| Wednesday, 22nd December 2021, 10:30 am

മമ്മൂട്ടിയുടെ 40 ഏക്കര്‍ പിടിച്ചെടുക്കില്ല; ഉത്തരവ് റദ്ദുചെയ്ത് മദ്രാസ് ഹൈക്കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: നടന്മാരായ മമ്മൂട്ടിയുടെയും മകന്‍ ദുല്‍ഖര്‍ സല്‍മാന്റെയും ഉടമസ്ഥതയിലുള്ള ചെന്നൈയ്ക്കടുത്തുള്ള ചെങ്കല്‍പ്പെട്ടിലെ സ്ഥലം സംരക്ഷിത വനഭൂമിയായി പ്രഖ്യാപിച്ച തമിഴ്നാട് ലാന്‍ഡ് അഡ്മിനിസ്ട്രേഷന്‍ കമ്മീഷന്റെ ഉത്തരവ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി. ചെങ്കല്‍പ്പെട്ടിലെ കറുഗുഴിപള്ളം എന്ന സ്ഥലത്ത് 40 ഏക്കര്‍ സ്ഥലമാണ് മമ്മൂട്ടിക്കും ദുല്‍ഖറിനുമുള്ളത്.

ഭൂമി വാങ്ങിയ കേസില്‍ മമ്മൂട്ടിക്കും ദുല്‍ഖര്‍ സല്‍മാനും കുടുംബത്തിനുമെതിരെ നടപടിയെടുക്കുന്നത് നേരത്തെ തന്നെ താല്‍ക്കാലികമായി മദ്രാസ് ഹൈക്കോടതി തടഞ്ഞിരുന്നു.

ചെങ്കല്‍പട്ട് ജില്ലയിലെ കറുഗുഴിപള്ളം ഗ്രാമത്തില്‍ മമ്മൂട്ടിയുടെയും കുടുംബത്തിന്റെയും പേരിലുള്ള 40 ഏക്കര്‍ ഭൂമി ചതുപ്പ് നിലമാണെന്ന് ആരോപിച്ച് പിടിച്ചെടുക്കാനുള്ള ലാന്‍ഡ് അഡ്മിനിസ്‌ട്രേഷന്‍ കമ്മീഷന്റെ നടപടിയാണ് കോടതി നിര്‍ത്തിവെച്ചത്.

കേസില്‍ മമ്മൂട്ടിക്കും കുടുംബത്തിനും ഇടക്കാല സംരക്ഷണം നല്‍കണമെന്നും ജസ്റ്റിസ് സി.വി. കാര്‍ത്തികേയന്‍ പറഞ്ഞിരുന്നു.

1997ല്‍ കപാലി പിള്ള എന്നയാളില്‍നിന്നാണ് സ്ഥലം വാങ്ങിയത്. 2007ലാണ് ലാന്‍ഡ് അഡ്മിനിസ്ട്രേഷന്‍ സംരക്ഷിത വനഭൂമിയായി പ്രഖ്യാപിച്ചത്. ഉത്തരവിനെതിരെ അതേവര്‍ഷം മദ്രാസ് ഹൈക്കോടതിയില്‍നിന്ന് മമ്മൂട്ടി അനുകൂല വിധിയും നേടിയിരുന്നു.

എന്നാല്‍, ഹൈക്കോടതി ഉത്തരവ് സ്വമേധയാ പുനഃപരിശോധിച്ച് ഭൂമി പിടിച്ചെടുക്കാന്‍ 2020 മേയ് മാസത്തില്‍ കമ്മീഷണര്‍ ഓഫ് ലാന്‍ഡ് അഡ്മിനിട്രേഷന്‍ നീക്കം തുടങ്ങിയതോടെ മമ്മൂട്ടി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

ഹരജി ചൊവ്വാഴ്ച വീണ്ടും പരിഗണനയ്ക്ക് വന്നപ്പോഴാണ് ലാന്‍ഡ് അഡ്മിനിസ്ട്രേഷന്റെ ഉത്തരവ് പൂര്‍ണമായി റദ്ദാക്കിക്കൊണ്ട് ജസ്റ്റിസ് ഇളന്തിരിയന്‍ ഉത്തരവിട്ടത്.

കേസ് ചൊവ്വാഴ്ച വാദം കേട്ടപ്പോള്‍ ലാന്‍ഡ് അഡ്മിനിസ്ട്രേഷന്റെ നടപടി ശരിവെച്ചുകൊണ്ട് സര്‍ക്കാര്‍ അഭിഭാഷകന്‍ വാദിച്ചു. സ്വകാര്യസ്ഥലമാണ് മമ്മൂട്ടിയും ദുല്‍ഖറും വാങ്ങിയതെന്ന് അവര്‍ക്കുവേണ്ടി ഹാജരായ അഭിഭാഷകനും വാദിച്ചു. ഇതിന് പിന്നാലെയാണ് ജസ്റ്റിസ് ലാന്‍ഡ് അഡ്മിനിസ്ട്രേഷന്റെ ഉത്തരവ് പൂര്‍ണമായും റദ്ദാക്കി ഉത്തരവിട്ടത്.

അതേസമയം, മമ്മൂട്ടിയുടെയും ദുല്‍ഖറിന്റെയും വിശദീകരണം കേട്ട് കമ്മിഷണര്‍ ഓഫ് ലാന്‍ഡ് അഡ്മിനിസ്ട്രേഷന് 12 ആഴ്ചയ്ക്കുള്ളില്‍ പുതിയ ഉത്തരവിറക്കാമെന്നും കോടതി വ്യക്തമാക്കി.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlights: Madras High Court has quashed the order to seize Actor Mammootty’s land in Chennai

We use cookies to give you the best possible experience. Learn more