|

ആഗോള ജനസംഖ്യയിൽ 40% പേർക്കും അവർക്ക് മനസിലാകുന്ന ഭാഷയിൽ വിദ്യാഭ്യാസം ലഭിക്കുന്നില്ല; യുനെസ്കോ

ഡൂള്‍ന്യൂസ് ഡെസ്‌ക്

പാരീസ്: ആഗോള ജനസംഖ്യയിൽ 40% പേർക്കും അവർക്ക് മനസിലാകുന്ന ഭാഷയിൽ വിദ്യാഭ്യാസം ലഭിക്കുന്നില്ലെന്ന് യുനെസ്കോ. ലോകമെമ്പാടുമുള്ള നാൽപ്പത് ശതമാനം ആളുകൾക്ക് അവർ സംസാരിക്കുകയും നന്നായി മനസിലാക്കുകയും ചെയ്യുന്ന ഭാഷയിലല്ല വിദ്യാഭ്യാസം ലഭിക്കുന്നതെന്ന് റിപ്പോർട്ട് യുനെസ്കോ പുറത്ത് വിട്ടു. പുറത്ത് വിട്ട റിപ്പോർട്ട് അനുസരിച്ച് പല വികസ്വര, അവികസിത രാജ്യങ്ങളിൽ, ഈ കണക്ക് 90% ആയി ഉയരുന്നു.

ഇത് കാൽ ബില്യണിലധികം പഠിതാക്കളെ സാരമായി ബാധിക്കുന്നതായി യുനെസ്കോയുടെ ഗ്ലോബൽ എഡ്യൂക്കേഷൻ മോണിറ്ററിങ് (GEM) ടീം പറഞ്ഞു. മാതൃഭാഷയുടെ പങ്കിനെക്കുറിച്ചുള്ള രാജ്യങ്ങളുടെ ധാരണ വർധിച്ചുവരുന്നുണ്ടെങ്കിലും, നയരൂപീകരണത്തിൽ ഇപ്പോഴും മാതൃഭാഷക്ക് പരിമിതമായ സ്ഥാനമാണുള്ളത്.

അധ്യാപകർക്ക് വിദ്യാർത്ഥികളുടെ മാതൃഭാഷകൾ ഉപയോഗിക്കാൻ അറിയാത്തത്‌, മാതൃഭാഷകളിൽ പഠന മെറ്റീരിയലുകളുടെ ലഭ്യതക്കുറവ്, മാതൃഭാഷയോടുള്ള സമൂഹത്തിന്റെ എതിർപ്പ് എന്നിവ വലിയ പ്രശ്നമാണെന്ന് യുനെസ്‌കോ കൂട്ടിച്ചേർത്തു.

കാൽ ബില്യണിലധികം പഠിതാക്കളെ ഇത് ബാധിച്ചിട്ടുണ്ടെന്ന് ജി.ഇ.എം ഉദ്യോഗസ്ഥർ പറഞ്ഞു, എല്ലാ പഠിതാക്കൾക്കും പ്രയോജനപ്പെടുന്ന വിദ്യാഭ്യാസ സംവിധാനങ്ങൾ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ ബഹുഭാഷാ വിദ്യാഭ്യാസ നയങ്ങളും രീതികളും നടപ്പിലാക്കാൻ രാജ്യങ്ങളോട് അവർ ശുപാർശ ചെയ്തു.

‘ഭാഷാ പ്രാധാന്യം: ബഹുഭാഷാ വിദ്യാഭ്യാസത്തെക്കുറിച്ചുള്ള ആഗോള മാർഗനിർദേശം’ എന്ന തലക്കെട്ടിൽ ഒരു റിപ്പോർട്ട് തയ്യാറാക്കിയ യുനെസ്കോ, കുടിയേറ്റം വർധിക്കുന്നതിനനുസരിച്ച്, ഭാഷാ വൈവിധ്യം വർധിക്കുകയാണെന്നും വ്യത്യസ്ത ഭാഷാ പശ്ചാത്തലങ്ങളിൽ നിന്നുള്ള പഠിതാക്കളുള്ള ക്ലാസ് മുറികൾ കൂടുമെന്നും അഭിപ്രായപ്പെട്ടു. 31 ദശലക്ഷത്തിലധികം കുടിയിറക്കപ്പെട്ട യുവാക്കൾ വിദ്യാഭ്യാസത്തിൽ ഭാഷാ തടസങ്ങൾ നേരിടുന്നുവെന്നും യുനെസ്കോ പറഞ്ഞു. അന്താരാഷ്ട്ര മാതൃഭാഷാ ദിനത്തിന്റെ 25-ാം വാർഷികത്തിലാണ് ഈ റിപ്പോർട്ട് തയാറാക്കിയത്.

‘ഇന്ന് ലോകമെമ്പാടുമുള്ള 40 ശതമാനം ആളുകൾക്ക് അവർ സംസാരിക്കുകയും നന്നായി മനസിലാക്കുകയും ചെയ്യുന്ന ഭാഷയിൽ വിദ്യാഭ്യാസം ലഭ്യമല്ല. വികസ്വര, അവികസിത രാജ്യങ്ങളിൽ ഈ കണക്ക് 90 ശതമാനമായി ഉയരുന്നു. കാൽ ബില്യണിലധികം പഠിതാക്കളെ ഇത് ബാധിക്കുന്നു.
ഈ ദശാബ്ദത്തിൽ, യുവാക്കളുടെ ജീവിതത്തിൽ സാങ്കേതികവിദ്യയുടെ വ്യാപകമായ സ്വാധീനം മാത്രമല്ല ഉള്ളത്. കൊവിഡ് -19 ന്റെ ആഘാതവും ഉണ്ട്. വായനയിലും ഗണിതത്തിലും പഠന നിലവാരം കുത്തനെ ഇടിഞ്ഞു എന്നതാണ് ആദ്യം ശ്രദ്ധിക്കേണ്ട കാര്യം,’ ജി.ഇ.എം ടീമിലെ ഒരു മുതിർന്ന അംഗം പറഞ്ഞു.

Content Highlight: 40% global population doesn’t have access to education in language they understand: UNESCO

Latest Stories