| Sunday, 20th October 2019, 8:56 am

ധോനി അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കാറായോ? സമയമായെന്ന് ഉറപ്പിച്ചുപറയാനുള്ള നാലു കാരണങ്ങള്‍ ഇവയാണ്

സ്പോര്‍ട്സ് ഡെസ്‌ക്

ബി.സി.സി.ഐ അധ്യക്ഷസ്ഥാനത്തേക്ക് അവരോധിക്കപ്പെട്ടതിനു തൊട്ടുപിറകെ മഹേന്ദ്ര സിങ് ധോനിയെന്ന മുന്‍ ക്യാപ്റ്റന്റെ അന്താരാഷ്ട്ര ക്രിക്കറ്റ് കരിയറിനെക്കുറിച്ച് സൗരവ് ഗാംഗുലിയെന്ന മുന്‍ ക്യാപ്റ്റനോട് ചോദിച്ചപ്പോള്‍ അദ്ദേഹത്തിന്റെ മറുപടി ഇങ്ങനെയായിരുന്നു- ’24-ാം തീയതി സെലക്ടര്‍മാകോട് സംസാരിക്കും. അവരെന്താണു ചിന്തിക്കുന്നതെന്ന് അറിഞ്ഞതിനു ശേഷം ഞാന്‍ എന്റെ അഭിപ്രായം പറയും.’

ധോനിയുടെ ഭാവി എന്തെന്നു നിശ്ചയിക്കേണ്ടത് അത്രമേല്‍ നിര്‍ണായകമായിരിക്കുന്നു ഇന്ത്യന്‍ ക്രിക്കറ്റില്‍. 2011-ലെ ഏകദിന ലോകകപ്പ് നേടിക്കൊടുത്ത ധോനിയെന്ന ക്രിക്കറ്റര്‍ 2019-ലെ ലോകകപ്പ് സെമിഫൈനലില്‍ ടീം ഇന്ത്യ തോറ്റതിനു ശേഷം ഒരിക്കല്‍പ്പോലും അന്താരാഷ്ട്ര മത്സരം കളിച്ചിട്ടില്ല. വെസ്റ്റ് ഇന്‍ഡീസ് പര്യടനവും ഇപ്പോള്‍ നടക്കുന്ന ദക്ഷിണാഫ്രിക്കയ്ക്കെതിരായ ലിമിറ്റഡ് ഓവര്‍ പരമ്പരകളും അദ്ദേഹം ഒഴിവാക്കി.

ആദ്യ രണ്ടാഴ്ച സൈന്യത്തില്‍ സേവനമനുഷ്ഠിക്കാനെന്ന വിശദീകരണവും നല്‍കി. അതിനു ശേഷം ദിവസങ്ങള്‍ കടന്നുപോയി. എന്നാല്‍ നവംബര്‍ വരെ ധോനിയെ ഇന്ത്യന്‍ ടീമില്‍ ലഭിക്കില്ലെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിട്ടുണ്ട്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ധോനിയുടെ ഭാവിയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ മുറുകവെ, ഇനി അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് അദ്ദേഹം വിരമിക്കേണ്ടതുണ്ടോ എന്ന ചോദ്യമാണ് വിവിധ കോണുകളില്‍ നിന്നുയരുന്നത്. അതിനുള്ള ശക്തമായ നാലു കാരണങ്ങളും നമുക്കു മുന്നിലുണ്ട്. അതിവയാണ്:

1. നല്ല കാലം കഴിഞ്ഞിരിക്കുന്നു

ധോനിയെന്ന ക്രിക്കറ്റ് താരത്തിന്റെ ഭൂതകാലത്തെക്കുറിച്ച് വിമര്‍ശകര്‍ക്കു പോലും എതിരഭിപ്രായം ഉണ്ടാകാന്‍ സാധ്യതയില്ല. അത്ര മികച്ചതായിരുന്നു അദ്ദേഹത്തിന്റെ ആദ്യകാല അന്താരാഷ്ട്ര ക്രിക്കറ്റ് ജീവിതം. 2019-ലെ ക്രിക്കറ്റ് ലോകകപ്പിനു മുന്‍പെന്ന് എടുത്തുപറഞ്ഞാലും തെറ്റില്ല.

