| Wednesday, 23rd December 2020, 9:11 am

'ആ നാല് മന്ത്രിമാരെവിടെ'; മമത വിളിച്ചു ചേര്‍ത്ത ക്യാബിനറ്റ് യോഗത്തില്‍ ചര്‍ച്ചയായത് നാലു പേരുടെ അസാന്നിധ്യം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്‍ക്കത്ത; പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി വിളിച്ചു ചേര്‍ത്ത ക്യാബിനറ്റ് യോഗത്തില്‍ നാല് മന്ത്രിമാരെത്തിയില്ല. ബംഗാള്‍ രാഷ്ട്രീയം വലിയ വിവാദങ്ങളിലൂടെയും അട്ടിമറി നീക്കങ്ങളിലൂടെയും കടന്നു പോകുന്ന ഘട്ടത്തില്‍ നിര്‍ണായക ക്യാബിനറ്റ് യോഗത്തില്‍ എത്തിച്ചേരാത്ത നാല് മന്ത്രിമാരിലാണ് തൃണമൂല്‍ നേതൃത്വത്തിന്റെ ശ്രദ്ധ മുഴുവന്‍ പോയത്.

യോഗത്തില്‍ പങ്കെടുക്കാത്ത നാല് പേരില്‍ മൂന്ന് പേര്‍ കൃത്യമായ വിശദീകരണങ്ങള്‍ നല്‍കിയെന്നാണ് റിപ്പോര്‍ട്ട്. അതേസമയം നാലാമത്തെയാള്‍ യോഗത്തില്‍ പങ്കെടുക്കാത്തതിന്റെ കാരണം ഇതുവരെ വ്യക്തമാക്കിയിട്ടില്ല.

രജീബ് ബാനര്‍ജി, രബീന്ദ്രനാഥ് ഘോഷ്, ഗൗതം ദേബ്, ചന്ദ്രനാഥ് സിന്‍ഹ എന്നിവരാണ് മന്ത്രിസഭായോഗത്തില്‍ നിന്ന് വിട്ടു നിന്നത്. വനം വകുപ്പ് മന്ത്രി രജീബ് ബാനര്‍ജിയാണ് തൃണമൂല്‍ നേതൃത്വവുമായി ഒരു തരത്തിലുള്ള സംഭാഷണവും നടത്താതിരുന്നത്.

ഇദ്ദേഹം തൃണമൂല്‍ കോണ്‍ഗ്രസിലെ ഏകാധിപത്യ പ്രവണതകളെ വിമര്‍ശിച്ച് നേരത്തെ രംഗത്തെത്തിയതും തൃണമൂല്‍ കോണ്‍ഗ്രസില്‍ വലിയ ആശങ്കയാണ് ഉണ്ടാക്കിയിരിക്കുന്നത്.

തൃണമൂല്‍ വിട്ട് ബി.ജെ.പിയിലെത്തിയ സുവേന്തു അധികാരിക്ക് പിന്നാലെ രജീബ് ബാനര്‍ജിയേയും ബി.ജെ.പിയിലെത്തിക്കാനുള്ള ശ്രമങ്ങള്‍ സജീവമാണെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

നിയമസഭ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ബി.ജെ.പി നേതാക്കളെല്ലാം പശ്ചിമ ബംഗാളില്‍ തമ്പടിച്ചിരിക്കുകയാണ്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ദ്വദിന സന്ദര്‍ശനത്തിനായി കൊല്‍ക്കത്തയില്‍ എത്തിയിരുന്നു.

പശ്ചിമ ബംഗാള്‍ നിയമസഭ തെരഞ്ഞെടുപ്പ് അടുത്ത പശ്ചാത്തലത്തിലാണ് ബി.ജെ.പി ബംഗാളിലെ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കിയത്.

രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി ശനിയാഴ്ചയാണ് അമിത് ഷാ ബംഗാളിലെത്തിയത്. പ്രമുഖ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ സുവേന്തു അധികാരിയടക്കം വിവിധ പാര്‍ട്ടികളുടെ 10 എം.എല്‍.എമാരും ഒരു എം.പിയും അമിത് ഷാ പങ്കെടുത്ത റാലിയില്‍ ബി.ജെ.പിയില്‍ ചേര്‍ന്നിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: 4 Missing At Mamata Banerjee’s Cabinet Meet, All Eyes On Forest Minister

We use cookies to give you the best possible experience. Learn more