| Wednesday, 17th May 2023, 7:48 pm

ഇമ്രാന്‍ ഖാന്റെ വസതിയില്‍ ഭീകരര്‍ അഭയം തേടിയതായി റിപ്പോര്‍ട്ട്; കൈമാറാന്‍ 24 മണിക്കൂര്‍ നല്‍കി സര്‍ക്കാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഇസ്‌ലാമാബാദ്: പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ ലാഹോറിലെ വസതിയല്‍ 30-40 ഭീകരവാദികള്‍ അഭയം തേടിയതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്.

പാകിസ്ഥാനിലെ ഇടക്കാല പഞ്ചാബ് സര്‍ക്കാര്‍ ഭീകരവാദികളെ പൊലീസിന് കൈമാറാന്‍ ഇമ്രാന്‍ ഖാന്റെ പാകിസ്ഥാന്‍ തെഹ്‌രീഖ്-ഇ-ഇന്‍സാഫ് പാര്‍ട്ടിക്ക് 24 മണിക്കൂര്‍ സമയം നല്‍കി. ലാഹോറിലെ സമാന്‍ പാര്‍ക്കിലുള്ള ഇമ്രാന്‍ ഖാന്റെ വസതിയില്‍ ഭീകരര്‍ അഭയം പ്രാപിച്ചതായാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

പി.ടി.ഐ ഭീകരരെ കൈമാറണമെന്നും അല്ലാത്തപക്ഷം നിയമ നടപടി സ്വീകരിക്കുമെന്നും മന്ത്രി ആമിര്‍ മിര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഇമ്രാന്‍ ഖാന്റെ സമാന്‍ പാര്‍ക്കിലെ വസതിയില്‍ ഭീകരരുള്ളതായുള്ള ഇന്റലിജന്‍സ് സ്ഥിരീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജിയോ ഫെന്‍സിങ് വഴി ഇമ്രാന്‍ ഖാന്റെ വസതിയില്‍ ഭീകരര്‍ ഉള്ളതായി രഹസ്യാന്വേഷണ ഏജന്‍സി സ്ഥിരീകരിച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇമ്രാന്‍ ഖാന്‍ ഇവര്‍ക്ക് സൗകര്യമൊരുക്കി നല്‍കിയതായും സംശയമുണ്ടെന്ന് പൊലീസ് പറയുന്നു. ഇമ്രാന്‍ ഖാന്റെ അറസ്റ്റിന് മുന്നോടിയായി പി.ടിഐ ആക്രമണം ആസൂത്രണം ചെയ്യുന്നതായും മന്ത്രി ആരോപിച്ചു.

അതേസമയം ഇമ്രാന്‍ ഖാനെതിരെ എടുത്തിട്ടുള്ള ഒരു കേസിലും മെയ് 31 വരെ അറസ്റ്റ് ചെയ്യരുതെന്ന് പാകിസ്ഥാന്‍ കോടതി വിധിച്ചിട്ടുണ്ട്. ഇമ്രാനെതിരെയുള്ള കേസുകളുടെ വിവരം ഹാജരാക്കുന്നതിന് കൂടുതല്‍ സമയം വേണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നായിരുന്നു അദ്ദേഹത്തിന്റെ ജാമ്യം വീണ്ടും നീട്ടി നല്‍കിയത്.

Contenthighlight: 40 Terrorist holed up iside Imran khan home

We use cookies to give you the best possible experience. Learn more