പ്രാചീന ഭാരതത്തില്‍ വിമാനമുണ്ടായിരുന്നെന്ന വാദം 40 വര്‍ഷങ്ങള്‍ക്കു മുമ്പ് ഇന്ത്യന്‍ ശാസ്ത്രജ്ഞര്‍ തന്നെ തകര്‍ത്തത്
Daily News
പ്രാചീന ഭാരതത്തില്‍ വിമാനമുണ്ടായിരുന്നെന്ന വാദം 40 വര്‍ഷങ്ങള്‍ക്കു മുമ്പ് ഇന്ത്യന്‍ ശാസ്ത്രജ്ഞര്‍ തന്നെ തകര്‍ത്തത്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 6th January 2015, 5:11 pm

Luttappiന്യൂദല്‍ഹി: പ്രാചീന ഭാരതത്തില്‍ വിമാനമുണ്ടായിരുന്നെന്ന വാദം 40 വര്‍ഷങ്ങള്‍ക്കു മുമ്പ് ഇന്ത്യന്‍ ശാസ്ത്രജ്ഞര്‍ തന്നെ തകര്‍ത്തത്. ബംഗളുരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സിലെ വ്യോമയാന സാങ്കേതിക വിദഗ്ദരും മെക്കാനിക്കല്‍ എഞ്ചിനീയര്‍മാരും ഉള്‍പ്പെടുന്ന അഞ്ചു പേരടങ്ങുന്ന ഇന്ത്യന്‍ ശാസ്ത്രജ്ഞ സംഘം നടത്തിയ വിശദമായ പഠനത്തിലാണ് ഇത്തരം വാദങ്ങളുടെ കാപട്യം തുറന്നു കാട്ടിയത്.

ഞായറാഴ്ച്ച ഇന്ത്യന്‍ സയന്‍സ് കോണ്‍ഗ്രസില്‍ വച്ച് 1903ല്‍ റൈറ്റ് സഹോദരന്‍മാര്‍ ആദ്യമായി വിമാനം പറത്തുന്നതിന് ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്കു മുമ്പ് വ്യോമയാന സാങ്കേതിക വിദ്യ ഇന്ത്യയില്‍ നിലനിന്നിരുന്നുവെന്ന് മുന്‍ പൈലറ്റായ ക്യാപ്റ്റന്‍ ആനന്ദ് ബോദാസ് അഭിപ്രായപ്പെട്ടു. വേദ കാലഘട്ടത്തില്‍ ഇന്ത്യയില്‍ വ്യോമയാന സാങ്കേതിക വിദ്യയെ സ്ഥാപിക്കുന്നതിനായി പുരാതന സന്യാസിയായ മഹാഋഷി ഭരദ്വജയുടെ വ്യോമയാന സാങ്കേതികതയെകുറിച്ചുള്ള ചിന്തകളെ പ്രതിപാദിക്കുന്ന “വൈമാനികശാസ്ത്രം” അദ്ദേഹം മുന്നോട്ടു വച്ചു.

വൈമാനിക ശാസ്ത്രത്തില്‍ പ്രതിപാദിച്ചിട്ടുള്ള ഒരു സാങ്കേതികവിദ്യ പോലും ഒരു വസ്തുവിനെ പോലും പറക്കാന്‍ പ്രാപ്തമാക്കുന്നതല്ലെന്ന് ഐ.ഐ.എസ്.സിയിലെ എയറോ സ്‌പേസ് എഞ്ചിനീയറിങ് പ്രൊഫസറായി വിരമിച്ച എച്ച്.എസ് മുകുന്ദ നയിച്ച ഈ അഞ്ചംഗസംഘം നടത്തിയ പഠനത്തില്‍ പറയുന്നു. ഇരുപതാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ഒരാളുടെ ചില കൃത്രിമ സങ്കല്‍പ്പങ്ങള്‍ മാത്രമാണ് വൈമാനികശാസ്ത്രമെന്നും ഇത് പുരാതന സന്യാസി മഹാഋഷി ഭരദ്വജനല്ലെന്നും പഠനം തെളിയിക്കുന്നു.

മൈസൂരിലെ ഇന്റര്‍ നാഷണല്‍ അക്കാദമി ഓഫ് സാന്‍സ്‌ക്രിട്ട് റിസര്‍ച്ചിന്റെ സ്ഥാപകനായ എ.എം ജോയസര്‍ ആണ് ഈ ഗ്രന്ഥം 1951 ല്‍ കണ്ടെത്തുകയും പ്രസിദ്ധീകരിക്കുകയും ചെയ്തത്.

