| Tuesday, 25th October 2016, 5:50 pm

മുത്തലാഖിലല്ല മോദി ഉത്തരം പറയേണ്ടത് ഈ സ്ത്രീകളോടാണ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുസ്‌ലിം സ്ത്രീകളുടെ ക്ഷേമത്തിനുവേണ്ടി മോദി ഇപ്പോള്‍ സംസാരിച്ചിരിക്കുകയാണ്. സ്വന്തം ഭാര്യ യശോദാബെന്നോട് മോദി എന്താണ് ചെയ്തതെന്നത് അവിടെ നില്‍ക്കട്ടെ. വര്‍ഗീയ ധ്രുവീകരണം സൃഷ്ടിക്കാന്‍ കാലാകാലങ്ങളായി ഉപയോഗിക്കുന്ന ഏകീകൃത സിവില്‍ കോഡിനെ കൊണ്ടുവരാന്‍ മോദി മുത്തലാഖിനെ ഉപയോഗിക്കുകയാണ് ഇവിടെ ചെയ്തിരിക്കുന്നതെന്ന് വ്യക്തം.


ഈ സ്ത്രീകള്‍ മോദിയോട് ചോദിച്ചുകൊണ്ടേയിരിക്കും മുസ്‌ലിം സ്ത്രീകള്‍ക്കുവേണ്ടി സംസാരിക്കാനുള്ള മോദിയുടെ അര്‍ഹതയെക്കുറിച്ച്

|ഒപ്പീനിയന്‍: ആദിത്യ മേനോന്‍|


ഇന്ത്യയില്‍ ഏകീകൃത സിവില്‍ കോഡ് കൊണ്ടുവരാന്‍ ലക്ഷ്യമുണ്ടെന്ന സൂചന നല്‍കിക്കൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞദിവസം മുത്തലാഖിനെതിരെ രംഗത്തുവന്നിരുന്നു. “ആരെങ്കിലും ഫോണിലൂടെ മൂന്നുതവണ തലാഖ് പറഞ്ഞാല്‍ മുസ്‌ലിം പെണ്‍മക്കളുടെ ജീവിതം നശിപ്പിക്കാന്‍ കഴിയും” എന്നാണ് ഉത്തര്‍പ്രദേശിലെ മഹോബയിലെ റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് മോദി പറഞ്ഞത്.

മുത്തലാഖ് വളരെ തെറ്റായ രീതിയാണെന്ന കാര്യത്തില്‍ സംശയമില്ല. ഇത് സ്ത്രീകളെ നിന്ദിക്കുന്നതും വിവാഹമെന്ന സ്ഥാപനത്തെ ഇകഴ്ത്തുന്ന ഒന്നുമാണ്. ഖുര്‍ആന്‍ അടിസ്ഥാനമായുള്ള ഒരു കാര്യം പോലുമല്ല ഇത്.

മുസ്‌ലിം സ്ത്രീകളുടെ ക്ഷേമത്തിനുവേണ്ടി മോദി ഇപ്പോള്‍ സംസാരിച്ചിരിക്കുകയാണ്. സ്വന്തം ഭാര്യ യശോദാബെന്നോട് മോദി എന്താണ് ചെയ്തതെന്നത് അവിടെ നില്‍ക്കട്ടെ. വര്‍ഗീയ ധ്രുവീകരണം സൃഷ്ടിക്കാന്‍ കാലാകാലങ്ങളായി ഉപയോഗിക്കുന്ന ഏകീകൃത സിവില്‍ കോഡിനെ കൊണ്ടുവരാന്‍ മോദി മുത്തലാഖിനെ ഉപയോഗിക്കുകയാണ് ഇവിടെ ചെയ്തിരിക്കുന്നതെന്ന് വ്യക്തം.


Shocking News: ജെ.എന്‍.യു വിദ്യാര്‍ഥി ഹോസ്റ്റല്‍ മുറിയില്‍ മരിച്ച നിലയില്‍


മുസ്‌ലീം സ്ത്രീകളുടെ കാര്യത്തില്‍ പെട്ടെന്ന് മോദിക്ക് ആശങ്ക വന്നെങ്കില്‍ അദ്ദേഹം തീര്‍ച്ചയായും ആശങ്കപ്പെടേണ്ടത് ഈ മുസ്‌ലീം സ്ത്രീകളെക്കുറിച്ചാണ്.

