ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ കീഴടക്കി ഗുജറാത്ത് ടൈറ്റന്‍സ് വീണ്ടും പോയിന്റ് പട്ടികയില്‍ ഒന്നാമതെത്തിയിരിക്കുകയാണ്. എട്ട് മത്സരങ്ങളില്‍ ആറ് വിജയവും രണ്ട് തോല്‍വിയുമായി 12 പോയിന്റുമായാണ് ഗുജറാത്ത് പട്ടികയില്‍ മുന്നിലുള്ളത്.
കഴിഞ്ഞ മത്സരത്തില്‍ തോല്‍വി ഏറ്റുവാങ്ങിയതിന് പിന്നാലെയാണ് ഈഡന്‍ ഗാര്‍ഡന്‍സ് സ്റ്റേഡിയത്തില്‍ നടന്ന പോരാട്ടത്തില്‍ ഏഴ് വിക്കറ്റിന് ശനിയാഴ്ച ഗുജറാത്ത് വിജയിച്ചത്.
കൊല്‍ക്കത്ത നേടിയ 180 റണ്‍സ് എന്ന വിജയലക്ഷ്യം മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 13 പന്തുകള്‍ ബാക്കി നില്‍ക്കെ ഗുജറാത്ത് ഫിനിഷ് ചെയ്യുകയായിരുന്നു. ഈ മത്സരത്തോടെ ഐ.പി.എല്‍ 2023 സീസണില്‍ തങ്ങളുടെ നാല് എവേ മത്സരത്തിലും
വിജയം നേടാന്‍ ഗുജറാത്ത് ടൈറ്റന്‍സിന് സാധിച്ചു. ദല്‍ഹി, പഞ്ചാബ്, ലഖ്നൗ, കൊല്‍ക്കത്ത എന്നിവരെയാണ് അവരുടെ മണ്ണില്‍ ഗുജറാത്ത് തോല്‍പ്പിച്ചത്.
അതേസമയം, കൊല്‍ക്കത്തക്കെതിരായ മത്സരത്തില്‍ അര്‍ധ സെഞ്ച്വറി നേടിയ വിജയ് ശങ്കറാണ് ഗുജറാത്ത് നിരയില്‍ തിളങ്ങിയത്. 24 പന്തുകള്‍ നേരിട്ട വിജയ് അഞ്ച് സിക്സും രണ്ട് ഫോറുമടക്കം 51 റണ്‍സോടെ പുറത്താകാതെ നിന്നു. 35 പന്തില്‍ 49 റണ്‍സ് നേടിയ ശുഭ്മാന്‍ ഗില്‍, 18 പന്തില്‍ 32 നേടിയ ഡേവിഡ് മില്ലര്‍, 26 റണ്‍ നേടിയ ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യയും ഗുജറാത്ത് നിരയില്‍ തിളങ്ങി.
81 റണ്‍സെടുത്ത റഹ്‌മാനുള്ള ഗുര്‍ബാസിന്റെ പെര്‍ഫോമെന്‍സാണ് കൊല്‍ക്കത്തയുടെ ടോട്ടല്‍ 179ല്‍ എത്തിച്ചത്. എന്‍. ജഗദീശന്‍(19), ശാര്‍ദൂല്‍ താക്കൂര്‍(0), വെങ്കിടേഷ് അയ്യര്‍(11), നിതീഷ് റാണ(4) എന്നിവര്‍ ബാറ്റിങ്ങില്‍ പരാജയപ്പെടുകയായിരുന്നു.
Content Highlight: 4 wins in 4 away games, GujaratTitans Performance in 2023 IPL