| Wednesday, 15th April 2020, 8:33 pm

'അദ്ദേഹത്തിന്റെ ജീവന്‍ രക്ഷിക്കണം'; കൊവിഡ് കാലത്ത് വരവര റാവുവിനെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്ത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഭീമ കൊറഗാവ് വിഷയത്തില്‍ അറസ്റ്റിലായ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ വരവര റാവുവിനെ ജയില്‍മോചിതനാക്കണമെന്ന് ആവശ്യപ്പെട്ട് കവികള്‍ രംഗത്ത്. ഇക്കാര്യം ആവശ്യപ്പെട്ട് രാജ്യത്തെ നാല്‍പതോളം കവികള്‍ ചേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നിവേദനം നല്‍കി.

പ്രശസ്തനായ തെലുങ്കു കവിയും എഴുത്തുകാരനുമായ റാവു പല തരത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങളുള്ള വ്യക്തിയാണെന്നും കൊവിഡ് വ്യാപന സമയത്ത് യെരവാഡ സെന്‍ട്രല്‍ ജയിലില്‍ അദ്ദേഹത്തെ താമസിപ്പിക്കുന്നത് അപകടകരമാണെന്നും നിവേദനത്തില്‍ വ്യക്തമാക്കുന്നു. വരവര റാവുവിന്റെ കുടുംബാംഗങ്ങള്‍ അദ്ദേഹത്തിന്റെ ആരോഗ്യ കാര്യങ്ങളെക്കുറിച്ച് പലതവണ ആശങ്ക അറിയിച്ചിരുന്നെങ്കിലും അധികൃതര്‍ നടപടികള്‍ സ്വീകരിക്കാന്‍ തയ്യാറായിരുന്നില്ല.

ഗുല്‍സാര്‍, അശോക് വാജ്‌പേയ്, സച്ചിദാനന്ദന്‍, കേകി എം ധാരുവല്ല, ജീത് തയ്യില്‍, മീര കന്ദസ്വാമി തുടങ്ങിയവര്‍ ചേര്‍ന്നാണ് നിവേദനം തയ്യാറാക്കിയിരിക്കുന്നത്.

ജയിലില്‍ റാവുവിന്റെ ആരോഗ്യ നില മോശമാണെന്ന് ഇതേ കേസില്‍ തടവില്‍ കഴിയുന്നവര്‍ തങ്ങളെ അറിയിച്ചെന്നും കവികള്‍ നിവേദനത്തില്‍ പറഞ്ഞു. ‘അതുകൊണ്ട്, ഇന്ത്യയുടെ വിവിധ ഭാഗത്തുനിന്നുള്ള കവികളായ ഞങ്ങള്‍, പ്രധാനമന്ത്രി നരേന്ദ്രമോദിയോട് വരവര റാവുവിനെ എത്രയും പെട്ടന്ന് ജയില്‍ മോചിതനാക്കണമെന്നും അദ്ദേഹത്തിന്റെ ജീവന്‍ രക്ഷിക്കണമെന്നും അപേക്ഷിക്കുകയാണ്’, നിവേദനത്തില്‍ പറയുന്നു.

കേസില്‍ അറസ്റ്റിലായ മറ്റ് തടവുകാരെയും മോചിപ്പിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും കവികള്‍ ആവശ്യപ്പെട്ടു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more