ചെന്നൈ: തമിഴ്‌നാടിന്റെ തീരപ്രദേശങ്ങളില്‍ വീശിയടിച്ച നീലം കൊടുങ്കാറ്റില്‍ നാല് മരണം. ആറ്‌പേരെ കാണാതായി. പത്തോളം പേര്‍ ഇവിടെ തിരയില്‍ അകപ്പെട്ടെങ്കിലും പിന്നീട് രക്ഷപ്പെടുത്തി.
ആന്ധ്രാ, പുതുച്ചേരി തീരങ്ങളില്‍ ഇന്ന് കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രങ്ങള്‍ മുന്നറിയിപ്പ് നല്‍കി. ചെന്നൈയില്‍ നിന്നും 500 കിലോ മീറ്റര്‍ അകലെ ന്യൂനമര്‍ദ്ദം മൂലം രൂപം കൊണ്ട നീലം കൊടുംങ്കാറ്റ് ഇത് ആദ്യമായാണ് കരയിലെത്തുന്നത്.[]
മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗതയിലാണ് കാറ്റ് അടിക്കുന്നത്. ജനങ്ങള്‍ അതീവ ജാഗ്രതപാലിക്കണമെന്ന് കേന്ദ്രകാലവസ്ഥ കേന്ദ്രം നിര്‍ദേശം നല്‍കിയിട്ടുണ്ട്.
തമിഴ്‌നാട് തീരത്ത് കനത്തമഴ തുടരുകയാണ്. വാര്‍ത്ത വിനിമയ, വൈദ്യൂതി ബന്ധങ്ങള്‍ വ്യാപകമായി തകരാറിലായിട്ടുണ്ട്. ഒപ്പം ചെന്നൈ തീരങ്ങളില്‍ ശക്തമായ കടലാക്രമണം തുടരുകയാണ് 5 അടിയോളം ഉയരത്തിലുള്ള തിരയാണ് ഉണ്ടാകുന്നത്.
ചെന്നൈ തുറമുഖത്ത് നിര്‍ത്തിയിട്ടിരുന്ന എണ്ണക്കപ്പല്‍ കടലാക്രമണം മൂലം ഉള്‍ക്കടലിലേക്ക് മാറ്റിയിട്ടുണ്ട്. തമിഴ്‌നാട്ടിലെ നാഗപട്ടണത്തിനും, ആന്ധ്രാ പ്രദേശിലെ തീരപ്രദേശത്തുകൂടിയാണ് നിലം കൊടുങ്കാറ്റ് ചെന്നൈ തീരത്ത് എത്തിയത്.
തീരപ്രദേശങ്ങളിലേക്ക് അടുക്കുന്നതിനനുസരിച്ച് ചുഴലിക്കാറ്റിന്റെ വേഗം കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൊടുങ്കാറ്റ് തീരത്തോടടുക്കും തോറും കനത്തപേമാരിയുണ്ടാകുമെന്ന് കാലാവസ്ഥാ കേന്ദ്രം റിപ്പോര്‍ട്ട് ചെയ്യുന്നത്. മഴയെ തുടര്‍ന്ന് ചെന്നൈയില്‍ ശക്തമായ കടല്‍ക്ഷോഭം അനുഭവപ്പെട്ടു.
മഴയെ തുടര്‍ന്ന് ചെന്നൈയിലെ സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. നിലം ചുഴലിക്കാറ്റിനെ നേരിടുന്നതിനായി 21 ദുരിതാശ്വാസ ക്യാമ്പുകളും 280 സ്‌കൂളുകളും ദുരിതാശ്വാസ പ്രവര്‍ത്തനത്തിനായി തുറന്നിട്ടുണ്ട്. തമിഴ്‌നാട് അഗ്നിശമന സേനാംഗങ്ങളുടെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്.