| Sunday, 12th August 2018, 9:31 am

മുസാഫര്‍പൂര്‍ ഷെല്‍ട്ടര്‍ ഹോം: മുഖ്യപ്രതി ജയിലിലും സ്വതന്ത്രന്‍; കൈയില്‍ നിന്നും കണ്ടെടുത്തത് മന്ത്രിയുടേതടക്കം 40 ഉന്നതരുടെ നമ്പറുകള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

പാറ്റ്‌ന: മുസാഫര്‍പൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവിലുള്ള ഷെല്‍ട്ടര്‍ ഹോം ബലാത്സംഗക്കേസിലെ മുഖ്യപ്രതി ബ്രിജേഷ് ഠാക്കൂറിന്റെ കൈയില്‍ നിന്നും കണ്ടെടുത്തത് 40 പേരുകളും മൊബൈല്‍ നമ്പറുകളുമടങ്ങുന്ന ലിസ്റ്റ്. ഇവയിലൊന്ന് മന്ത്രിയുടേതാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.

സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ജയിലുകളില്‍ നടത്തിയ മിന്നല്‍ പരിശോധനയുടെ ഭാഗമായാണ് ബ്രിജേഷിന്റെ പക്കല്‍ നിന്നും സ്വന്തം കൈപ്പടയിലെഴുതിയ രണ്ടു പേജുകള്‍ പിടിച്ചെടുത്തത്. ഉന്നതരടക്കം 40 പേരുടെ നമ്പറുകള്‍ കൈയില്‍ കൊണ്ടുനടക്കുന്നതിനര്‍ത്ഥം ബ്രിജേഷ് ഇപ്പോഴും അധികാരകേന്ദ്രങ്ങളില്‍ ചരടുവലികള്‍ നടത്തുന്നുണ്ടെന്നാണെന്ന് അധികൃതര്‍ പറയുന്നു.

ഉന്നതരുടെ നമ്പറുകളടങ്ങിയ ലിസ്റ്റ് സീല്‍ ചെയ്ത് കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി സി.ബി.ഐക്ക് അയച്ചിട്ടുണ്ട്. ജൂണ്‍ 2ന് അറസ്റ്റിലായ ബ്രിജേഷിനെ കൂടുതല്‍ ചോദ്യം ചെയ്യലിനിടം നല്‍കാതെ അന്നു തന്നെ ജയിലിലേക്ക് അയയ്ക്കുകയായിരുന്നു.

Also Read: “അമിത് ഷായ്ക്ക് മുന്നില്‍ മുട്ടിലിഴഞ്ഞ് ദേശീയമാധ്യമങ്ങള്‍”; അമിത് ഷായ്ക്കും മകനുമെതിരായ കാരവന്‍ റിപ്പോര്‍ട്ട് വാര്‍ത്തയാക്കാതെ മുക്കി

ബ്രിജേഷിന്റെ പക്കല്‍ മൊബൈല്‍ ഫോണ്‍ ഉണ്ടായിരുന്നില്ലെന്നും എങ്ങനെയാണ് ഇയാള്‍ കൈയിലുള്ള നമ്പറുകളിലേക്ക് കോളുകള്‍ ചെയ്തിരുന്നതെന്നും വ്യക്തമല്ല. ജയില്‍ സൂപ്രണ്ടിന്റെ ഓഫീസിലെ ഫോണുകളിലൊന്ന് ഉപയോഗിച്ചതാകാമെന്നും, ആരുടെയെങ്കിലും മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചിരിക്കാമെന്നും അഭ്യൂഹങ്ങളുണ്ട്.

പരിശോധനയ്ക്കായി പൊലീസ് എത്തിയപ്പോള്‍ ബ്രിജേഷ് സെല്ലില്‍ ഉണ്ടായിരുന്നില്ല. തടവുകാരെ കാണാനെത്തുന്നവര്‍ക്കായുള്ള സന്ദര്‍ശകമുറിയിലായിരുന്നു അദ്ദേഹം.

മുസാഫര്‍പൂരില്‍ പെണ്‍കുട്ടികള്‍ ബലാത്സംഗത്തിനിരയായ ഷെല്‍ട്ടര്‍ ഹോമിന്റെ നടത്തിപ്പുകാരനായിരുന്നു ബ്രിജേഷ് ഠാക്കൂര്‍. കൊടിയ മര്‍ദ്ദനത്തിനു പീഡനത്തിനുമാണ് ഷെല്‍ട്ടര്‍ ഹോമിലെ പെണ്‍കുട്ടികള്‍ കഴിഞ്ഞ നാലു വര്‍ഷങ്ങളായി ഇരയായിക്കൊണ്ടിരുന്നത്. സി.ബി.ഐ അന്വേഷിച്ചു കൊണ്ടിരിക്കുന്ന കേസ് സംസ്ഥാനത്തെ രാഷ്ട്രീയാന്തരീക്ഷത്തില്‍ വലിയ കോളിളക്കങ്ങളാണ് സൃഷ്ടിച്ചത്.

We use cookies to give you the best possible experience. Learn more