സാക്കിയ ജാഫ്രി

2002ലെ ഗുജറാത്ത് കലാപസമയത്ത് അഹമ്മദാബാദിലെ ഗുല്‍ബര്‍ഗ് സൊസൈറ്റിയില്‍ കൊല്ലപ്പെട്ട 68 പേരിലൊരാളായ ഇഹ്‌സാന്‍ ജാഫ്രിയുടെ ഭാര്യയാണ് സാക്കിയ ജാഫ്രി. ഗുല്‍ബര്‍ഗ് സൊസൈറ്റിക്ക് പുറത്ത് വലിയൊരു ആള്‍ക്കൂട്ടം എത്തിയ ഉടന്‍ തന്നെ ഇഹ്‌സാന്‍ ജാഫ്രി അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോദിയെ സഹാമഭ്യര്‍ത്ഥിച്ച് വിളിച്ചിരുന്നുവെന്ന് സാക്ഷിമൊഴികളുണ്ട്.

ഇഹ്‌സാന്‍ ജാഫ്രിയെ ചീത്തവിളിച്ച മോദി “നിങ്ങള്‍ ഇനിയും കൊല്ലപ്പെട്ടിട്ടില്ലേ” എന്ന് ചോദിച്ചതായും ആരോപണമുണ്ട്. കൂടുതല്‍ വ്യക്തമായി പറഞ്ഞാല്‍ സാക്കിയ ജാഫ്രി വിധവയാകുന്നത് തടയാന്‍ കഴിയുമായിരുന്നിട്ടും മോദി ഒന്നും ചെയ്തില്ല.

നരോദ പാട്യ ഇരകള്‍

ഇതിലും ഭീകരമാണ് നരോദ പാട്യയിലെ സ്ത്രീകളുടെ കഥ. അതിന്റെ ഭീകരത വെളിവാക്കുന്ന രണ്ട് സാക്ഷിമൊഴികള്‍ പരിശോധിക്കാം.

” എന്റെ ഭര്‍ത്തൃ സഹോദരി കൗസര്‍ ഭാനുവിനോട് അവര്‍ കാണിച്ചത് കൊടുംക്രൂരതയാണ്. അവര്‍ ഒമ്പതുമാസം ഗര്‍ഭിണിയായിരുന്നു. അവര്‍ കൗസര്‍ ഭാനുവിന്റെ വയറ് കീറി മുറിച്ച് വാളുകൊണ്ട് ഗര്‍ഭസ്ഥ ശിശുവിനെ കുത്തിയെടുത്ത് തീയിലേക്കെറിഞ്ഞു. പിന്നീട് അവളെയും ചുട്ടെരിച്ചു.” നരോദ പാട്യയിലെ സൈറ ഭാനു പറയുന്നു. (2002 മാര്‍ച്ച് 27ന് ഷാ ഇ അലാം ക്യാമ്പില്‍ വെച്ച് രേഖപ്പെടുത്തിയ മൊഴി)


Also Read: വീഡിയോ കോളിങ്ങ് ഫീച്ചറുമായി വാട്ട്‌സ്ആപ്പ് എത്തുന്നു


” ഗംഗോത്രി സൊസൈറ്റിയില്‍ നിന്നും പുറത്താക്കപ്പെട്ട ഞങ്ങളെ ഒരു കൂട്ടമാളുകള്‍ കത്തുന്ന ടയറുകളുമായി പിന്തുടര്‍ന്നു. ഈ സമയത്താണ് അവര്‍ ഒരു പാട് പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്തത്. 8-10 പേരെ ബലാത്സംഗം ചെയ്യുന്നതിനു ഞങ്ങള്‍ സാക്ഷികളാണ്. 16 വയസുള്ള മെഹ്‌റുന്നിസയെ അവര്‍ നഗ്നരാക്കുന്നത് ഞങ്ങള്‍ കണ്ടു. കലാപകാരികള്‍ സ്വയം വസ്ത്രമുരിഞ്ഞശേഷം പെണ്‍കുട്ടികളെ ആംഗ്യം കാട്ടി വിളിക്കുന്നതും ഞങ്ങള്‍ കണ്ടു. പിന്നീട് അവര്‍ അതേ റോഡില്‍വെച്ച് പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്തു. ഒരു പെണ്‍കുട്ടിയുടെ യോനി വെട്ടിപ്പിളര്‍ക്കുന്നത് ഞങ്ങള്‍ കണ്ടു. അതിനുശേഷം ഈ പെണ്‍കുട്ടികളെയെല്ലാം അവര്‍ ചുട്ടെരിച്ചു. ഇപ്പോള്‍ ഒരു തെളിവും ഇല്ല.” കുല്‍സം ബീബി  പറയുന്നു. ( 2002 മാര്‍ച്ച് 27ന് ഷായി അലം ക്യാമ്പില്‍ വെച്ച് രേഖപ്പെടുത്തിയത്)

