| Sunday, 12th January 2020, 4:15 pm

സുപ്രീം കോടതി വിധി പൂര്‍ണ്ണം; കായലോരം കൈയ്യേറി നിര്‍മിച്ച നാലാമത്തെ ഫ്‌ളാറ്റും പൊളിച്ചുനീക്കി

ഡൂള്‍ന്യൂസ് ഡെസ്‌ക്

മരട്: മരടിലെ നാലാമത്തെ ഫ്‌ളാറ്റും പൊളിച്ചു. സുപ്രീം കോടതി പൊളിച്ചു നീക്കാന്‍ ഉത്തരവിട്ട നാലാമത്തെ ഫ്‌ളാറ്റും തകര്‍ത്തതോടെ കോടതി വിധി പൂര്‍ണ്ണമായും നടപ്പിലായിരിക്കുകയാണ്.

ഞായറാഴ്ച ഉച്ചക്ക് രണ്ടരയോടെയാണ് അവസാന ഫ്‌ളാറ്റ് സമുച്ചയമായ ഗോള്‍ഡന്‍ കായലോരവും നിയന്ത്രിത സ്‌ഫോടനത്തിലൂടെ തകര്‍ത്തത്. പൂര്‍ണ്ണമായ വിജയമായിരുന്നു പൊളിച്ചുനീക്കലെന്ന് അധികൃതര്‍ അറിയിച്ചു.

കൃത്യമായ സുരക്ഷക്രമീകരണങ്ങള്‍ ഒരുക്കിയിരുന്നതിനാല്‍ രണ്ട് മീറ്റര്‍ മാത്രം അകലെയുള്ള അംഗന്‍വാടി കെട്ടിടത്തിന് തകരാറുകള്‍ ഒന്നും സംഭവിച്ചില്ല എന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.

DoolNews Video

കായലോരം കൈയ്യേറി അനധികൃതമായി നിര്‍മ്മിച്ചതാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു മരടിലെ എച്ച്ടുഒ, ആല്‍ഫ സെറീന്‍, ജെയിന്‍ കോറല്‍ കോവ്, ഗോള്‍ഡന്‍ കായലോരം എന്നീ ഫ്‌ളാറ്റുകള്‍ പൊളിച്ചുനീക്കാന്‍ സുപ്രീം കോടതി ഉത്തരവിട്ടത്. എച്ച്ടുഒ, ആല്‍ഫ സെറീന്‍ എന്നീ ഫ്‌ളാറ്റുകള്‍ ശനിയാഴ്ചയും ബാക്കി രണ്ടെണ്ണം ഇന്നുമാണ് സ്‌ഫോടനത്തിലൂടെ തകര്‍ത്തത്.

സുപ്രീം കോടതി നിശ്ചയിച്ച സമയപരിധിക്കുള്ളില്‍ തന്നെ മരടിലെ നാല് ഫ്‌ളാറ്റുകളും സര്‍ക്കാര്‍ പൊളിച്ചു നീക്കി. ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് സംസ്ഥാന സര്‍ക്കാര്‍ നാളെ സുപ്രീം കോടതിക്ക് സമര്‍പ്പിക്കും.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഫ്‌ളാറ്റ് പൊളിക്കുന്നതിനിടെ ഏതെങ്കിലും വീടുകള്‍ക്ക് നാശനഷ്ടം സംഭവിച്ചിട്ടുണ്ടെങ്കില്‍ നഷ്ടപരിഹാരം നല്‍കുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി. മൊയ്തീന്‍ അറിയിച്ചു.

ഫ്‌ളാറ്റ് പൊളിച്ചു നീക്കല്‍ വിജയകരമായി പൂര്‍ത്തിയാക്കിയെങ്കിലും ഇനിയുള്ള പ്രധാന പ്രശ്‌നം തകര്‍ത്ത കെട്ടിടങ്ങളുടെ അവശിഷ്ടങ്ങള്‍ കൈകാര്യം ചെയ്യുന്നതാണ്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

നാലു ഫ്‌ളാറ്റുകളില്‍ നിന്നായി 76350 ടണ്‍ കോണ്‍ക്രീറ്റ് മാലിന്യം പ്രദേശത്ത് ഉണ്ടാകുമെന്നാണ് കണക്കാക്കുന്നത്. ഈ മാലിന്യങ്ങള്‍ അരൂര്‍ പഞ്ചായത്തിലെ ചന്തിരൂരിലേക്ക് മാറ്റുമെന്നായിരുന്നു കരാര്‍ ഏറ്റെടുത്ത പോംപ്റ്റ് കമ്പനി പ്രതിനിധി അച്യുത് ജോസഫ് പറഞ്ഞത്. എന്നാല്‍ മാലിന്യം നാട്ടില്‍ നിക്ഷേപിക്കുന്നതിനെതിരെ പ്രദേശവാസികള്‍ പ്രതിഷേധത്തിലാണ്.

We use cookies to give you the best possible experience. Learn more