| Thursday, 2nd January 2025, 8:23 am

ഭോപ്പാൽ വാതകദുരന്തം: 40 വർഷങ്ങൾക്ക് ശേഷം ഫാക്ടറിയിൽ നിന്ന് വിഷ മാലിന്യങ്ങൾ നീക്കം ചെയ്യുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഭോപ്പാൽ: ഭോപ്പാൽ ദുരന്തത്തിന് 40 വർഷങ്ങൾക്ക് ശേഷം അപകടമുണ്ടായ ഫാക്ടറിയിൽ നിന്നും വിഷമാലിന്യങ്ങൾ നീക്കം ചെയ്യാൻ ആരംഭിച്ചതായി റിപ്പോർട്ട്. ദുരന്തമുണ്ടായതോടെ പ്രവർത്തനരഹിതമായ യൂണിയൻ കാർബൈഡ് ഫാക്ടറിയിൽ നിന്ന് ബുധനാഴ്ച രാത്രി 377 ടൺ അപകടകരമായ മാലിന്യങ്ങൾ നീക്കം ചെയ്യാൻ തുടങ്ങിയതായി ഉദ്യോഗസ്ഥർ അറിയിച്ചു.

ഭോപ്പാലിൽ നിന്ന് 250 കിലോമീറ്റർ അകലെ ധാർ ജില്ലയിലെ പിതാംപൂർ വ്യവസായ മേഖലയിലേക്കാണ് മാലിന്യം മാറ്റുന്നത്. 12 സീൽ ചെയ്ത കണ്ടെയ്‌നർ ട്രക്കുകളിലാണ് വിഷ മാലിന്യം മാറ്റിയത്.

ഭോപ്പാലിലെ യൂണിയൻ കാർബൈഡ് ഫാക്ടറിയിൽ നിന്ന് വിഷ മാലിന്യങ്ങൾ നീക്കം ചെയ്യുന്ന തൊഴിലാളികൾ കടപ്പാട്: PTI

രാത്രി ഒമ്പത് മണിയോടെയാണ് മാലിന്യവുമായി 12 കണ്ടെയ്‌നർ ട്രക്കുകൾ യാത്ര തുടങ്ങിയത്. ഏഴ് മണിക്കൂറിനുള്ളിൽ ധാർ ജില്ലയിലെ പിതാംപൂർ വ്യാവസായിക മേഖലയിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നതായി ഭോപ്പാൽ വാതക ദുരന്ത ദുരിതാശ്വാസ പുനരധിവാസ വകുപ്പ് ഡയറക്ടർ സ്വതന്ത്രകുമാർ സിങ് അറിയിച്ചു.

‘ഞായറാഴ്ച മുതൽ 30 മിനിട്ടുള്ള ഷിഫ്റ്റുകളിലായി നൂറോളം ആളുകൾ മാലിന്യം ട്രക്കുകളിൽ കയറ്റുന്ന ജോലി ചെയ്തു. മാലിന്യം മാറ്റുന്ന ജോലിക്കാരുടെ ആരോഗ്യ പരിശോധനകൾ നടത്തിയിട്ടുണ്ട്. കൂടാതെ ഓരോ 30 മിനിറ്റിലും വിശ്രമവും നൽകുന്നുണ്ട്,’ അദ്ദേഹം പറഞ്ഞു.

1984 ഡിസംബർ 2-3ന് ഇടവിട്ടുള്ള രാത്രിയിൽ യൂണിയൻ കാർബൈഡ് കീടനാശിനി ഫാക്ടറിയിൽ നിന്ന് ഉയർന്ന വിഷലിപ്തമായ മീഥൈൽ ഐസോസയനേറ്റ് (എം.ഐ.സി) വാതകം ചോർന്നു. അപകടത്തിൽ കുറഞ്ഞത് 5,479 പേരെങ്കിലും കൊല്ലപ്പെടുകയും ആയിരക്കണക്കിന് പേർക്ക് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുകയും ചെയ്തു. ലോകത്തിലെ ഏറ്റവും വലിയ വ്യാവസായിക ദുരന്തങ്ങളിൽ ഒന്നായി ഇത് കണക്കാക്കപ്പെടുന്നു.

