ന്യൂദല്‍ഹി: വ്യാഴാഴ്ച ഒരൊറ്റ ദിവസം കൊണ്ട് മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പി. ചിദംബരത്തിനെതിരായ നാല് കേസുകളിലാണ് കോടതി വാദം കേട്ടത്. അതേത്തുടര്‍ന്നാണ് സെപ്റ്റംബര്‍ 19 വരെ സി.ബി.ഐയുടെ കീഴിലോ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറ്റേറിന്റെ (ഇ.ഡി) കീഴിലോ കസ്റ്റഡിയില്‍ വെയ്ക്കാന്‍ കോടതി വിധിച്ചത്.
ആദ്യ കേസ്
ഐ.എന്‍.എക്‌സ് മീഡിയാ കേസിലെ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ചിദംബരത്തിന് സുപ്രീംകോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചു. 305 കോടി രൂപയുടെ വിദേശ നിക്ഷേപത്തിനു വിദേശ നിക്ഷേപ പ്രോത്സാഹന ബോര്‍ഡ് അനുമതി നല്‍കിയതുമായി ബന്ധപ്പെട്ട കേസാണിത്. ഇ.ഡിയാണ് ഇതന്വേഷിക്കുന്നത്.
രണ്ടാമത്തെ കേസ്
സി.ബി.ഐ പുറപ്പെടുവിച്ച ജാമ്യമില്ലാ വാറന്റിനും സി.ബി.ഐയ്ക്കു കീഴിലുള്ള റിമാന്‍ഡിനുമെതിരെ ചിദംബരം സുപ്രീംകോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ വാദം കേള്‍ക്കവെ അദ്ദേഹം തന്നെ ആ ഹര്‍ജി പിന്‍വലിച്ചു.
മൂന്നാമത്തെ കേസ്
എയര്‍സെല്‍-മാക്‌സിസ് കേസില്‍ ചിദംബരത്തിനും മകന്‍ കാര്‍ത്തിക്കും ദല്‍ഹി പ്രത്യേക സി.ബി.ഐ കോടതി മുന്‍കൂര്‍ ജാമ്യം നല്‍കി.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
നാലാമത്തെ കേസ്
തന്റെ കസ്റ്റഡിക്കെതിരെ ചിദംബരം സി.ബി.ഐ പ്രത്യേക കോടതിയില്‍ നല്‍കി ഹര്‍ജിയിലാണ് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയാന്‍ കോടതി വിധിച്ചത്.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ആദ്യ കേസില്‍ സുപ്രീംകോടതി ചിദംബരത്തിന് സി.ബി.ഐ കോടതിയെ ജാമ്യത്തിനായി സമീപിക്കാമെന്നു വ്യക്തമാക്കിയിട്ടുണ്ട്.
ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടുന്നതിനു പകരം ചിദംബരം ഇ.ഡിക്കു മുന്‍പാകെ ഹാജരാകാമെന്നായിരുന്നു അദ്ദേഹത്തിനു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ കോടതിയെ അറിയിച്ചത്.
എന്നാല്‍ ചിദംബരത്തെപ്പോലെയൊരു വ്യക്തിക്ക് തെളിവുകള്‍ നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും കഴിയുമെന്ന് സി.ബി.ഐ വാദിച്ചതോടെയാണ് ചിദംബരത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടാന്‍ കോടതി തീരുമാനിച്ചത്.