിന്നെ കാണാന്‍ അടിപൊളിയാണ്,’ എന്ന ഡയലോഗ് പറയാത്തവരായി ആരും തന്നെയില്ല.

ഇപ്പോഴിതാ ആ ഡയലോഗ് മോഹന്‍ലാല്‍ 40 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഉപയോഗിച്ചിരുന്നതാണെന്ന് പറയുകയാണ് നടനും സംവിധായകനുമായ ബാലചന്ദ്ര മേനോന്‍.

മോഹന്‍ലാലിനെ നായകനാക്കി ബാലചന്ദ്രകുമാര്‍ സംവിധാനം ചെയ്ത സിനിമയാണ് ‘കേള്‍ക്കാത്ത ശബ്ദം’. നെഗറ്റീവ് ഷെയ്ഡുള്ള കഥാപാത്രമായാണ് മോഹന്‍ലാല്‍ ചിത്രത്തിലെത്തുന്നത്.

സ്ത്രീകളെ ആകര്‍ഷിക്കാനായി ആ സിനിമയില്‍ കുറച്ച് ടെക്‌നിക്കുകള്‍ ഉപയോഗിച്ചിട്ടുണ്ടെന്നും അത് വീണ്ടുമൊരു ചിത്രത്തില്‍ കണ്ടപ്പോള്‍ സന്തോഷം തോന്നിയെന്നും പറയുകയാണ് ബലചന്ദ്ര മേനോന്‍.

‘സ്ത്രീകളെ ആകര്‍ഷിക്കാനായിട്ട് മോഹന്‍ലാല്‍ കുറച്ച് ടെക്‌നിക്കുകള്‍ ഉപയോഗിച്ചിരുന്നു. അന്നത്തെ കാലത്ത് അത് പലരും അനുകരിക്കാന്‍ ശ്രമിച്ചിരുന്നു. ഇപ്പോള്‍ ഹൃദയത്തിന്റെ സമയമാണല്ലോ, സോഷ്യല്‍ മീഡിയയില്‍ ഇങ്ങനെ നോക്കിയപ്പോഴാണ് ഹൃദയത്തിന്റെ ട്രെയ്‌ലര്‍ ഞാന്‍ കാണുന്നത്.

അപ്പോള്‍ പ്രണവിനെ കണ്ടു, അതിനകത്ത് പ്രണവ് ദര്‍ശനയോട് പറയുന്നൊരു ടെക്‌നിക്കുണ്ട്. ഈ ടെക്‌നിക്ക് കേള്‍ക്കാത്ത ശബ്ദത്തിലൂടെ ഞാന്‍ മോഹന്‍ലാലിലൂടെ പ്രയോഗിച്ചിരുന്നതാണെന്ന് ഓര്‍ക്കുമ്പോള്‍ ഭയങ്കര ഒരു ത്രില്ലുണ്ടായി. 40 വര്‍ഷങ്ങള്‍ മുമ്പ് ഞാന്‍ കൊണ്ടുവന്ന ഒരു കഥാപാത്രത്തിന്റെ ടെക്‌നിക്ക് 40 വര്‍ഷം കഴിഞ്ഞിട്ട്, വീണ്ടും ഞാന്‍ മറ്റൊരു ചിത്രത്തില്‍ കാണുമ്പോള്‍ ഒത്തിരി സന്തോഷമായി,’ അദ്ദേഹം പറയുന്നു.

കേള്‍ക്കാത്ത ശബ്ദത്തില്‍ ‘ഈ പച്ച സാരി പൂര്‍ണിമക്ക് നല്ല ഭംഗിയാണ്, പൂര്‍ണിമക്ക് നിറമുള്ളതുകൊണ്ടാ,’ എന്നായിരുന്നു മോഹന്‍ലാല്‍ പറയുന്നത്.

ഹൃദയത്തില്‍ കഴിഞ്ഞ കാല സിനിമകളിലെ കാര്യങ്ങള്‍ പുനരാവര്‍ത്തിക്കപ്പെട്ടത് കണ്ടപ്പോള്‍ സന്തോഷമെന്നും ബാലചന്ദ്ര മേനോന്‍ കൂട്ടിച്ചേര്‍ത്തു.

തിയേറ്ററുകളിലും ഒ.ടി.ടി പ്ലാറ്റ്‌ഫോമിലും പ്രേക്ഷക പിന്തുണ നേടി മുന്നേറുകയാണ് ഹൃദയം. പ്രണവ് മോഹന്‍ലാലിനൊപ്പം ദര്‍ശന രാജേന്ദ്രന്‍, കല്യാണി പ്രിയദര്‍ശന്‍ എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നതും വിനീത് ശ്രീനിവാസനാണ്. മെറിലാന്റ് സിനിമാസിന്റെ ബാനറില്‍ വിശാഖ് സുബ്രമണ്യം നിര്‍മിച്ച ഈ ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചത് വിശ്വജിത്ത് ഒടുക്കത്തിലാണ്.


Content Highlights: 40 years ago Mohanlal told the technique of telling Pranav Darshana: Balachandra Menon

We use cookies to give you the best possible experience. Learn more