നാലുവയസുകാരനായ ബ്രിട്ടീഷ് രാജകുമാരന്‍ ഐ.എസിന്റെ ഹിറ്റ്‌ലിസ്റ്റില്‍
Daily News
നാലുവയസുകാരനായ ബ്രിട്ടീഷ് രാജകുമാരന്‍ ഐ.എസിന്റെ ഹിറ്റ്‌ലിസ്റ്റില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 29th October 2017, 6:07 pm

ലണ്ടന്‍: ബ്രിട്ടീഷ് രാജകുടുംബത്തിലെ നാലുവയസുകാരന്‍ ജോര്‍ജ് രാജകുമാരന്‍ ഇസ്‌ലാമിക സ്റ്റേറ്റിന്റെ ഹിറ്റ്‌ലിസ്റ്റില്‍. ജോര്‍ജ് രാജകുമാരനെതിരായ ഭീഷണി സന്ദേശങ്ങള്‍ ഐ.എസ് ഭീകരരുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ കൂടി വ്യാപകമായി പ്രചരിക്കുന്നുണ്ടെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

വില്യം രാജകുമാരന്റെയും കേറ്റ് മിഡില്‍ടണിന്റെയും മകനാണ് നാലുവയസുള്ള ജോര്‍ജ്. ടെലഗ്രാം അക്കൗണ്ടുകളിലൂടെയാണ് രാജകുമാരന്റെ ചിത്രങ്ങള്‍ അറബി സന്ദേശങ്ങള്‍ സഹിതം പ്രചരിക്കുന്നത്.


Also Read: ‘കമ്മ്യൂണിസത്തിന് ഏറ്റവും വളക്കൂറുള്ള മണ്ണാണ് കേരളം’; യഥാര്‍ത്ഥ കമ്മ്യൂണിസം കേരളത്തിലേതെന്ന് വാഷിംഗ്ടണ്‍ പോസ്റ്റ്


ജോര്‍ജ് സ്‌കൂളില്‍ നില്‍ക്കുന്നതിന്റെ ചിത്രമാണ് പ്രചരിക്കുന്നതെന്ന് ബ്രിട്ടീഷ് രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തിയിട്ടുണ്ട്. രാജകുമാരന്‍ പഠിക്കുന്ന തോമസ് ബോട്ടേഴ്‌സി സ്‌കൂളിലെ സുരക്ഷാ ക്രമീകരണങ്ങള്‍ ഇതേത്തുടര്‍ന്ന് വര്‍ധിപ്പിച്ചിട്ടുണ്ട്.

നേരത്തെ സുരക്ഷാ അധികൃതരുടെ കണ്ണുവെട്ടിച്ച് സ്‌കൂളിലെ ഇടനാഴികളിലൊന്നിന്റെ ചിത്രമെടുത്ത സ്ത്രീയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ചിത്രം പ്രചരിക്കുന്നതുമായി ഈ സ്ത്രീക്ക് എന്തെങ്കിലും ബന്ധമുണ്ടോയെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്.

ഈ സംഭവത്തിനുശേഷം സ്‌കൂളിന്റെ സുരക്ഷ വര്‍ധിപ്പിച്ചിരുന്നു. അതിനു ശേഷമാണ് ജോര്‍ജ് രാജകുമാരന് ഐ.എസ് ഭീഷണിയുണ്ടായിരിക്കുന്നത്.