നാല്‍പ്പത് മണിക്കൂര്‍ വീഡിയോഗെയിം കളിച്ച് കൗമാരക്കാരന്‍ മരിച്ചു
World
നാല്‍പ്പത് മണിക്കൂര്‍ വീഡിയോഗെയിം കളിച്ച് കൗമാരക്കാരന്‍ മരിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 19th July 2012, 11:32 am

തായ്‌വാന്‍ : നാല്‍പ്പത് മണിക്കൂര്‍ തുടര്‍ച്ചയായി വീഡിയോ ഗെയിം കളിച്ച പതിനെട്ടുകാരന്‍ മരിച്ചതായി റിപ്പോര്‍ട്ട്. ആസ്‌ട്രേലിയന്‍ അസോസിയേറ്റഡ് പ്രസ്സാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ദക്ഷിണ തായ്‌വാനില്‍ കഴിഞ്ഞ ശനിയാഴ്ച്ചയണ് സംഭവം നടന്നത്. സ്ഥലത്തെ ഒരു ഇന്റര്‍നെറ്റ് കഫേയിലെത്തിയ ഇയാള്‍ കഫേയിലിലെ പ്രൈവറ്റ് റൂമില്‍ രണ്ട് ദിവസം ഭക്ഷണം പോലും കഴിക്കാതെ ഗെയിം കളിക്കുകയായിരുന്നെന്ന് പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.[]

ഞായറാഴ്ച്ച രാവിലെ കഫേ ജീവനക്കാരന്‍ മുറി പരിശോധിച്ചപ്പോഴാണ് ഇയാള്‍ മരിച്ചതായി കണ്ടെത്തിയത്.

ബിസാര്‍ഡ് ഗെയിം ഡെവലപ്പേഴ്‌സിന്റെ ഡിയാബോ 3 എന്ന ഗെയിമാണ് ഇയാള്‍ കളിച്ചിരുന്നത്. സംഭവത്തില്‍ ബിസാര്‍ഡ്‌സ് ഖേദം രേഖപ്പെടുത്തി. ഇത്തരമൊരു സംഭവത്തില്‍ തങ്ങള്‍ക്ക് അതിയായ ദു:ഖമുണ്ടെന്നും കുടുംബാംഗങ്ങളുടേയം സുഹൃത്തുക്കളുടേയും ദു:ഖത്തില്‍ തങ്ങളും പങ്കുചേരുന്നെന്നും ബിസാര്‍ഡ്‌സ് പത്രക്കുറിപ്പില്‍ പറയുന്നു. സംഭവത്തിന്റെ വിശദാംശങ്ങള്‍ അറിയുന്നതിന് മുമ്പ് കൂടുതല്‍ പ്രതികരിക്കുന്നില്ലെന്നും ബിസാര്‍ഡ്‌സ് അറിയിച്ചു.

കുട്ടികളുടെ ഇത്തരം ശീലങ്ങളെ രക്ഷിതാക്കളാണ് ശ്രദ്ധിക്കേണ്ടതെന്നും ദൈനം ദിന ജീവിത്തില്‍ വിനോദങ്ങള്‍ക്ക് കൃത്യമായ സമയം നിശ്ചയിക്കണമെന്നും കുറിപ്പില്‍ പറയുന്നു.

ലോകത്ത് വിവിധ ഭാഗങ്ങളില്‍ ഇതിനുമുമ്പും ഇത്തരത്തിലുള്ള സംഭവങ്ങള്‍ നടന്നിട്ടുണ്ട്. തായ്‌വാനില്‍ത്തന്നെ കഴിഞ്ഞ ഫെബ്രുവരിയില്‍ 23 മണിക്കൂര്‍ തുടര്‍ച്ചയായി വീഡിയോഗെയിം കളിച്ചതിനെ തുടര്‍ന്ന് ഒരാള്‍ക്ക് ഹൃദയാഘാതം അനുഭവപ്പെട്ടിരുന്നു. 2007 ല്‍ ചൈനയില്‍ തുടര്‍ച്ചയായി മൂന്ന് ദിവസം ഗെയിം കളിച്ച് മുപ്പത് വയസ്സുകാരനും മരിച്ചിരുന്നു. സമാനമായ  സംഭവം നടന്ന മറ്റൊരു രാജ്യം ദക്ഷിണ കൊറിയയാണ്. തുടര്‍ച്ചയായി 50 മണിക്കൂര്‍ വീഡിയോഗെയിം കളിച്ച 28 വയസ്സുള്ള യുവാവും 86 മണിക്കൂര്‍ ഗെയിം കളിച്ച 24 കാരനുമാണ് ഇവിടെ മരിച്ചത്.

മരിച്ചവരില്‍ ഭൂരിഭാഗം പേരും പുരുഷന്മാരാണെന്നുള്ളതും ശ്രദ്ധേയമാണ്.