പോര്‍ട്ട് ഓ പ്രിന്‍സ്: ഹെയ്തി പ്രസിഡന്റിനെ കൊലപ്പെടുത്തിയവരെന്ന് സംശയിക്കുന്ന നാല് പേരെ വെടിവെച്ചു കൊലപ്പെടുത്തിയെന്ന് പൊലീസ്. രണ്ട് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും ഹെയ്തി പൊലീസ് അറിയിച്ചു.
പ്രസിഡന്റിന്റെ വസതിയിലുണ്ടായിരുന്ന പൊലീസുദ്യോഗസ്ഥരെ കൊലയാളികളുടെ സംഘം ബന്ദികളാക്കിയിരുന്നു. ഇവരെ മോചിപ്പിക്കാന്‍ കൂടി നടത്തിയ ശ്രമത്തിനിടിയിലാണ് പ്രതികളെന്ന് സംശയിക്കുന്നവര്‍ക്ക് നേരെ വെടി വെക്കേണ്ടി വന്നതെന്നും പൊലീസ് അറിയിച്ചു.
2017 ഫെബ്രുവരിയില്‍ മിഷേല്‍ മാര്‍ട്ടലി സ്ഥാനമൊഴിഞ്ഞതിനെത്തുടര്‍ന്നാണ് 53 വയസ്സുകാരനായ ജോവനില്‍ മോസ് പ്രസിഡന്റായി എത്തുന്നത്. ഈ വര്‍ഷം തുടക്കം മുതല്‍ ഹെയ്തിയിലെ രാഷ്ടീയ സാഹചര്യങ്ങള്‍ പ്രസിഡന്റിന് എതിരായിരുന്നു.
ദാരിദ്ര്യവും രാഷ്ട്രീയ അസ്ഥിരതയും വര്‍ധിച്ചതോടെയാണ് ഹെയ്തിയില്‍ അക്രമങ്ങള്‍ വര്‍ധിച്ചത്. ഭക്ഷ്യക്ഷാമം ഇവിടെ രൂക്ഷമാണ്. വലിയ തരത്തിലുള്ള പ്രക്ഷോഭങ്ങളാണ് ജോവനല്‍ മോസിനെതിരെ നടന്നിരുന്നത്. അഴിമതി ആരോപണങ്ങളെ തുടര്‍ന്ന് സര്‍ക്കാരിനെതിരെ പ്രതിഷേധങ്ങള്‍ ശക്തമായിരുന്നു.
ജോവനലിന്റെ കാലാവധി അവസാനിച്ചതാണെന്നും അദ്ദേഹത്തിന് പ്രസിഡന്റ് സ്ഥാനത്ത് തുടരാന്‍ യോഗ്യതയില്ലെന്നും ചൂണ്ടിക്കാട്ടി പ്രതിപക്ഷവും സമരവുമായി രംഗത്തുവന്നിരുന്നു. എന്നാല്‍ തനിക്ക് ഇനിയും ഒരു വര്‍ഷംകൂടി ബാക്കിയുണ്ടെന്നായിരുന്നു ജോവനല്‍ വാദിച്ചിരുന്നത്.
പ്രസിഡന്റിന്റെ മരണത്തെ തുടര്‍ന്നുണ്ടായ പ്രതിസന്ധിയെ തുടര്‍ന്ന് ഹെയ്തിയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇടക്കാല പ്രധാനമന്ത്രിയായ ക്ലോഡ് ജോസഫാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.
ജനങ്ങളോട് ശാന്തരായിരിക്കാന്‍ നിര്‍ദ്ദേശിച്ചെന്നും നിലവിലെ സ്ഥിതി നിയന്ത്രണ വിധേയമാക്കാനുള്ള ശ്രമത്തിലാണെന്നും ക്ലോഡ് ജോസഫ് മാധ്യമങ്ങളോട് പറഞ്ഞു.
പ്രസിഡന്റ് വെടിയേറ്റ് മരിച്ചതിന് പിന്നാലെ ജനങ്ങള്‍ പ്രതിഷേധവുമായി തെരുവിലിറങ്ങിയിരിക്കുകയാണ്. ഇതേ തുടര്‍ന്നുണ്ടായ സംഘര്‍ഷാവസ്ഥ കൂടി കണക്കിലെടുത്താണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.