| Wednesday, 12th June 2024, 2:41 pm

കുവൈത്ത് മംഗേഫിലെ ഫ്ളാറ്റിൽ തീപിടിത്തം; മലയാളികള്‍ ഉള്‍പ്പെടെ 41 മരണം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കുവൈത്ത് സിറ്റി: കുവൈത്ത് മംഗേഫിലെ ഫ്ളാറ്റിന് തീപിടിച്ച് 41 മരണം. തീപിടിത്തത്തില്‍ അഞ്ച് മലയാളികള്‍ ഉള്‍പ്പെടെ 41 പേര്‍ മരണപ്പെട്ടതായി കുവൈത്ത് സ്റ്റേറ്റ് മീഡിയ റിപ്പോര്‍ട്ട് ചെയ്തു. അപകടത്തില്‍പെട്ട ഏഴ് പേരുടെ നില ഗുരുതരമാണ്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പുലര്‍ച്ചെ 4.30 ഓടെയാണ് സംഭവം.

മലയാളികളുടെ ഉടമസ്ഥതയിലുള്ള ഫ്ളാറ്റിലാണ് തീപിടിത്തമുണ്ടായത്. മലയാളി ഉടമയായ എന്‍.ബി.ടി.സി ഗ്രൂപ്പിന്റേതാണ് ഫ്ളാറ്റ്. പൊള്ളലേറ്റും പുക ശ്വസിച്ചും ഫ്‌ലാറ്റില്‍ നിന്ന് ചാടി രക്ഷപ്പെടാന്‍ ശ്രമിച്ചവരുമാണ് മരണപ്പെട്ടത്. ആറ് നില ഫ്ളാറ്റിന്റെ താഴത്തെ നിലയിലാണ് തീപിടിച്ചത്. താഴത്തെ നിലയിലെ അടുക്കളയില്‍ നിന്ന് പടര്‍ന്ന തീ 4.30 ഓടെ മറ്റു നിലകളിലേക്ക് പടര്‍ന്നുപിടിക്കുകയായിരുന്നു.

അഗ്‌നിബാധ നിയന്ത്രണ വിധേയമാണ്. രക്ഷാപ്രവര്‍ത്തനം തുടരുകയുമാണ്. മലയാളികള്‍ ഉള്‍പ്പെടെ 195 പേരാണ് ഈ ഫ്ളാറ്റില്‍ താമസിക്കുന്നത്. കെട്ടിടത്തിന്റെ നാല്, അഞ്ച് നിലയിലുള്ളവരെയാണ് അഗ്‌നിബാധ കൂടുതല്‍ ബാധിച്ചതെന്നാണ് വിലയിരുത്തല്‍. ഫ്‌ളാറ്റിലെ മുഴുവന്‍ ആളുകളെയും സ്ഥലത്ത് നിന്ന് ഒഴിപ്പിച്ചതായും താമസക്കാര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

മരണപ്പെട്ട ഇന്ത്യക്കാർ കാസർഗോഡ്, തമിഴ്‌നാട്, ഉത്തരേന്ത്യ സ്വദേശികളാണെന്നാണ് സൂചന. അപകടം ഞെട്ടിപ്പിക്കുന്നതാണെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ പ്രതികരിച്ചു. സ്ഥലത്തെ ഇന്ത്യക്കാർ എംബസിയുമായി ബന്ധപ്പെടണമെന്നും അദ്ദേഹം നിർദേശം നൽകി. അപകടത്തിൽ അനുവദിച്ചതിലധികം ആളുകളെ ഫ്ളാറ്റിൽ താമസിപ്പിച്ചുവെന്ന് ആഭ്യന്തര മന്ത്രി അമിത് ഷായും പ്രതികരിച്ചു.

തീപിടിത്തത്തിൽ കമ്പനി ഉടമ, കെട്ടിട ഉടമ എന്നിവരെ കസ്റ്റഡിയിലെടുക്കാൻ കുവൈത്ത് ആഭ്യന്തര മന്ത്രാലയം നിർദേശം നൽകിയിട്ടുണ്ട്.

Content Highlight: 40 killed in flat fire in Mangef, Kuwait

Latest Stories

We use cookies to give you the best possible experience. Learn more