മുസാഫിര്‍ നഗര്‍ കലാപം: രജിസ്റ്റര്‍ ചെയ്ത 41 കേസുകളില്‍ 40ലും പ്രതികളെ വെറുതെ വിട്ടു; വെറുതെ വിട്ടത് മുസ്‌ലീങ്ങള്‍ ആക്രമിക്കപ്പെട്ട കേസുകളിലെ പ്രതികളെ
ന്യൂദല്‍ഹി: മുസാഫിര്‍ നഗര്‍ കലാപവുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത 41 കേസുകളില്‍ 40 കേസുകളിലും പ്രതികളെ വെറുതെ വിട്ടെന്ന് കണ്ടെത്തല്‍. ഇന്ത്യന്‍ എക്‌സ്പ്രസാണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്. പ്രതികളെ വെറുതെ വിട്ട എല്ലാ കേസുകളും മുസ്‌ലീങ്ങള്‍ക്കെതിരായ ആക്രമണവുമായി ബന്ധപ്പെട്ടതാണ്.
അഖിലേഷ് യാദവ് സര്‍ക്കാറിന്റെ കാലത്താണ് ഈ കേസുകളെല്ലാം രജിസ്റ്റര്‍ ചെയ്തതും അന്വേഷണം ആരംഭിച്ചതും. വിചാരണ നടന്നത് അഖിലേഷിന്റെ കാലത്തും നിലവിലെ ബി.ജെ.പി സര്‍ക്കാറിന്റെ കാലത്തുമായാണ്.
2013 ആഗസ്റ്റ് 2013ന് കാവല്‍ ഗ്രാമത്തില്‍ ഗൗരവ്, സച്ചിന്‍ എന്നിവരുടെ കൊലപാതകവുമായി ബന്ധപ്പെട്ട കേസില്‍ മാത്രമാണ് പ്രതികള്‍ ശിക്ഷിക്കപ്പെട്ടത്. പ്രതികളായ മുസമ്മില്‍, മുജാസിന്‍, ഫര്‍കാന്‍, നദീം, ജാനഗിര്‍, അഫ്‌സല്‍, ഇഖ്ബാല്‍ എന്നിവര്‍ക്ക് ജീവപര്യന്തം തടവുശിക്ഷ ലഭിച്ചിരുന്നു.
65 പേരുടെ കൊലപാതകത്തിലേക്ക് നയിച്ച 2013ലെ മുസാഫിര്‍ നഗര്‍ കലാപവുമായി ബന്ധപ്പെട്ട് 10 കൊലപാതക കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ പത്തുകേസുകളിലും പ്രതികളെ വെറുതെ വിട്ടു. കൂട്ടബലാത്സംഗവുമായി ബന്ധപ്പെട്ട് നാലു കേസുകളുടെയും കലാപമുണ്ടാക്കലുമായി ബന്ധപ്പെട്ട 26 കേസുകളുടെയും കാര്യത്തില്‍ ഇതുതന്നെയാണ് സംഭവിച്ചത്.
ഈ കേസുകളില്‍ അപ്പീല്‍ നല്‍കാന്‍ ഉദ്ദേശിക്കുന്നില്ലെന്നാണ് യു.പി സര്‍ക്കാര്‍ പറഞ്ഞത്. ‘ 2013ലെ മുസാഫിര്‍ നഗര്‍ കലാപവുമായി ബന്ധപ്പെട്ട ഒരു കേസിലും ഞങ്ങള്‍ അപ്പീല്‍ ഫയല്‍ ചെയ്യുന്നില്ല. കാരണം എല്ലാ കേസുകളിലും പ്രധാന സാക്ഷി കൂറുമാറിയതായി കോടതി പ്രഖ്യാപിച്ചതാണ്. പ്രോസിക്യൂഷന്റെ കണ്ടെത്തല്‍ അവര്‍ സ്ഥിരീകരിച്ചിട്ടില്ല. സാക്ഷികളുടെ മൊഴികളുടെ അടിസ്ഥാനത്തിലാണ് പ്രതികള്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചത്.’ മുസാഫിര്‍നഗര്‍ ജില്ലാ സര്‍ക്കാര്‍ കൗണ്‍സില്‍ ദുഷ്യന്ത് ത്യാഗി പറഞ്ഞു.