| Sunday, 3rd May 2020, 8:40 am

അതിഥി തൊഴിലാളികളെ നാട്ടിലേക്കയക്കാന്‍ ഇന്ന് നാലു ട്രെയിനുകള്‍ കൂടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: അതിഥിതൊഴിലാളികളുമായി സംസ്ഥാനത്തു നിന്ന് ഇന്ന് നാലു ട്രെയിനുകള്‍ കൂടി പുറപ്പെടും. എറണാകുളം, തൃശ്ശൂര്‍, കണ്ണൂര്‍ എന്നിവിടങ്ങളില്‍ നിന്നാണ് ട്രെയിനുകള്‍ പുറപ്പെടുക.

എറണാകുളത്തു നിന്ന് രണ്ടു ട്രെയിനുകളും കണ്ണൂര്‍, തൃശ്ശൂര്‍ ജില്ലകളില്‍ നിന്ന് ഓരോ ട്രെയിന്‍ വീതവുമാണ് പുറപ്പെടുക.

എറണാകുളം നോര്‍ത്ത്, സൗത്ത് സ്‌റ്റേഷനുകളില്‍ നിന്നും ബീഹാറിലേക്കാണ് ട്രെയിനുകള്‍ പുറപ്പെടുന്നത്. കഴിഞ്ഞ ദിവസങ്ങളിലും എറണാകുളത്തുനിന്നും ഒഡീഷ, ബീഹാര്‍ എന്നീ സംസ്ഥാനങ്ങളിലേക്ക് തൊഴിലാളികളുമായി ട്രെയിനുകള്‍ പോയിരുന്നു.

തൃശ്ശൂരില്‍ നിന്നും കണ്ണൂരില്‍ നിന്നും വൈകുന്നേരമാണ് ട്രെയിന്‍ പുറപ്പെടുക. ക്യാംപുകളിലെ തൊഴിലാളികളില്‍ പരിശോധന നടത്തി രോഗലക്ഷണങ്ങള്‍ ഇല്ലാത്തവരെയാണ് യാത്രയ്ക്കനുവദിക്കുക.

കേരളത്തില്‍ നിന്ന് ഇതുവരെ 7,000ത്തോളം പേരാണ് നാട്ടിലേക്ക് മടങ്ങിയത്. കഴിഞ്ഞ ദിവസം മാത്രം അഞ്ചു ട്രെയിനുകള്‍ അതിഥിതൊഴിലാളികളുമായി വിവിധ സംസ്ഥാനങ്ങളിലേക്ക് യാത്ര തിരിച്ചു.

കോഴിക്കോട് ജില്ലയില്‍ നിന്നും അതിഥി സംസ്ഥാന തൊഴിലാളികളുമായി ആദ്യത്തെ ട്രെയിന്‍ ശനിയാഴ്ച വൈകുന്നേരം യാത്രതിരിച്ചു. ജാര്‍ഖണ്ഡിലേക്കുള്ള തൊഴിലാളികളാണ് ട്രെയിനില്‍ മടങ്ങിയത്.

സംസ്ഥാനത്തു നിന്നും അതിഥിതൊഴിലാളികളെയും കൊണ്ട് ആദ്യത്തെ ട്രെയിന്‍ വെള്ളിയാഴ്ച വൈകുന്നേരമാണ് പുറപ്പെട്ടത്. ആലുവയില്‍ നിന്നും പുറപ്പെട്ട ട്രെയിന്‍ ഭുവനേശ്വറിലേക്കാണ് പോയത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.

We use cookies to give you the best possible experience. Learn more