ന്യൂദല്‍ഹി: ഛത്തീസ്ഗണ്ഡില്‍ സഹപ്രവര്‍ത്തകന്റെ വെടിയേറ്റ് നാലു സി.ആര്‍.പി.എഫ് ജവാന്മാര്‍ കൊല്ലപ്പെട്ടു. ഒരു സി.ആര്‍.പി.എഫ് ജവാന് ഗുരുതര പരിക്കേറ്റു. ബിജാപൂരിലെ ബാസ്ഗുഡയിലുള്ള സി.ആര്‍.പി.എഫിന്റെ 168 ബറ്റാലിയന്‍ ക്യാമ്പിലാണ് വെടിവെപ്പ് ഉണ്ടായത്. രണ്ട് സബ് ഇന്‍സ്പെക്ടര്‍മാര്‍ അടക്കം നാല് ജവാന്മാരാണ് കൊല്ലപ്പെട്ടത്.
സബ് ഇന്‍സ്പെക്ടര്‍മാരായ വി.കെ ശര്‍മ, മേഘ് സിങ്, എ.എസ്.ഐ രാജ് വീര്‍, കോണ്‍സ്റ്റബിള്‍ ജി.എസ് റാവു എന്നിവരാണ് മരിച്ചതെന്ന് വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐ റിപ്പോര്‍ട്ടു ചെയ്തു. ഗജാനന്ദ് എന്ന എ.എസ്.ഐക്കാണ് പരിക്കേറ്റത്.
Also Read: ക്രിസ്മസ് ആഘോഷത്തിനിടെ പ്രാര്‍ത്ഥനാ ഹാള്‍ ആര്‍.എസ്.എസ് അടിച്ചു തകര്‍ത്തു
ക്യാമ്പിലുണ്ടായ തര്‍ക്കത്തിന് പിന്നാലെ സനത് കുമാര്‍ എന്ന ജവാനാണ് വെടിവെപ്പ് നടത്തിയത്. സനത് കുമാറിനെ കസ്റ്റഡിയിലെടുത്ത് പൊലീസിന് കൈമാറി. ഇന്നു വൈകീട്ട് അഞ്ചോടെയായിരുന്നു വെടിവെപ്പെന്ന് ദന്തേവാഡ റേഞ്ച് ഐ.ജി സുന്ദര്‍ രാജ് വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. എ.കെ 47 റൈഫിള്‍ ഉപയോഗിച്ചാണ് ജവാന്‍ സഹപ്രവര്‍ത്തകര്‍ക്കുനേരെ വെടിവെപ്പ് നടത്തിയത്. നാല് ജവാന്മാരും സംഭവ സ്ഥലത്തുതന്നെ മരിച്ചു. പരിക്കേറ്റ ജവാനെ ഹെലിക്കോപ്റ്റര്‍ ഉപയോഗിച്ചാണ് ആശുപത്രിയില്‍ എത്തിച്ചത്.
മരിച്ച നാല് ജവാന്മാരില്‍ മൂന്നുപേരും സനത് കുമാറിനെക്കാള്‍ മുതിര്‍ന്ന ഉദ്യോഗസ്ഥരാണ്. വൈകീട്ട് ആറോടെ മൃതദേഹങ്ങള്‍ എം.ഐ 17 ഹെലിക്കോപ്റ്റര്‍ ഉപയോഗിച്ച് സി.ആര്‍.പി.എഫ് ക്യാമ്പില്‍നിന്ന് മാറ്റി. മാവോവാദികളെ നേരിടാന്‍ ഛത്തീസ്ഗഡില്‍ വിന്യസിച്ച സി.ആര്‍.പി.എഫ് ജവാന്മാരാണ് ക്യാമ്പിലുണ്ടായിരുന്നത്.