ഗസ: ഗസയിലെ മാനുഷിക മേഖലയായി കണക്കാക്കിയ അല്‍ മവാസിയില്‍ ഇസ്രഈല്‍ നടത്തിയ ആക്രമണത്തില്‍ 40 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ആക്രമണത്തില്‍ 20 ടെന്റുകള്‍ നശിച്ചതായും 60ലേറേ പേര്‍ക്ക് പരിക്കേറ്റതായും എ.എഫ്.പി റിപ്പോര്‍ട്ട് ചെയ്തു. അഞ്ചോളം റോക്കറ്റുകള്‍ മാനുഷിക മേഖലയിലെ ടെന്റുകള്‍ക്ക് മേലെ പതിച്ചാണ് അപകടം ഉണ്ടായതെന്ന് ദൃക്സാക്ഷികള്‍ പറയുന്നു.
എന്നാല്‍ മാനുഷിക മേഖലയില്‍ ഹമാസിന്റെ കമാന്‍ഡ് സെന്റര്‍ പ്രവര്‍ത്തിച്ചിരുന്നതെന്നും അതിനാലാണ് ആക്രമണം നടത്തിയതെന്നുമാണ് ഈ വിഷയത്തില്‍ ഇസ്രഈല്‍ നല്‍കുന്ന വിശദീകരണം. കൂടാതെ കൃത്യമായ ആയുധങ്ങളും വ്യോമ നിരീക്ഷണ സംവിധാനങ്ങളും ഉപയോഗിച്ച് രഹസ്യവിവരങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ ഓപ്പറേഷനില്‍ സാധാരണ ജനങ്ങള്‍ക്ക് അപകടം പറ്റാതിരിക്കുവാനുള്ള നടപടികള്‍ എല്ലാം സ്വീകരിച്ചിരുന്നെന്ന് ഇസ്രഈല്‍ അറിയിച്ചതായി മിഡില്‍ ഈസ്റ്റ് ഐ റിപ്പോര്‍ട്ട് ചെയ്തു.
എന്നാല്‍ ഇസ്രഈലിന്റെ ഈ ന്യായീകരണങ്ങള്‍ നുണയാണെന്ന് പറഞ്ഞ ഹമാസ് മാനുഷിക മേഖലയില്‍ ഹമാസ് കമാന്‍ഡ് സെന്റര്‍ ഉണ്ടെന്ന ഇസ്രഈലിന്റെ അവകാശവാദം തെറ്റാണെന്നും കൂട്ടിച്ചേര്‍ത്തു.
അതേസമയം അല്‍ മവാസിയില്‍ നടന്ന ആക്രമണം ഇസ്രഈല്‍ ഗസ യുദ്ധം ആരംഭിച്ചത് മുതലുള്ള ഏറ്റവും വലിയ കൂട്ടക്കുരുതിയാണെന്ന് ഗസ സിവില്‍ ഡിഫന്‍സ് പ്രതികരിച്ചു.
ഗസയിലേക്കുള്ള ഇസ്രഈല്‍ അധിനിവേശത്തിന് ശേഷം ഏകദേശം 2.3 മില്യണ്‍ ഫലസ്തീന്‍ പൗരന്മാര്‍ക്കാണ് സ്വന്തം വീട് ഉപേക്ഷിച്ച് പലായനം ചെയ്യേണ്ടി വന്നത്. ഇവരില്‍ ഭൂരിഭാഗം പേരും ഇസ്രഈല്‍ (humanitarian zone) മാനുഷിക മേഖലയായി പ്രഖ്യാപിച്ച ഇടങ്ങളിലേക്കായിരുന്നു കുടിയേറിയത്. എന്നാല്‍ യുദ്ധത്തിലെ ഓരോ ദിവസം കഴിയുന്തോറും മാനുഷിക മേഖലയായി കണക്കാക്കപ്പെടുന്ന പ്രദേശത്തിന്റെ വിസ്തൃതി കുറയുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
യുദ്ധം ആരംഭിക്കുന്നതിന് മുമ്പ്, ഗസയുടെ മൊത്തം വിസ്തൃതിയുടെ 63 ശതമാനവും മാനുഷിക മേഖലകളായിരുന്നു. 230 ചതുരശ്ര കിലോമീറ്ററിലും 120 ചതുരശ്ര കിലോമീറ്ററിലുമായി വ്യാപിച്ചുകിടക്കുന്ന കാര്‍ഷിക ഭൂമിയും വാണിജ്യ, സാമ്പത്തിക, സേവന സൗകര്യങ്ങളും ഉള്‍പ്പെട്ടതായിരുന്നു ഈ പ്രദേശം.
ഇസ്രഈല്‍ സൈന്യം ഖാന്‍ യൂനുസില്‍ നടത്തിയ അധിനിവേശത്തെ തുടര്‍ന്ന് പ്രദേശത്തെ മാനുഷിക മേഖല 140 ചതുരശ്ര കിലോമീറ്ററായി കുറഞ്ഞു. ഇത് ഗസയുടെ മൊത്തം വിസ്തൃതിയുടെ 38.3 ശതമാനമാണ്. കാര്‍ഷിക-വാണിജ്യ മേഖലകളാണ് ഇതില്‍ ഉള്‍പ്പെടുന്നത്. 2023 ഡിസംബറിലാണ് ഖാന്‍ യൂനുസിലേക്ക് ഇസ്രഈല്‍ അധിനിവേശം ആരംഭിച്ചത്.
സുരക്ഷിതമായ ഇടമെന്ന് ഇസ്രഈലി ഭരണകൂടം പ്രഖ്യാപിച്ച ഗാസയിലെ അതിര്‍ത്തി നഗരമായിരുന്നു റഫ. എന്നാല്‍ റഫയില്‍ നടത്തിയ നുഴഞ്ഞുകയറ്റത്തില്‍ ഗസയുടെ മൊത്തം വിസ്തൃതിയുടെ 20 ശതമാനം മാനുഷിക മേഖലയാണ് വാസയോഗ്യമല്ലാതായത്. റഫയിലെ 79 ചതുരശ്ര കിലോമീറ്റര്‍ വരുന്ന മാനുഷിക മേഖലയാണ് 2024 മെയില്‍ ഇസ്രഈല്‍ ആരംഭിച്ച അധിനിവേശത്തില്‍ ഇല്ലാതായത്.
ഓഗസ്റ്റ് പകുതിയോടെ ഗസയിലെ മാനുഷിക മേഖല വെറും 35 ചതുരശ്ര കിലോമീറ്ററായി (13.5 ചതുരശ്ര മൈല്‍) ചുരുങ്ങി. അതായത് ഗസയുടെ മൊത്തം വിസ്തൃതിയുടെ 9.5 ശതമാനത്തിലേക്കാണ് സുരക്ഷിത മേഖല ചുരുങ്ങിയത്.
Content Highlight: 40 killed in Israeli attack on Gaza ‘humanitarian zone’