| Monday, 6th November 2023, 10:39 pm

40 കോടി രൂപയുടെ ബാങ്ക് തട്ടിപ്പ്; ജസ്വന്ത് സിങ് ഗജ്ജന്‍ മജ്ര ഇ.ഡി കസ്റ്റഡിയില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചണ്ഡീഗഡ്: 40 കോടി രൂപയുടെ ബാങ്ക് തട്ടിപ്പ് കേസില്‍ പഞ്ചാബിലെ ആംആദ്മിയുടെ നിയമസഭാംഗം ജസ്വന്ത് സിങ് ഗജ്ജന്‍ മജ്രയെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. പഞ്ചാബിലെ ഒരു പൊതുയോഗത്തില്‍ നിന്നാണ് അന്വേഷണ ഏജന്‍സി ഉദ്യോഗസ്ഥര്‍ ജസ്വന്ത് സിങ്ങിനെ അറസ്റ്റ് ചെയ്തത്.

ആംആദ്മി എം.എല്‍.എയെ മൂന്ന് തവണ അന്വേഷണ ഏജന്‍സി വിളിപ്പിച്ചിരുന്നെന്നും എന്നാല്‍ ജസ്വന്ത് എല്ലാ സമന്‍സുകളും ഒഴിവാക്കിയതായും ഉദ്യോഗസ്ഥര്‍ അറിയിച്ചു. സമന്‍സ് ഒഴിവാക്കുന്ന സാഹചര്യത്തെ തുടര്‍ന്നാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തതെന്ന് ഇ.ഡി ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

2022 സെപ്തംബറില്‍ ജസ്വന്തിന്റെ വീട്ടിലും അദ്ദേഹത്തിന്റെ കുടുംബം നടത്തുന്ന
സ്‌കൂളിലും കാലിത്തീറ്റ ഫാക്ടറിയിലും ഇ.ഡി സംഘം റെയ്ഡ് നടത്തിയിരുന്നു. 40.92 കോടി രൂപയുടെ ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ (സി.ബി.ഐ) ജസ്വന്തിന്റെ സ്വത്തുക്കള്‍ പരിശോധിച്ചതിന് ശേഷമാണ് കേസ് രജിസ്റ്റര്‍ ചെയ്തതെന്നും സി.ബി.ഐ ഉദ്യോഗസ്ഥര്‍ പറഞ്ഞു. പരിശോധനയില്‍ 16.57 ലക്ഷം രൂപയും 88 വിദേശ കറന്‍സി നോട്ടുകളും കുറ്റകരമായ രേഖകളും കണ്ടെടുത്തതായും സി.ബി.ഐ അറിയിച്ചു.

ബാങ്ക് തട്ടിപ്പ് കേസില്‍ ജസ്വന്തിനെ കൂടാതെ മറ്റു ഏഴുപേരും കമ്പനികളും ഉള്‍പ്പെടുന്നുണ്ടെന്നും സി.ബി.ഐ മാധ്യമങ്ങളോട് പറഞ്ഞു. ബല്‍വന്ത് സിങ്, കുല്‍വന്ത് സിങ്, തേജീന്ദര്‍ സിങ്, എം.എസ് താര ഹെല്‍ത്ത് ഫുഡ്സ് ലിമിറ്റഡിന്റെ ഡയറക്ട്ടര്‍മാരും കൂടാതെ പൊതുപ്രവര്‍ത്തകരും സ്വകാര്യ വ്യക്തികളും കേസില്‍ ഉള്‍പെടുന്നുണ്ടെന്ന് സി.ബി.ഐ വ്യക്തമാക്കി.

മലേര്‍കോട്ലയിലെ ഗൗണ്‍സ്പുരയിലുള്ള ജസ്വന്തിന്റെ സ്ഥാപനത്തിനെതിരെ ലുധിയാനയിലെ ബാങ്ക് ഓഫ് ഇന്ത്യയുടെ ശാഖ പരാതിപ്പെട്ടതിനെ തുടര്‍ന്നാണ് സി.ബി.ഐ അന്വേഷണം നടത്തിയത്. ഭക്ഷ്യധാന്യവ്യാപാരത്തില്‍ ഏര്‍പ്പെട്ടിരുന്ന സ്ഥാപനത്തിന് 2011- 2014 മുതല്‍ നാല് ഇടവേളകളില്‍ ബാങ്ക് വായ്പ അനുവദിച്ചതായും എന്നാല്‍ എന്താവശ്യത്തിനാണ് വായ്പ ഉപയോഗിച്ചതെന്ന് അറിയില്ലെന്നും ബാങ്ക് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

അതേസമയം തങ്ങളെ അപകീര്‍ത്തിപ്പെടുത്താനുള്ള ബി.ജെ.പിയുടെ ഗൂഢാലോചനയാണ് സംസ്ഥാനത്ത് നടക്കുന്നതെന്ന് എ.എ.പി നേതാക്കള്‍ ആരോപിച്ചു.

Content Highlight: 40 crore bank fraud; A.A.P legislator Jaswant Singh Gajjan Majra in E.D custody

Latest Stories

We use cookies to give you the best possible experience. Learn more