അഹമ്മദാബാദ്: ഗുജറാത്തില്‍ അഞ്ച് വര്‍ഷത്തിനിടെ 40,000 സ്ത്രീകളെ കാണാതായതായി ഔദ്യോഗിക കണക്കുകള്‍. നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ (എന്‍.സി.ആര്‍.ബി) പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 2016ല്‍ 7,105, 2017ല്‍ 7,712, 2018ല്‍ 9,246, 2019ല്‍ 9,268 എന്നിങ്ങനെയാണ് കാണാതായ സ്ത്രീകളുടെ കണക്കുകള്‍.
2020ല്‍ 8,290 സ്ത്രീകളെയാണ് കാണാതായത്. അങ്ങനെ ആകെ അഞ്ച് വര്‍ഷത്തിനിടയില്‍ 41,621 സ്ത്രീകളെയാണ് സംസ്ഥാനത്ത് കാണാതായതെന്ന് എന്‍.സി.ആര്‍.ബി പുറത്തുവിട്ട കണക്കില്‍ പറയുന്നു.
ഗുജറാത്ത് സര്‍ക്കാര്‍ നിയമസഭയില്‍ അവതരിപ്പിച്ച കണക്ക് പ്രകാരം 2021ല്‍ അഹമ്മദാബാദിലും വഡോദരയിലും മാത്രം ഒരു വര്‍ഷത്തിനിടെ 4,722 സ്ത്രീകളെ കാണാതായതായും ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
കാണാതായവരുടെ കേസുകള്‍ ഗൗരവമായി പരിഗണിക്കാത്തതാണ് ഈ കണക്കുകള്‍ ഇത്രയും വര്‍ധിച്ചതെന്ന് മുന്‍ ഐ.പി.എസ് ഉദ്യോഗസ്ഥനും ഗുജറാത്ത് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അംഗവുമായ സുധീര്‍ സിന്‍ഹ പറഞ്ഞു. ഇങ്ങനെ കാണാതായ സ്ത്രീകളില്‍ പലരേയും മറ്റ് സംസ്ഥാനങ്ങളിലേക്ക് നിര്‍ബന്ധിത ലൈംഗികവൃത്തിക്ക് കയറ്റിയയച്ചിട്ടുണ്ടാകമെന്ന് തന്റെ നിരീക്ഷണങ്ങളില്‍ നിന്ന് മനസിലാക്കിയെന്നും സുധീര്‍ സിന്‍ഹ കൂട്ടിച്ചേര്‍ത്തു.
‘കൊലപാതകത്തേക്കാള്‍ ഗുരുതരമാണ് ഇത്തരം കേസുകള്‍. കാരണം, ഒരു കുട്ടിയെ കാണാതാവുമ്പോള്‍, മാതാപിതാക്കള്‍ വര്‍ഷങ്ങളോളം അവരെ കാത്തിരിക്കുന്നു
ഇത്തരം കേസുകള്‍ കൊലപാതക കേസ് പോലെ തന്നെ കര്‍ശനമായി അന്വേഷിക്കണം,’ സുധീര്‍ സിന്‍ഹ പറഞ്ഞു.
ബി.ജെ.പി നേതാക്കള്‍ കേരളത്തിലെ സ്ത്രീകളെക്കുറിച്ചാണ് സംസാരിക്കുന്നതെന്നും എന്നാല്‍ രാജ്യത്തിന്റെ പ്രധാനമന്ത്രിയുടെയും ആഭ്യന്തരമന്ത്രിയുടെയും സ്വന്തം സംസ്ഥാനമായ ഗുജറാത്തില്‍ 40,000ത്തിലധികം സ്ത്രീകളെ കാണാനില്ലെന്ന് ഓര്‍ക്കണമെന്നുമാണ് ഗുജറാത്ത് കോണ്‍ഗ്രസ് വക്താവ് ഹിരേന്‍ ബാങ്കരി വിഷയത്തില്‍ പ്രതികരിച്ചത്.
Content Highlight: 40,000 women have gone missing in Gujarat in five years, according to official figures