“ഇതില്‍ വിമാനത്തെ കുറിച്ച് വിവരിച്ചിട്ടുള്ളതെല്ലാം കെട്ടുകഥകള്‍ മാത്രമാണ്. ഒരു വിമാനത്തിനും പറക്കാനുള്ള കഴിവും ഇല്ല; പറക്കുന്ന കാര്യത്തില്‍ ഇതില്‍ പറയുന്ന കണക്കുകള്‍ എല്ലാം തന്നെ ഊഹിക്കാവുന്നതിലും ഭീകരമാണ് . ഇത് പ്രവര്‍ത്തിപ്പിക്കാനുള്ള തത്വങ്ങളാവട്ടെ പറക്കുന്നതിനെ സഹായിക്കുന്നതും അല്ല.” എന്ന് സൈന്റിഫിക് ഒപീനിയന്‍ എന്ന ജേണലില്‍ ” ക്രിട്ടിക്കല്‍ സ്റ്റഡി ഓഫ് ദി വര്‍ക്ക് വൈമാനിക ശാസത്ര” എന്ന പേരില്‍ പ്രസിദ്ധീകരിച്ച പഠന റിപ്പോര്‍ട്ടില്‍ മുകുന്ദ, എസ്.എം. ദേശ്പാണ്ഡെ, എച്ച് ആര്‍ നാഗേന്ദ്ര, എ. പ്രഭു എന്നിവര്‍ വ്യക്തമാക്കുന്നു.

വൈമാനിക ശാസ്ത്രത്തിലെ വാദങ്ങള്‍ക്ക് വേദകാല ബന്ധം സ്ഥാപിക്കുന്നതിനു വേണ്ടിയുള്ള വിഫല ശ്രമങ്ങളുടെ വാസ്തവവും ശാസ്ത്രജ്ഞര്‍ കണ്ടത്തുന്നു. 1900 – 1922 കാലഘട്ടങ്ങളില്‍ സംസ്‌കൃത ശ്ലോകങ്ങളുടെ വ്യാഖ്യതാവായിരുന്ന സുബ്ബരായ ശാസ്ത്രിയുടെ കൃതികള്‍ 1944 ല്‍ അയാളുടെ മരണത്തിനു മുമ്പ് ഒരു അനുയായി വഴി രേഖപ്പെടുത്തിയതാണ് വൈമാനിക ശാസ്ത്രമെന്നും ഇവര്‍ വിശദീകരിക്കുന്നു.

നിര്‍ഭാഗ്യമെന്നു പറയട്ടെ ചിലര്‍ തങ്ങളുടെ ഭൂതകാലത്തെ കുറിച്ച് എന്തുകിട്ടിയാലും അത് സതുതിച്ച് പാടിക്കൊണ്ടു നടക്കുകയും ചെയ്യുന്നു. അതും വ്യക്തമായ തെളിവുകള്‍ പോലുമില്ലാതെ. തെളിവുകളുടെ അഭാവത്തില്‍ ഇത്തരം ശ്രമങ്ങളെല്ലാം പഴമയെ കുറിച്ചുള്ള തെളിവുകളുടെ ഭാഗമായി മാറുകയും ചെയ്യുന്നു. ശാസത്രജ്ഞര്‍ പറയുന്നു.

ഇത്തരം കാര്യങ്ങളെ കുറിച്ച് പറയുന്ന ഏതൊരാള്‍ക്കും അത് തെളിയിക്കാനുള്ള ഉത്തരവാദിത്വവും ഉണ്ട്. അത് ചെറിയ അളവിലാണെങ്കില്‍ പോലും. പ്രോഫ. മുകുന്ദ പറയുന്നു.

ഭൂതകാലത്തെ സ്തുതിപാടിക്കൊണ്ട് നമ്മള്‍ എവിടേക്കാണ് പോവുന്നതെന്ന് എനിക്ക് മനസിലാവുന്നില്ല. പുരാതന അറിവുകള്‍ ഉപയോഗിക്കുന്നതിലാണ് യുക്തി അല്ലാതെ മറിച്ചല്ല. ഈ പേപ്പറെഴുതാന്‍ വേണ്ടി ചെയ്തിനെ കുറിച്ചോര്‍ത്ത് ഞാന്‍ ഖേദിക്കുന്നു. ആത്യന്തികമായി അതില്‍ ഒരു അര്‍ത്ഥവും ഉണ്ടെന്നു തോന്നുന്നുമില്ല. പ്രോഫസര്‍ മുകുന്ദ പറയുന്നു. എന്റെ അച്ഛനൊരു മഹാനായ മനുഷ്യനും ഞാന്‍ ഒരു സാധാരണക്കാരനും ആണെങ്കില്‍ എന്റെ അച്ഛന് മഹാനിയാരുന്നത് ഉയര്‍ത്തിപ്പിടിച്ചാല്‍ അതു കൊണ്ട് എനിക്ക് എന്ത് ചെയ്യാന്‍ കഴിയും? അതിന്റെ പിറകെ പോവുന്നതു കൊണ്ട് എന്താണര്‍ത്ഥം? അദ്ദേഹം ചോദിക്കുന്നു.