അതുകൊണ്ടുതന്നെ ധോനിയുടെ പരിചയസമ്പത്തും പക്വതയും കണക്കിലെടുത്താണ് ഋഷഭ് പന്തിനു പകരം ലോകകപ്പ് ടീമില്‍ ഈ മുന്‍ ക്യാപ്റ്റന്‍ സ്ഥാനം പിടിച്ചത്. എന്നാല്‍ തന്റെ ഭൂതകാലത്തെ അനുസ്മരിപ്പിക്കുന്ന വിധത്തിലുള്ള പ്രകടനങ്ങളൊന്നും ധോനിക്ക് ലോകകപ്പില്‍ പുറത്തെടുക്കാനായില്ല. ഇന്ത്യ പുറത്തായ സെമിഫൈനലിലാവട്ടെ, അര്‍ധസെഞ്ചുറി നേടി ഒറ്റയാള്‍ പോരാട്ടം നയിക്കാന്‍ അദ്ദേഹത്തിനു സാധിച്ചു.

ഇനി ധോനിയുടെ ഏകദിന സ്ട്രൈക്ക് റേറ്റ് നോക്കാം. അത് 87.56 ശതമാനമാണ്. 2018 ജനുവരിക്കു ശേഷം അത് 78.54-ലേക്കെത്തി. സ്ട്രൈക്ക് കൈമാറാന്‍ പോലും ധോനി ബുദ്ധിമുട്ടുന്ന കാഴ്ചകള്‍ പിച്ചില്‍ കണ്ടതാണ്. 50.57 ഏകദിന ശരാശരിയുണ്ടായിരുന്നു ധോനിക്ക്. എന്നാല്‍ ഈ കാലയളവിലത് 41.66 ലേക്കു കൂപ്പുകുത്തി.

2. ഭാവി ടീമിനെ വാര്‍ത്തെടുക്കേണ്ട സമയം

ധോനി വിരമിച്ചില്ലെങ്കില്‍പ്പോലും നിലവിലെ ഇന്ത്യന്‍ ടീമില്‍ എങ്ങനെയാണ് ധോനിയെ കയറ്റുകയെന്നത് ഒരു ചോദ്യം തന്നെയാണ്. അദ്ദേഹത്തിന്റെ എല്ലാ നേട്ടങ്ങളും പരിഗണിച്ചാല്‍പ്പോലും അതിനുള്ള സാധ്യതകള്‍ വിരളമാണ്.

എങ്ങനെയാണോ സൗരവ് ഗാംഗുലി, രാഹുല്‍ ദ്രാവിഡ് എന്നീ മുന്‍ ക്യാപ്റ്റന്മാര്‍ അവരുടെ കരിയറിലെ അവസാന ഘട്ടത്തിലേക്കടുത്തപ്പോള്‍ ബുദ്ധിമുട്ടിയത്, ആ അവസ്ഥ തന്നെയാണ് ഇന്ന് ധോനിയും നേരിടുന്നത്. ഇരുവരും ഒരേസമയം ഓസ്ട്രേലിയക്കെതിരായ സി.ബി സീരീസില്‍ നിന്നു തഴയപ്പെട്ടതെന്ന് ഓര്‍ക്കേണ്ട സാഹചര്യമാണിപ്പോള്‍.

അവരെ ഒഴിവാക്കിയ വേളയില്‍ ടീമിനെ നയിച്ച ധോനി ഇന്ത്യയെ വിജയത്തിലേക്കു നയിച്ചു. അന്ന് ഇരുവരെയും ഒഴിവാക്കി യുവ ഇന്ത്യയെ ഓസീസിലേക്ക് അയച്ചപ്പോള്‍, ആ പരീക്ഷണം വിജയകരമായാണ് അവസാനിച്ചത്. ഇനി ധോനിയും ചെയ്യേണ്ടത് അത്രമാത്രമാണ്. ഭാവി ടീം ഇന്ത്യയെ വാര്‍ത്തെടുക്കാന്‍ സ്വയം മാറിനില്‍ക്കണം.

