Advertisement
Kerala News
കനത്തമഴ; മഴക്കെടുതിയില്‍ സംസ്ഥാനത്ത് മരണം നാലായി: സംസ്ഥാനത്ത് കനത്ത ജാഗ്രതനിര്‍ദ്ദേശം
ഡൂള്‍ന്യൂസ് ഡെസ്‌ക്
2018 Aug 15, 03:24 am
Wednesday, 15th August 2018, 8:54 am

തിരുവനന്തപുരം : സംസ്ഥാനത്ത് തുടരുന്ന കനത്ത മഴയില്‍ ഇന്ന് മാത്രം നാലുപേര്‍ മരിച്ചു. മലപ്പുറം കൊണ്ടോട്ടിയില്‍ വീടിന് മുകളില്‍ മണ്ണിടിഞ്ഞ് ഒരു വീട്ടിലെ രണ്ടുപേര്‍ മരിച്ചു.

കൈതക്കുണ്ട് പൂച്ചാലില്‍ കല്ലാടിപ്പാറയില്‍ അസീസ്, ഭാര്യ സുനീറ എന്നിവരാണ് മരിച്ചത്. ആറുവയസ്സുകാരനായ മകനായി തിരച്ചില്‍ തുടരുകയാണ്.

അതേസമയം മൂന്നാറിലും മണ്ണിടിഞ്ഞ് ഒരാള്‍ മരിച്ചു. ഹോട്ടലിന് മുകളില്‍ മണ്ണിടിഞ്ഞ് ജീവനക്കാരനാണ് മരിച്ചത്. തമിഴ്‌നാട് സ്വദേശി മദനന്‍ ആണ് മരിച്ചത്.

പോസ്റ്റ് ഓഫീസിന് സമീപത്തെ ശരവണ ഇന്‍ എന്ന ലോഡ്ജാണ് തകര്‍ന്നത്.റാന്നി ഇട്ടിയപ്പാറ ബൈപ്പാസില്‍ മുങ്ങിയ വീടിനുള്ളില്‍ ഷോക്കേറ്റ് ഒരാള്‍ മരിച്ചു. ചുഴുകുന്നില്‍ ഗ്രേസിയാണ് മരിച്ചത്.


ALSO READ: സംസ്ഥാനത്ത് 18 വരെ കനത്തമഴ; എഴ് ജില്ലകളില്‍ റെഡ് അലര്‍ട്ട്


ചെറുതോണിയിലും കോരുത്തോടിലും ഉരുള്‍ പൊട്ടലുണ്ടായി. നിരവധി വീടുകളില്‍ വെള്ളം കയറി. അതീവ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. അപകട സാധ്യതകള്‍ കണക്കിലെടുത്ത് ഏഴ് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.

ജലനിരപ്പ് ഉയര്‍ന്നതിനെത്തുടര്‍ന്ന് മുല്ലപ്പെരിയാര്‍ ഡാം തുറന്നു. 11 ഷട്ടറുകള്‍ ഒരടി വീതം തുറന്നു. 4489 ഘനയടി വെള്ളം പുറത്തേക്ക് ഒഴുക്കുന്നുവെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.

നെടുമ്പാശേരി വിമാനത്താവളത്തില്‍ വിമാനങ്ങള്‍ ഇറങ്ങുന്നത് താത്കാലികമായി നിര്‍ത്തിവച്ചു.ഉച്ചയ്ക്ക് രണ്ടു മണി വരെയാണ് സര്‍വീസുകള്‍ നിര്‍ത്തി വെച്ചെന്നാണ് അധികൃതര്‍ പറഞ്ഞത്. മുല്ലപ്പെരിയാര്‍ അണക്കെട്ടു കൂടി തുറന്ന സാഹചര്യത്തില്‍ പെരിയാറില്‍ വെള്ളം ക്രമാതീതമായി ഉയരുന്നതിനാല്‍ റണ്‍വേയില്‍ വെള്ളം കയറാന്‍ സാധ്യതയുണ്ട്.