ന്യൂദല്‍ഹി: ക്രിക്കറ്റ് ചരിത്രത്തില്‍ ഏറ്റവുമധികം ഏകദിന ലോകകപ്പുകള്‍ നേടിയ ടീം ഓസ്‌ട്രേലിയയായിരിക്കാം. പക്ഷേ, അണ്ടര്‍ 19 ക്രിക്കറ്റിന്റെ രാജാക്കന്മാര്‍ ഇന്ത്യ തന്നെയാണ്. നാലുതവണ അണ്ടര്‍ 19 ലോകകപ്പ് നേടിയാണ് ഇന്ത്യ അടുത്തമാസം നടക്കുന്ന ലോകകപ്പിന് ദക്ഷിണാഫ്രിക്കയിലേക്കു വിമാനം കയറുന്നത്.
ഇത്തവണ ഇന്ത്യയുടെ യുവനിരയെ നയിക്കുന്നത് പ്രിയം ഗാര്‍ഗാണ്. ഇന്ത്യന്‍ അണ്ടര്‍ 19 ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനാവുകയെന്നാല്‍ അന്താരാഷ്ട്ര ക്രിക്കറ്റിലേക്കുള്ള ഏറ്റവും വലിയ ചുവടുവെപ്പാണ്. മുന്‍ ക്യാപ്റ്റന്മാര്‍ പലപ്പോഴായി അതു തെളിയിച്ചിട്ടുള്ളതുമാണ്.
ഈ സാഹചര്യത്തിലാണ് മുന്‍പ് ഇന്ത്യക്ക് അണ്ടര്‍ 19 ലോകകപ്പുകള്‍ നേടിക്കൊടുത്ത നാല് ക്യാപ്റ്റന്മാര്‍ ഇന്നെവിടെയെന്നു പരിശോധിക്കുന്നത്.
1) പൃഥ്വി ഷാ (2018)
കഴിഞ്ഞവര്‍ഷവും ഇന്ത്യ തന്നെയായിരുന്നു ലോകകപ്പ് വിജയികള്‍. നാലുതവണ അണ്ടര്‍ 19 ലോകകപ്പ് നേടുന്ന ടീമെന്ന റെക്കോഡായിരുന്നു ഇതുവഴി ഇന്ത്യ നേടിയത്. അന്ന് ഇന്ത്യന്‍ യുവ ടീമിന്റെ ക്യാപ്റ്റന്‍ വലംകൈയന്‍ ബാറ്റ്‌സ്മാനായ പൃഥ്വി ഷായായിരുന്നു. ആറുകളികളില്‍ നിന്നായി 65.25 ശരാശരിയില്‍ 261 റണ്‍സാണ് ഷാ നേടിയത്.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഇതിനു പിറകെ അതേവര്‍ഷം ഒക്ടോബറില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ നടന്ന ടെസ്റ്റ് പരമ്പരയില്‍ ഷായ്ക്കു സ്ഥാനം ലഭിച്ചു. അതിനോടു നീതി പുലര്‍ത്തി ആദ്യ ഇന്നിങ്‌സില്‍ തന്നെ ഷാ സെഞ്ചുറിയും കുറിച്ചു. 237 റണ്‍സാണ് അദ്ദേഹം ആ പരമ്പരയില്‍ നേടിയത്.
ഇതോടെ ഇന്ത്യന്‍ ടീമില്‍ ഷായുടെ സ്ഥാനം ഉറപ്പിച്ചെന്ന് ക്രിക്കറ്റ് നിരീക്ഷകരും ആരാധകരും ഉറപ്പിച്ചു. എന്നാല്‍ ഷായ്ക്ക് കാര്യങ്ങള്‍ അത്ര എളുപ്പമായിരുന്നില്ല. ഓസ്‌ട്രേലിയക്കെതിരായ അടുത്ത പരമ്പരയിലെ പരിശീലന മത്സരത്തിനിടെ ഏറ്റ പരിക്ക് അദ്ദേഹത്തെ ടീമില്‍ നിന്നു പുറത്താക്കുന്നതിലേക്കെത്തിച്ചു.
അതിനു പിന്നാലെ ഉത്തേജക മരുന്ന് വിവാദം കരിയറിനെത്തന്നെ ബാധിച്ചു. എട്ടുമാസത്തെ വിലക്കാണ് ഷായെ കാത്തിരുന്നത്.
വിലക്കിനു ശേഷം ഈ വര്‍ഷം ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തിയ ഷാ, മുംബൈയ്ക്കു വേണ്ടി ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച പ്രകടനം കാഴ്ചവെച്ചു. സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലും സമാന പ്രകടനമാണ് ഷാ നടത്തിയത്. എന്നാല്‍ ഇന്ത്യന്‍ ടീമിലേക്കുള്ള ഈ ഇരുപതുകാരന്റെ തിരിച്ചുവരവ് ഇപ്പോഴും സാധ്യമായിട്ടില്ല.
2) ഉന്മുക്ത് ചന്ദ് (2012)
2012-ല്‍ ഇന്ത്യന്‍ അണ്ടര്‍ 19 ലോകകപ്പ് കിരീടം നേടുമ്പോള്‍ ക്യാപ്റ്റനായിരുന്നു ഉന്മുക്ത് ചന്ദ്. 225 റണ്‍സ് വിജയലക്ഷ്യവുമായി ഫൈനലില്‍ ഇറങ്ങിയ ഉന്മുക്ത് 130 പന്തില്‍ നിന്ന് 111 റണ്‍സ് നേടി ടീമിനെ ഒറ്റയ്ക്കു വിജയത്തിലെത്തിച്ചിരുന്നു. എന്നാല്‍ ഏഴുവര്‍ഷം കഴിഞ്ഞിട്ടും ഒരിക്കലും ഇന്ത്യയുടെ സീനിയര്‍ ടീമില്‍ ഇടംപിടിക്കാന്‍ അദ്ദേഹത്തിനായിട്ടില്ല.
