| Tuesday, 5th November 2019, 9:22 am

ത്രിപുര ആദിവാസി അഭയാര്‍ത്ഥി ക്യാംപില്‍ നാലു മരണം; പട്ടിണിമൂലമെന്ന് ആരോപണം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഗുവാഹത്തി: ത്രിപുരയ്ക്കടുത്തുള്ള അഭയാര്‍ഥി ക്യാംപില്‍ കഴിയുന്ന നാലുപേര്‍ മരിച്ചു. മിസോറാമില്‍ നിന്നും പുറത്താക്കപ്പെട്ട് അഭയാര്‍ത്ഥികളായി കഴിയുന്ന ബ്രൂ ആദിവാസി വിഭാഗത്തില്‍പ്പെട്ടവരാണ് മരിച്ചത്. പട്ടിണി മൂലമാണ് മരണമെന്ന് ബ്രൂ ആദിവാസി നേതാക്കള്‍ ആരോപിച്ചു.

അഞ്ചു ദിവസങ്ങളിലായാണ് നാലു മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. നാലുമാസം പ്രായമുള്ള കുഞ്ഞും മരിച്ചവരില്‍ ഉള്‍പ്പെടുന്നു. 35,000ത്തോളം പുറത്താക്കപ്പെട്ട ബ്രൂ വിഭാഗക്കാര്‍ ത്രിപുരയിലെ ആറു അഭയാര്‍ത്ഥി ക്യാംപുകളിലായി ഉണ്ടെന്നാണ് കണക്കാക്കുന്നത്.

അഭയാര്‍ത്ഥികള്‍ക്ക് നല്‍കികൊണ്ടിരുന്ന സൗജന്യ റേഷന്‍ കേന്ദ്രം നിര്‍ത്തലാക്കിയതായി മിസോറാം ബ്രൂ ഡിസ്‌പ്ലേയ്‌സ്ഡ് ഫോറം ആരോപിച്ചു.

മരിച്ചവരില്‍ രണ്ടുപേരുടെ ശരീരം ദഹിപ്പിക്കുന്നതിനായി വിട്ടു നല്‍കിയിട്ടുണ്ട്. ശേഷിക്കുന്ന രണ്ടുപേരുടെ ശരീരം മരണ കാരണം വ്യക്തമാക്കുന്നതിനായി പോസ്റ്റുമോര്‍ട്ടത്തിനയച്ചു. ഒരു ശരീരം അടക്കിയിരുന്നെങ്കിലും പോസ്റ്റുമോര്‍ട്ടത്തിന് വേണ്ടി പുറത്തെടുക്കുകയായിരുന്നു.

ഒക്ടോബര്‍ മൂന്നിന് ആരംഭിച്ച അഭയാര്‍ത്ഥികളുടെ പുനരധിവാസം നവംബര്‍ 30ന് അവസാനിക്കും. എന്നാല്‍ സൗജന്യ റേഷന്‍ കൂടി നിര്‍ത്തലാക്കിയ സാഹചര്യത്തില്‍ പലര്‍ക്കും മിസോറാമിലേക്ക് തിരിച്ചു പോവാന്‍ താത്പര്യമില്ല.

ധാരാളം രോഗികളും ഗര്‍ഭിണികള്‍ അടക്കമുള്ളവര്‍ ക്യാംപിലുണ്ട്. എന്നാല്‍ അവര്‍ക്കൊന്നും ആവശ്യമായ ഭക്ഷണം ഇവിടെ ലഭിക്കുന്നില്ലെന്നും ബ്രൂ ഡിസ്‌പ്ലേസ്ഡ് ഫോറം ആരോപിച്ചു.

പുനരധിവാസം തുടങ്ങിയ ശേഷം നൂറോളം വരുന്ന ആളുകള്‍ മാത്രമാണ് മിസോറാമിലേക്ക് തിരിച്ചുപോവാന്‍ തയ്യാറായത്. ഇവര്‍ക്ക് റേഷന്‍ കാര്‍ഡുകള്‍ നല്‍കാനും ഇതുവരെയും സര്‍ക്കാര്‍ തയ്യാറായിട്ടില്ല.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

1998ലെ മിസോകളുമായുള്ള കലാപത്തിനു ശേഷമാണ് 40,000 ത്തിലധികം വരുന്ന ബ്രൂ വിഭാഗക്കാര്‍ ത്രിപുരയിലേക്ക് വന്നത്.അടുത്ത കാലത്ത് കുറച്ചുപേര്‍ മിസോറാമിലേക്ക് തിരിച്ചു പോയിരുന്നു.

We use cookies to give you the best possible experience. Learn more