അടുത്തവര്‍ഷം ഒക്ടോബറില്‍ ഓസീസില്‍ നടക്കാനിരിക്കുന്ന ട്വന്റി20 ലോകകപ്പാണ് ഇന്ത്യയുടെ അടുത്ത ലക്ഷ്യം. അതിനാല്‍ത്തന്നെ 39-ല്‍ എത്തിനില്‍ക്കുന്ന ധോനി ഒരിക്കലും അതിലേക്കൊരു ഓപ്ഷനാവില്ല, അദ്ദേഹം ലഭ്യമാണെങ്കില്‍പ്പോലും. അതുപോലെതന്നെ 2023-ലെ ഏകദിന ലോകകപ്പ് ലക്ഷ്യംവെച്ചുള്ള പ്രവര്‍ത്തനങ്ങളും ടീം തുടങ്ങേണ്ട സമയമായിരിക്കുന്നു.

അതില്‍ മികച്ച ഒരു വിക്കറ്റ് കീപ്പറെ കണ്ടെത്തേണ്ട സമയവും അതിക്രമിച്ചിരിക്കുന്നു. പന്തോ മലയാളി താരം സഞ്ജു വി. സാംസണോ ആ സ്ഥാനം കൈയടക്കുമെന്നാണ് വിലയിരുത്തലുകള്‍.

3. സെലക്ഷന്‍ തെറ്റായ പ്രവണതയാകും

നേരത്തേ പറഞ്ഞതുപോലെ ഇന്ത്യയുടെ ലോകകപ്പ് പുറത്താകലിനു ശേഷം സെലക്ഷനു പോലും ധോനിയെ ലഭിച്ചിട്ടില്ല. വിന്‍ഡീസ് പര്യടനവും ദക്ഷിണാഫ്രിക്കെതിരായ പരമ്പരയും ഒഴിവാക്കിയ താരത്തിന് ബംഗ്ലാദേശ് പര്യടനവും അതുപോലെ തന്നെയാകും.

ധോനി സ്വയം മാത്രമല്ല, സെലക്ടര്‍മാരുടെ കാര്യവും വ്യത്യസ്തമല്ല. ധോനിയെ തങ്ങള്‍ പ്രതീക്ഷിക്കുന്നുണ്ടെന്നു പോലും അവരിതുവരെ സൂചന നല്‍കിയിട്ടില്ല. ധോനിയുടെ സേവനം കണക്കിലെടുത്ത് ഇനി ടീമില്‍ ഉള്‍പ്പെടുത്താന്‍ അവര്‍ തയ്യാറായാല്‍, അതൊരു തെറ്റായ കീഴ്വഴക്കം സൃഷ്ടിക്കുകയും ചെയ്യും.

ധോനിക്കു തിരിച്ചുവരവിനു കളമൊരുങ്ങിയാല്‍ അതുകാരണം പുറത്തിരിക്കേണ്ടി വരുന്നത് സഞ്ജുവിനെയോ പന്തിനെയോ പോലുള്ള യുവതാരങ്ങളാരെങ്കിലുമാകും. അതും പ്രാദേശിക ക്രിക്കറ്റിലും മറ്റും മികച്ച പ്രകടനം കാഴ്ചവെയ്ക്കുന്നതിന്റെ പേരില്‍ ടീമിലെത്തിയവര്‍. മറ്റൊരുവശം, ധോനി മികച്ച പ്രകടനങ്ങള്‍ മറ്റേതെങ്കിലും വിധേന കാഴ്ചവെച്ച് ടീമില്‍ തിരിച്ചുവരികയാണ്. അതാണു ശരിയായ രീതിയും.