62 ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ നിന്നായി 33.35 ശരാശരിയില്‍ 3235 റണ്‍സാണ് ഉന്മുക്ത് നേടിയത്. എട്ട് സെഞ്ചുറികള്‍ നേടി. പക്ഷേ ഈ ഭേദപ്പെട്ട പ്രകടനം മതിയാകുമായിരുന്നില്ല സീനിയര്‍ ടീമിലെത്താന്‍. ദല്‍ഹി ക്രിക്കറ്റിന്റെ നെടുംതൂണുകളിലൊന്നായി വിലയിരുത്തപ്പെട്ടിരുന്ന ഈ താരമിപ്പോള്‍ ഉത്തരാഖണ്ഡ് രഞ്ജി ടീമിന്റെ ക്യാപ്റ്റനാണ്.
3) വിരാട് കോഹ്‌ലി (2008)
അണ്ടര്‍ 19 ക്രിക്കറ്റ് സമ്മാനിച്ച ഏറ്റവും മികച്ച താരമെന്നു വിശേഷിപ്പിക്കേണ്ടി വരും വിരാട് കോഹ്‌ലിയെന്ന ദല്‍ഹിക്കാരനെ. മലേഷ്യയിലെ ക്വാലാലംപുരില്‍ അണ്ടര്‍ 19 ലോകകപ്പ് ഉയര്‍ത്തിയ വിരാട് ഇപ്പോള്‍ എല്ലാ ഫോര്‍മാറ്റിലും ഇന്ത്യയെ നയിക്കുന്ന താരമാണ്. ലോകക്രിക്കറ്റിലെ തന്നെ ഏറ്റവും മികച്ച ബാറ്റ്‌സ്മാനും.
അന്ന് അണ്ടര്‍ 19 ലോകകപ്പ് നേടുമ്പോള്‍ ഇന്ത്യക്കു വേണ്ടി ഏറ്റവുമധികം റണ്‍സ് നേടുന്ന താരമായിരുന്നു വിരാട് പരമ്പരയില്‍. 47 റണ്‍സ് ശരാശരിയില്‍ ആറു കളികളില്‍ നിന്നായി 235 റണ്‍സാണ് അദ്ദേഹം നേടിയത്. 94.75 സ്‌ട്രൈക്ക് റേറ്റായിരുന്നു അന്ന് ഇന്ത്യന്‍ ക്യാപ്റ്റന്.
തുടര്‍ന്ന് വളരെപ്പെട്ടെന്നായിരുന്നു വിരാടിന്റെ വളര്‍ച്ച. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇരുപതിനായിരത്തിലധികം റണ്‍സും 70 സെഞ്ചുറികളും 101 അര്‍ധസെഞ്ചുറികളുമാണ് അദ്ദേഹത്തിന്റെ പേരിലുള്ളത്.
4) മുഹമ്മദ് കൈഫ് (2000)
രണ്ടായിരത്തില്‍ ആദ്യമായായിരുന്നു ഇന്ത്യയുടെ അണ്ടര്‍ 19 ലോകകപ്പ് വിജയം. ഇന്ത്യയുടെ എക്കാലത്തെയും മികച്ച ഫീല്‍ഡര്‍മാരില്‍ ഒരാളായ മുഹമ്മദ് കൈഫായിരുന്നു അന്നത്തെ ക്യാപ്റ്റന്‍.
കോഹ്‌ലി കഴിഞ്ഞാല്‍ അണ്ടര്‍ 19 ക്യാപ്റ്റന്മാരില്‍ ഏറ്റവും നേട്ടമുണ്ടാക്കിയ താരവും കൈഫാണ്. 2002-2006 കാലയളവില്‍ ഇന്ത്യന്‍ ഏകദിന ടീമിന്റെ നിര്‍ണായക ഘടകമായിരുന്നു കൈഫ്. എന്നാല്‍ ടെസ്റ്റ് ടീമില്‍ ശോഭിക്കാന്‍ അദ്ദേഹത്തിനായില്ല.
2002-ലെ നാറ്റ്‌വെസ്റ്റ് ട്രോഫിയില്‍ ഇംഗ്ലണ്ടിനെതിരെ കൈഫ് നേടിയ 87 റണ്‍സ് ഇന്ത്യന്‍ ആരാധകര്‍ ഇപ്പോഴും ഓര്‍ത്തിരിക്കുന്ന ഇന്നിങ്‌സാണ്. അന്നത്തെ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലിയുടെ വിശ്വസ്തനായിരുന്നു ഈ വലംകൈയന്‍.
125 ഏകദിനങ്ങളില്‍ നിന്നായി 2753 റണ്‍സാണ് 32.01 ശരാശരിയില്‍ കൈഫ് നേടിയത്. സ്‌ട്രൈക്ക് റേറ്റ് 72.03. ഇപ്പോള്‍ ഈ 39-കാരന്‍ ടെലിവിഷനില്‍ ക്രിക്കറ്റ് കമന്റേറ്ററാണ്. അതിനിടെ ദല്‍ഹി ക്യാപിറ്റല്‍സിന്റെ സഹപരിശീലക സ്ഥാനവും ഐ.പി.എല്ലില്‍ വഹിക്കുന്നുണ്ട്.