| Thursday, 13th October 2022, 5:29 pm

എജ്ജാദി കോമഡി; ഒരു ക്യാച്ചിന് പിന്നാലെ നാല് പേര്‍, എന്നാല്‍ ഒരാള്‍ പോലും പിടിച്ചതും ഇല്ല; ചിരിപ്പിച്ച് കിവികള്‍

സ്പോര്‍ട്സ് ഡെസ്‌ക്

ന്യൂസിലാന്‍ഡ് – പാകിസ്ഥാന്‍ – ബംഗ്ലാദേശ് ടീമുകള്‍ തമ്മില്‍ നടക്കുന്ന ത്രിരാഷ്ട്ര പരമ്പരയില്‍ ബംഗ്ലാദേശിന് തോല്‍വിയൊഴിയുന്നില്ല. ഇന്ന് നടന്ന മത്സരത്തില്‍ പാകിസ്ഥാനോട് ഏഴ് വിക്കറ്റിനായിരുന്നു ബംഗ്ലാദേശ് പരാജയപ്പെട്ടത്.

കഴിഞ്ഞ ദിവസം നടന്ന ബംഗ്ലാദേശ് – ന്യൂസിലാന്‍ഡ് മത്സരത്തിലും ബംഗ്ലാ കടുവകള്‍ പരാജയപ്പെട്ടിരുന്നു. 48 റണ്‍സിനായിരുന്നു ബ്ലാക് ക്യാപ്‌സ് ബംഗ്ലാദേശിനെ നിലം തൊടീക്കാതെ പരാജയപ്പെടുത്തിയത്.

കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ രസകരമായ ഒരു സംഭവം നടന്നിരുന്നു. ന്യൂസിലാന്‍ഡിന്റെ വിജയത്തേക്കാള്‍ ഏറെ ചര്‍ച്ചയാവുന്നതും ഈ സംഭവം തന്നെയാണ്.

സാധാരണ പാകിസ്ഥാന്‍ ഫീല്‍ഡര്‍മാരുടെ ഭാഗത്ത് നിന്നും കണ്ടുവരുന്ന അതേ മിസ്റ്റേക്ക് ന്യൂസിലാന്‍ഡ് താരങ്ങള്‍ ആവര്‍ത്തിച്ചതായിരുന്നു കഴിഞ്ഞ മത്സരത്തിലെ പ്രധാന കാഴ്ച.

ഒരു ക്യാച്ചിന് പിന്നാലെ രണ്ടോ മൂന്നോ താരങ്ങള്‍ വരുന്നതും എന്നാല്‍ അവരില്‍ ഒരാള്‍ക്ക് പോലും ക്യാച്ച് കംപ്ലീറ്റ് ചെയ്യാന്‍ സാധിക്കാത്തതുമായ നിരവധി ഇന്‍സിഡന്റുകള്‍ പാകിസ്ഥാന്‍ താരങ്ങളുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടുണ്ട്. സയ്യിദ് അജ്മലും കമ്രാന്‍ അക്മലും കൂട്ടിയിടിച്ച് ക്യാച്ച് നഷ്ടപ്പെടുത്തുന്നത് ക്രിക്കറ്റില്‍ തന്നെ ഏറ്റവുമധികം പേര്‍ കണ്ട വീഡിയോകളില്‍ ഒന്നാണ്.

അത്തരത്തില്‍ ഒരു സംഭവമാണ് ന്യൂസിലാന്‍ഡ് താരങ്ങളുടെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്നത്. എന്നാല്‍ ബൗളറും വിക്കറ്റ് കീപ്പറുമടക്കം നാല് പേരാണ് ക്യാച്ചെടുക്കാന്‍ ഒരുങ്ങി പുറപ്പെട്ടത്. എന്നാല്‍ നാല് പേരും ക്യാച്ച് എടുക്കാതെ നോക്കി നില്‍ക്കുകയായിരുന്നു.

ബംഗ്ലാദേശ് ഇന്നിങ്‌സിന്റെ ആദ്യ ഓവറില്‍ തന്നെയാണ് സംഭവം നടന്നത് എന്നതാണ് രസകരമായ മറ്റൊരു വസ്തുത. ബംഗ്ലാ താരം നജ്മുല്‍ ഹൊസൈന്‍ ഷാന്റോക്കാണ് കിവി താരങ്ങളുടെ മണ്ടത്തരം കാരണം ജീവന്‍ നീട്ടി കിട്ടിയത്.

സൂപ്പര്‍ താരം ട്രന്റ് ബോള്‍ട്ടിനെ അടിച്ചു പറത്താന്‍ നോക്കിയ നജ്മുല്‍ ഹൊസൈന് പാടെ പിഴക്കുകയായിരുന്നു. കുത്തനെ പൊങ്ങിയ പന്തിന് പിന്നാലെ നാല് താരങ്ങളാണ് ക്യാച്ചെടുക്കാന്‍ ഓടിയെത്തിയത്.

സൂപ്പര്‍ താരം ഡെവോണ്‍ കോണ്‍വേ ക്യാച്ചിന് കോള്‍ ചെയ്‌തെങ്കിലും മറ്റുള്ളവര്‍ എത്തുന്നത് ശ്രദ്ധയില്‍ പെട്ടതോടെ ക്യാച്ചെടുക്കാതെ നില്‍ക്കുകയായിരുന്നു. കോണ്‍വേ ക്യാച്ചെടുക്കും എന്ന പ്രതീക്ഷയില്‍ മറ്റുള്ളവരും ക്യാച്ചിന് മുതിര്‍ന്നില്ല.

എന്നാല്‍ പന്ത് നാല് പേരുടെയും നടുക്ക് തന്നെ വീഴുകയായിരുന്നു. ഒരു ഈസി ക്യാച്ച് മിസ്സാക്കിയതിന് ബോള്‍ട്ട് കോണ്‍വേയോട് കട്ട കലിപ്പിലുമായിരുന്നു.

ആദ്യ ഓവറില്‍ ലഭിച്ച ലൈഫ് മുതലാക്കാന്‍ നജ്മുല്‍ ഹൊസൈനുമായില്ല. 12 പന്തില്‍ നിന്നും 11 റണ്‍സ് നേടിയാണ് താരം പുറത്തായത്.

ന്യൂസിലാന്‍ഡ് ഉയര്‍ത്തിയ 209 റണ്‍സിന്റെ ലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ബംഗ്ലാദേശിന് 160 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്. 44 പന്തില്‍ നിന്നും 70 റണ്‍സ് നേടിയ ഷാകിബ് അല്‍ ഹസനാണ് ബംഗ്ലാ നിരയിലെ ടോപ് സ്‌കോറര്‍.

Content Highlight: 4 NZ fielders run for catch but no one makes an attempt, Video goes viral

We use cookies to give you the best possible experience. Learn more