ഗുവാഹതി: ആസമില്‍ കഴിഞ്ഞ 100 ദിവസത്തിനുള്ളില്‍ ചരിഞ്ഞത് 40 കാട്ടാനകളെന്ന് റിപ്പോര്‍ട്ട്. ട്രെയിന്‍ അപകടം, വൈദ്യുതാഘാതം, കിടങ്ങുകളില്‍ വീണുള്ള അപകടം, വിഷബാധ തുടങ്ങിയ കാരണങ്ങളാലാണ് ആനകള്‍ കൊല്ലപ്പെട്ടത്.
കാടുകളില്‍ നിന്ന് ഭക്ഷണം തേടി നാട്ടിലേക്കെത്തുന്ന ആനകളെ നേരിടുന്നതിന് വേണ്ടി മനുഷ്യന്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളുടെ ഫലമായാണ് ആനകള്‍ കൊല്ലപ്പെടാന്‍ ഇടയാകുന്നതെന്ന് ഇതുമായി ബന്ധപ്പെട്ട പഠനം നടത്തുന്ന പരിസ്ഥിതി സംരക്ഷണ സംഘടനയായ ആര്യനായക് അറിയിച്ചു.
ആസമിന്റെ ഔദ്യോഗിക മൃഗമായ കാണ്ടാമൃഗത്തെ കൊല്ലുന്നതിന് ജനങ്ങള്‍ക്കിടയില്‍ നല്ല പ്രതിഷേധമുണ്ടാകാറുണ്ട്. എന്നാല്‍ കാട്ടാനകള്‍ക്കെതിരെ നടക്കുന്ന ആക്രമണങ്ങളില്‍ സര്‍ക്കാരോ പൊതുജനങ്ങളോ കാര്യമായി പ്രതികരിക്കാറില്ലെന്ന് ആര്യനായകിന്റെ ജനറല്‍ സെക്രട്ടറി ബിഭാബ് താലൂക്ദാര്‍ പറയുന്നു.
വലിയ തോതിലുള്ള വനനശീകരണം മൂലം ആനകളുടെ ആവാസവ്യസ്ഥയ്ക്ക് നാശം സംഭവിച്ചിട്ടുണ്ട്. ആനകള്‍ വലിയ തോതില്‍ കൊല്ലപ്പെടുക കൂടി ചെയ്യുന്നത് ആനകളുടെ നിലനില്‍പ്പിനു തന്നെ ഭീഷണിയാകുമെന്നാണ് പരിസ്ഥിതി സ്നേഹികള്‍ ചൂണ്ടിക്കാണിക്കുന്നു.
ദേശീയോദ്യാനങ്ങള്‍ സംരക്ഷിക്കപ്പെടുന്നതു പോലെ ആന സംരക്ഷണ കേന്ദ്രങ്ങളില്‍ കാര്യമായ ഇടപെടലുകള്‍ നടത്താന്‍ അധികൃതര്‍ ശ്രമിക്കുന്നില്ലെന്നതിന്റെ തെളിവാണ് ആനകള്‍ കൂട്ടത്തോടെ ചരിയുന്നതില്‍ നിന്ന് മനസിലാക്കാനാവുന്നതെന്ന് ആര്യനായക് അധികൃതര്‍ പറയുന്നു.