ന്യൂദല്‍ഹി: തുടര്‍ച്ചയായ മൂന്നാം ദിവസവും തുടരുന്ന മഴയില്‍ ഉത്തരാഖണ്ഡില്‍ വ്യാപക നാശ നഷ്ടം. 4 പേര്‍ മരിച്ചെന്നും 12 പേരെ കാണാതാവുകയും ചെയ്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
ഒരുപാട് ആളുകള്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കുള്ളില്‍ കുടുങ്ങി കിടക്കാന്‍ സാധ്യതയുണ്ടെന്നും വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.
നൈനിറ്റാള്‍ ജില്ലയില്‍ മേഘവിസ്‌ഫോടനം ഉണ്ടായതായും ഇതിനെ തുടര്‍ന്ന് വ്യാപകമായ നഷ്ടങ്ങളുണ്ടായതായും റിപ്പോര്‍ട്ടുകളുണ്ട്. നൈനിറ്റാളിലെ രാംഘട്ടിലാണ് മേഘവിസ്‌ഫോടനം ഉണ്ടായത്.
കനത്ത മഴയെ തുടര്‍ന്ന് വ്യാപക നാശനഷ്ടമാണ് ഉത്തരാഖണ്ഡില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പല റോഡുകളും വെള്ളത്തില്‍ മുങ്ങിയിരിക്കുകയാണ്. താഴ്ന്ന പല പ്രദേശങ്ങളും പൂര്‍ണമായും വെള്ളത്തിനടിയിലാണ്.
മരണപ്പെട്ടവരില്‍ നേപ്പാളില്‍ നിന്നുള്ള തൊഴിലാളികളുമുണ്ടെന്ന് പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദി ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമിയുമായി കാര്യങ്ങള്‍ അവലോകനം ചെയ്തു. കേന്ദ്ര-സംസ്ഥാന ദുരന്തനിവാരണ സേനയോടൊപ്പം സൈന്യവും രക്ഷാപ്രവര്‍ത്തനത്തിനായി ഉത്തരാഖണ്ഡിലെത്തിയിട്ടുണ്ട്.
ഉത്തരാഖണ്ഡിലെ പ്രസിദ്ധമായ നൈനിറ്റാള്‍ തടാകം കരകവിഞ്ഞൊഴുകുകയും സമീപ പ്രദേശങ്ങളില്‍ വെള്ളപ്പൊക്കം ഉണ്ടാവുകയും ചെയ്തിട്ടുണ്ട്. ആളുകളെ സുരക്ഷിത സ്ഥാനത്തേയ്ക്ക് മാറ്റാനുള്ള പ്രവര്‍ത്തനങ്ങളും നടന്നു വരികയാണ്.
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെട്ടതാണ് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പരക്കെ മഴയ്ക്ക് കാരണം. പശ്ചിമ ബംഗാളിലും ഉത്തരാഖണ്ഡിലുമായി നാല് പേര്‍ മഴക്കെടുതിയില്‍ മരിച്ചു.
വ്യാഴാഴ്ച വരെ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. നദികളില്‍ ജലനിരപ്പ് ഉയരുമെന്നും മുന്നറിയിപ്പുണ്ട്. ബദരീനാഥ് തീര്‍ഥാടനത്തിനെത്തിയ 2,000 പേരെ സുരക്ഷിത സ്ഥാനത്തെത്തിച്ചതായി ഉത്തരാഖണ്ഡ് സര്‍ക്കാര്‍ അറിയിച്ചു.
ചമോലി ജില്ലയിലെ ബദരിനാഥ് ദേശീയപാതയും പൂര്‍ണമായും തടസ്സപ്പെട്ടിരുന്നു. കാലാവസ്ഥ ശാന്തമാകുന്നത് വരെ ആരും ക്ഷേത്രദര്‍ശനത്തിനെത്തെരുതെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടു.
ഹരിയാനയിലും കിഴക്കന്‍ യുപിയിലും അതിശക്തമായ മഴയാണ് രേഖപ്പെടുത്തിയത്.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: 4 Dead, 12 Missing As Rain Batters Uttarakhand