ഇക്കാര്യത്തില്‍ മുന്‍കാലങ്ങളില്‍ സംഭവിച്ചത് ഒന്നു പരിശോധിക്കാവുന്നതാണ്. തൊണ്ണൂറുകളുടെ മധ്യത്തിലാണ് കപില്‍ ദേവിന് ടെസ്റ്റ് ക്രിക്കറ്റിലെ വിക്കറ്റ് വേട്ടക്കാരില്‍ മുന്‍പിലെത്താനായി ജവഗല്‍ ശ്രീനാഥിന് രണ്ടുവര്‍ഷം നഷ്ടപ്പെട്ടത്. അതിനെക്കുറിച്ച് ശ്രീനാഥ് ഒരുകാലത്തും ഒന്നും മിണ്ടിയിട്ടുമില്ല. പക്ഷേ വ്യക്തിപരമായ നേട്ടങ്ങള്‍ക്കു വേണ്ടി ശ്രീനാഥിനെ പുറത്തിരുത്തിയത് ഇന്ത്യന്‍ ക്യാമ്പില്‍ത്തന്നെ മുറുമുറുപ്പുകളുണ്ടാക്കി.

എങ്ങനെയാണു തനിക്കു മുന്നോട്ടുപോകേണ്ടത് എന്നു തീരുമാനിക്കാന്‍ ധോനിയെ അനുവദിക്കണമെന്നാണ് ചില മുന്‍താരങ്ങളുടെ ആവശ്യം. ധോനിയുടെ അഭാവത്തില്‍ ലിമിറ്റഡ് ഓവര്‍ ക്രിക്കറ്റില്‍ ഇപ്പോള്‍ പന്താണ് വിക്കറ്റ് കാക്കുന്നത്. ടീമില്‍ സ്ഥിരമായി ഇടം നേടാനുള്ള ശ്രമത്തിലാണ് ഈ യുവതാരം.

ഇനി പന്തിന് അതിനു സാധിച്ചില്ലെങ്കില്‍, ധോനിയിലേക്കു തിരികെപ്പോകാന്‍ ഒരവസരം ലഭിക്കും. അതുപക്ഷേ ട്വന്റി20 ലോകകപ്പിനുള്ള ടീമിന്റെ സന്തുലിതാവസ്ഥ തെറ്റിക്കുമെന്ന കാര്യത്തില്‍ സംശയമില്ല.

4. ഇനി നേട്ടങ്ങള്‍ അവശേഷിക്കുന്നില്ല

ധോനി അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നു വിരമിക്കണമെന്നു പറയുന്നതിന്റെ പ്രധാന കാരണമെന്നു പറയുന്നതു തന്നെ അദ്ദേഹത്തിന് ഇനി നേടാനൊന്നും അവശേഷിക്കുന്നില്ല എന്നതാണ്, ഈ പ്രായത്തില്‍. വ്യക്തിപരമായ നേട്ടങ്ങള്‍ക്കു വേണ്ടി കപിലും സച്ചിന്‍ തെണ്ടുല്‍ക്കറും വിരമിക്കല്‍ വൈകിപ്പിച്ചതു പോലെ ധോനിക്ക് ഒന്നു ശേഷിക്കുന്നില്ല.

എന്നാല്‍ ധോനി നേടിയതൊക്കെയും ലോകക്രിക്കറ്റില്‍ മറ്റാര്‍ക്കും സ്വന്തമാക്കാന്‍ പറ്റാത്ത നേട്ടങ്ങളാണ്. മൂന്ന് ഐ.സി.സി ട്രോഫികളും (ലോക ട്വന്റി20, ഏകദിന ലോകകപ്പ്, ചാമ്പ്യന്‍സ് ട്രോഫി) ധോനി ക്യാപ്റ്റനായിരിക്കെ ടീം ഇന്ത്യക്ക് ലഭിച്ചു. കൂടാതെ, ഒന്നാം നമ്പര്‍ ടെസ്റ്റ് ടീമുമായി.

ഓസീസിലും ഇംഗ്ലണ്ടിലും ദക്ഷിണാഫ്രിക്കയിലും ന്യൂസിലന്‍ഡിലും ക്യാപ്റ്റനായും ബാറ്റ്സ്മാനായും മികച്ച പ്രകടനം നടത്തിയെങ്കിലും ടെസ്റ്റ് കരിയര്‍ നീട്ടിക്കൊണ്ടുപോകാന്‍ ധോനി തയ്യാറായുമില്ല. ഈ വിവേകം ലിമിറ്റഡ് ഓവര്‍ കരിയറിലും ധോനി പിന്തുടരേണ്ടിയിരിക്കുന്നു.

We use cookies to give you the best possible experience. Learn more