ഗുജറാത്തിലെ ബറൂച്ചിലെ കെമിക്കൽ യൂണിറ്റിൽ വിഷവാതകം ശ്വസിച്ച് നാല് തൊഴിലാളികൾ മരിച്ചു
national news
ഗുജറാത്തിലെ ബറൂച്ചിലെ കെമിക്കൽ യൂണിറ്റിൽ വിഷവാതകം ശ്വസിച്ച് നാല് തൊഴിലാളികൾ മരിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 29th December 2024, 3:04 pm

ഗാന്ധിനഗർ: ഗുജറാത്തിലെ ബറൂച്ച് ജില്ലയിലെ ദഹേജിലെ കെമിക്കൽ പ്ലാൻ്റിൽ വിഷവാതകം ശ്വസിച്ച് നാല് തൊഴിലാളികൾ മരിച്ചു. ശനിയാഴ്ച രാത്രി 10 മണിയോടെയാണ് സംഭവം. ഗുജറാത്ത് ഫ്ലൂറോകെമിക്കൽസ് ലിമിറ്റഡിൻ്റെ (ജി.എഫ്.എൽ ) പ്രൊഡക്ഷൻ യൂണിറ്റിലെ പൈപ്പിൽ നിന്ന് ചോർന്ന വിഷവാതകം ശ്വസിച്ചതിനെ തുടർന്ന് ഇവർ ബോധരഹിതരാവുകയും പിന്നീട് മരണപ്പെടുകയും ചെയ്‌തെന്ന് ദഹേജ് പൊലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ ബി.എം പാട്ടിദാർ പറഞ്ഞു

ബോധരഹിതരായ നാല് തൊഴിലാളികളെയും ബറൂച്ചിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരിൽ മൂന്ന് പേർ ഞായറാഴ്ച പുലർച്ചെ മൂന്ന് മണിയോടെ മരിച്ചു, ഒരാൾ പുലർച്ചെ 6 മണിയോടെ മരണത്തിന് കീഴടങ്ങിയതായി ഉദ്യോഗസ്ഥർ പറഞ്ഞു.

‘കമ്പനിയുടെ സി.എം.എസ് പ്ലാൻ്റിൻ്റെ താഴത്തെ നിലയിലൂടെ കടന്നുപോകുന്ന പൈപ്പിൽ നിന്നുള്ള വാതക ചോർച്ചയെത്തുടർന്ന് നാല് തൊഴിലാളികൾ ബോധരഹിതരായി വീണു. രാത്രി 10 മണിയോടെയാണ് സംഭവം.

ഇവരെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും നാലുപേരും മരിച്ചു,’ അദ്ദേഹം പറഞ്ഞു. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിന് അയച്ചതായും സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.

രാജേഷ് കുമാർ (ഗുജറാത്ത് സ്വദേശി), മുദ്രിക യാദവ് (ജാർഖണ്ഡ് സ്വദേശി), സുഷിത് പ്രസാദ്, മഹേഷ് നന്ദലാൽ (ഇരുവരും ഉത്തർപ്രദേശ് സ്വദേശികൾ) എന്നിവരാണ് മരിച്ചത്.

ഇക്കാര്യം അന്വേഷിക്കുമെന്നും മരിച്ച ഓരോ തൊഴിലാളികളുടെയും ബന്ധുക്കൾക്ക് 25 ലക്ഷം രൂപ നഷ്ടപരിഹാരം നൽകുമെന്നും ജി.എഫ്.എൽ, ദഹേജ്, ഡെപ്യൂട്ടി ജനറൽ മാനേജർ ജിഗ്നേഷ് പർമർ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

 

Content Highlight: 4 workers die after inhaling toxic gas at chemical unit in Gujarat’s Bharuch