സുപ്രീം കോടതിയുടെ നിർദേശങ്ങൾ പോലും അവഗണിച്ച് ഭോപ്പാലിലെ യൂണിയൻ കാർബൈഡ് സൈറ്റ് മാലിന്യങ്ങൾ നീക്കം ചെയ്യാത്തതിനെതിരെ മധ്യപ്രദേശ് ഹൈക്കോടതി ഡിസംബർ മൂന്നിന് അധികാരികളെ ശാസിക്കുകയും മാലിന്യം മാറ്റാൻ നാലാഴ്ചത്തെ സമയപരിധി നൽകുകയും ചെയ്തു.

നിർദേശം പാലിച്ചില്ലെങ്കിൽ സർക്കാർ കോടതിയലക്ഷ്യ നടപടി സ്വീകരിക്കുമെന്ന് ഹൈക്കോടതി ബെഞ്ച് മുന്നറിയിപ്പ് നൽകി. സാഹചര്യങ്ങൾ നല്ലതാണെങ്കിൽ മൂന്ന് മാസത്തിനകം മാലിന്യം കത്തിക്കുമെന്ന് സിങ് പറഞ്ഞു.

‘എല്ലാം ശരിയാണെന്ന് കണ്ടെത്തിയാൽ, മൂന്ന് മാസത്തിനുള്ളിൽ മാലിന്യം കത്തിക്കും. അല്ലെങ്കിൽ ഒമ്പത് മാസം വരെ എടുത്തേക്കാം,’ സിങ് പറഞ്ഞു. തുടക്കത്തിൽ, ചില മാലിന്യങ്ങൾ പിതാംപൂരിലെ മാലിന്യ നിർമാർജന യൂണിറ്റിൽ കത്തിക്കുകയും അവശിഷ്ടങ്ങൾ പരിശോധിച്ച് ദോഷകരമായ ഘടകങ്ങൾ അവശേഷിക്കുന്നുണ്ടോ എന്ന് കണ്ടെത്തുകയും ചെയ്യുമെന്നും സിങ് പറഞ്ഞു.

ഇൻസിനറേറ്ററിൽ നിന്നുള്ള പുക പ്രത്യേക നാല് പാളികളുള്ള ഫിൽട്ടറുകളിലൂടെ കടന്നുപോകുമെന്നും അതിനാൽ ചുറ്റുമുള്ള വായു മലിനമാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വിഷ മൂലകങ്ങളുടെ അംശങ്ങൾ അവശേഷിക്കുന്നില്ലെന്ന് സ്ഥിരീകരിച്ചാൽ, ചാരം രണ്ട് പാളികളുള്ള മെംബ്രൺ കൊണ്ട് മൂടുകയും മണ്ണും വെള്ളവുമായി ഒരു തരത്തിലും സമ്പർക്കം പുലർത്തുന്നില്ലെന്ന് ഉറപ്പാക്കുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിലെയും സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിലെയും ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിൽ വിദഗ്ധരുടെ ഒരു സംഘം നടപടിക്രമങ്ങൾ നടത്തുമെന്നും സിങ് പറഞ്ഞു.

2015ൽ പീതാംപൂരിൽ പരീക്ഷണാടിസ്ഥാനത്തിൽ 10 ടൺ യൂണിയൻ കാർബൈഡ് മാലിന്യം കത്തിച്ച ശേഷം ചുറ്റുമുള്ള ഗ്രാമങ്ങളിലെ മണ്ണും ഭൂഗർഭജലവും ജലസ്രോതസുകളും മലിനമായതായി ചില പ്രാദേശിക പ്രവർത്തകർ അവകാശപ്പെട്ടു. എന്നാൽ 2015ലെ ടെസ്റ്റിൻ്റെ റിപ്പോർട്ടും എല്ലാ എതിർപ്പുകളും പരിശോധിച്ചതിന് ശേഷമാണ് പിതാംപൂരിൽ മാലിന്യം സംസ്കരിക്കാൻ തീരുമാനിച്ചതെന്ന് പറഞ്ഞ് സിങ് അവകാശവാദം നിരസിച്ചു. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

1.75 ലക്ഷത്തോളം ജനസംഖ്യയുള്ള നഗരത്തിൽ യൂണിയൻ കാർബൈഡ് മാലിന്യം സംസ്കരിക്കുന്നതിനെതിരെ ഞായറാഴ്ച പിതാംപൂരിൽ നിരവധി ആളുകൾ പ്രതിഷേധ മാർച്ച് നടത്തിയിരുന്നു.

Content Highlight: 40 years after Bhopal gas disaster, toxic waste leaves Union Carbide factory for disposal

We use cookies to give you the best possible experience. Learn more