അങ്കമാലിയിൽ വീടിന് തീ പിടിച്ചു; ഒരു കുടുംബത്തിലെ നാലുപേർ വെന്തുമരിച്ചു
Kerala
അങ്കമാലിയിൽ വീടിന് തീ പിടിച്ചു; ഒരു കുടുംബത്തിലെ നാലുപേർ വെന്തുമരിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 8th June 2024, 7:59 am

അങ്കമാലി: അങ്കമാലിയിൽ വീടിന് തീ പിടിച്ച് ഒരു കുടുംബത്തിലെ നാലുപേർക്ക് ദാരുണാന്ത്യം. അങ്കമാലി പാറക്കുളം അമ്പിളി വീട്ടിൽ ബിനീഷ് കുര്യനും കുടുംബവുമാണ്  മരിച്ചത്. ബിനീഷ് കുര്യൻ ( 45 ), ഭാര്യ അനുമോൾ ( 40 ) മക്കളായ ജോവാന ( 8 ), ജെസ്‌വിൻ ( 5)എന്നിവരാണ് മരിച്ചത്. ശനിയാഴ്ച പുലർച്ചെയായിരുന്നു അപകടം നടന്നത്.

വീടിന്റെ രണ്ടാം നിലയിലായിരുന്നു തീ പിടിച്ചത്. എസിയിൽ നിന്നുള്ള നിന്നുള്ള ഷോർട്ട് സർക്യൂട്ട് ആണ് അപകട കാരണമായതെന്നാണ് പ്രാഥമിക നിഗമനം.

പുലർച്ചെ അഞ്ചുമണിയോടെയാണ് അയൽക്കാർ അപകടവിവരം അറിയുന്നത്. തുടർന്ന് ഓടിയെത്തിയിരുന്നെങ്കിലും രക്ഷാപ്രവർത്തനം നടത്താൻ സാധിക്കാത്ത വിധം തീ ആളിപ്പടർന്നിരുന്നു.

ഏതാണ്ട് ഒരു മണിക്കൂറോളം തീ കത്തിയതായി അയൽക്കാർ പറയുന്നു. തീ ആളിപ്പടർന്നതിനാലും വാതിലുകൾ അകത്ത് നിന്ന് പൂട്ടിയതിയോനാലും ആളുകൾക്ക് അകത്തേക്ക് പ്രവേശിക്കാനും സാധിച്ചിരുന്നില്ല. അഞ്ചരയോടെ ഫയർ ഫോഴ്സ് എത്തുകയും വീട് തുറക്കുകയും ചെയ്തു. എങ്കിലും ആരെയും രക്ഷിക്കാൻ സാധിച്ചില്ല.

ബിനീഷും കുടുംബവും കിടന്ന രണ്ടാം നിലയിലെ മുറിയിൽ മാത്രാമാണ് തീപിടിത്തം ഉണ്ടായത്. താഴത്തെ നിലയിൽ കിടന്നിരുന്ന ബിനീഷിന്റെ അമ്മ ചിന്നമ്മയാണ് തീപിടിച്ച വിവരം ആദ്യം അറിഞ്ഞത്. മുറിയിലേക്ക് പുക കയറിയതോടെയായിരുന്നു  ചിന്നമ്മ വീട്ടിൽ തീപിടിത്തമുണ്ടായതറിഞ്ഞത്.  തുടർന്ന് നിലവിളിച്ച് നാട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു.

‘പട്ടിയുടെ കുരയും  വീട്ടിൽ നിന്നുള്ള നിലവിളിയും കേട്ടാണ് ഞാൻ ഓടിയെത്തിയത് നോക്കുമ്പോൾ വീടിന്റെ രണ്ടാം നിലയിൽ നിന്ന് തീ ആളിപ്പടരുന്നുണ്ട്. ഇവിടെ പണിക്ക് നിൽക്കുന്ന ബംഗാളിയും ഞങ്ങളും വെള്ളമൊഴിച്ച് തീ കെടുത്താൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല,’  അയൽക്കാർ പറഞ്ഞു.

 

വീട്ടിലെ ഫോറൻസിക് പരിശോധന നടന്നുകൊണ്ടിരിക്കുകയാണ്. മൃതദേഹങ്ങൾ പോസ്റ്റുമാറ്റത്തിനായി ഉടൻ തന്നെ കളമശ്ശേരി മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോകും.

അങ്കമാലിയിലെ വ്യാപാരിയാണ് ബിനീഷ്. ഭാര്യ അനു സ്വകാര്യ ആശുപത്രിയിൽ നഴ്സിംഗ് ട്യൂട്ടറായിരുന്നു. മൂത്ത മകൾ മൂന്നാം ക്ലാസ്സിലും ഇളയ കുട്ടി ഒന്നാംക്ലാസിലുമായിരുന്നു.

 

 

updating…

 

Content Highlight: 4 people from a family died in Angamaali