| Tuesday, 11th June 2013, 1:50 pm

കോടി രൂപ വിലയുള്ള പാമ്പിന്‍ വിഷവുമായി നാല് പേര്‍ പിടിയില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]കോഴിക്കോട്: ഒരു കോടി രൂപ വിലവരുന്ന പാമ്പിന് വിഷവുമായി കോഴിക്കോട് നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഒരു ലിറ്റര്‍ പാമ്പിന്‍ വിഷമാണ് ഇവരുടെ കയ്യില്‍ നിന്ന് പോലീസ് പിടികൂടിയത്.[]
തിരുവനന്തപുരം സ്വദേശി ഷെരീഫുദ്ദീന്‍ (47), കോഴിക്കോട് സ്വദേശികളായ കല്ലാച്ചി ചോലക്കാട് റമീസ് (20), വെള്ളിപറമ്പ് സ്വദേശി ഭാഗേഷ്, വെസ്റ്റിഹില്‍ തൈക്കൂട്ടം പറമ്പില്‍ ധനേഷ്(27) എന്നിവരെയാണ്  തിരുവനന്തപുരം ഫോറസ്റ്റ് ഇന്റലിജന്‍സും കോഴിക്കോട്ടെ ഫ്‌ളൈയിങ് സ്‌കോര്‍ഡും ചേര്‍ന്നു പിടികൂടിയത്.

സംസ്ഥാനമൊട്ടാകെ പാമ്പിന്‍ വിഷം കടത്തുന്ന പ്രതികളിലെ കണ്ണികളാണ് പിടിയിലായതെന്ന് പോലീസ് അറിയിച്ചു. ഇവരുടെ ബാക്കിയുള്ളവര്‍ക്കെതിരെയുള്ള അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും പോലീസ് വ്യക്തമാക്കി.

തിരുവനന്തപുരം സ്വദേശി ഷെരീഫ് മുഖേനയാണ് ഫോറസ്റ്റ് അധികൃതര്‍ പാമ്പിന്‍ വിഷത്തിന്റെ ആവശ്യക്കാരെന്ന വ്യാജേന സംഘവുമായി ബന്ധപ്പെട്ടത്.

തുടര്‍ന്ന്  വേഷം മാറിയെത്തിയ ഉദ്യോഗസ്ഥര്‍ വിഷവുമായി കോഴിക്കോട് ഈസ്റ്റ് ഹില്ലിലെ കൃഷ്ണമേനോന്‍ മ്യൂസിയത്തിനു സമീപത്തു എത്തിയ നാലുപേരേയും പിടികൂടുകയായിരുന്നു. 70 ലക്ഷം രൂപയ്ക്കായിരുന്നു ഫോറസ്റ്റ് അധികൃതര്‍ കച്ചവടം ഉറപ്പിച്ചിരുന്നത്.

പിടികൂടിയ പ്രതികളെ കോഴിക്കോട് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കും. കേസ് താമരശേരി റേഞ്ചിന് കൈമാറുമെന്ന് ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ അറിയിച്ചു.

We use cookies to give you the best possible experience. Learn more