ഗുജറാത്ത് മുഖ്യമന്ത്രി മോദി നോക്കിയിരിക്കെയാണ് അന്ന് ഈ മുസ്‌ലിം യുവതികള്‍ക്കെതിരെ ഇത്രയും വലിയ ക്രൂരകൃത്യം നടന്നത്. അന്ന് ഈ ആശങ്കയൊക്കെ എവിടെയായിരുന്നു?

മേവത് കൂട്ടബലാത്സംഗം

ഇത് അടുത്തിടെ നടന്ന സംഭവമാണ്. ഈ വര്‍ഷം ആഗസ്റ്റ് 25ന് ഹരിയാനയിലെ മേവതില്‍ ബീഫ് കഴിച്ചതിനുള്ള ശിക്ഷയെന്നു പറഞ്ഞ് രണ്ടു മുസ്‌ലിം സ്ത്രീകളെ ഗോരക്ഷാ പ്രവര്‍ത്തകര്‍ കൂട്ടബലാത്സംഗം ചെയ്തു.

16 വയസുള്ള ഒരു പെണ്‍കുട്ടിയെയും 21 വയസുള്ള വിവാഹിതയും ഒരു വയസുള്ള കുട്ടിയുടെ ഉമ്മയുമായ യുവതിയെയുമാണ് ആ രാത്രി നാലുപേര്‍ ചേര്‍ന്ന് കൂട്ടബലാത്സംഗത്തിനിരയാക്കിയത്. യുവതിയുടെ അമ്മായിയെയും അമ്മാവനയെയും ഇവര്‍ ചുട്ടെരിക്കുകയും ചെയ്തു.

” ഞങ്ങള്‍ ബീഫ് കഴിച്ചോ എന്നവര്‍ ചോദിച്ചു. ഞങ്ങള്‍ കഴിച്ചില്ലെന്നു പറഞ്ഞു. ബീഫ് കഴിച്ചതിനുള്ള ശിക്ഷയാണിതെന്ന് അവര്‍ പറഞ്ഞു.” എന്നാണ് ഇരകളിലൊരാള്‍ പറഞ്ഞത്. ഈ സംഭവത്തില്‍ ആരോപണവിധേയരില്‍ ഒരാള്‍ ഒരു സ്വയംസേവക് ആണ്.

ബി.ജെ.പി ഭരിക്കുന്ന ഹരിയാനയിലാണ് ഈ കൂട്ടബലാത്സംഗവും കൊലപാതകങ്ങളും നടന്നത്. ഈ സമയത്ത് ബീഫ് കണ്ടെത്താനായി മേവതിലെ ബിരിയാണികള്‍ പരിശോധിക്കുന്ന തിരക്കിലായിരുന്നു ഇവിടുത്തെ സര്‍ക്കാര്‍.

ഇന്‍ഷ മാലിക്

കശ്മീരിലെ ഷോപ്പിയാനിലെ 14 വയസുള്ള സ്‌കൂള്‍ കുട്ടിയാണ് ഇന്‍ഷ മാലിക്. ഇന്‍ഷ ഇപ്പോള്‍ അന്ധയാണ്. മൂന്നുമാസം മുമ്പ് കശ്മീരില്‍ സുരക്ഷാ സൈന്യം നടത്തിയ പെല്ലറ്റ് ഗണ്‍ പ്രയോഗത്തിലാണ് ഇന്‍ഷയുടെ കാഴ്ച നഷ്ടമായത്.

അവള്‍ പ്രതിഷേധിച്ചിട്ടില്ല. അവര്‍ കല്ലെറിഞ്ഞിട്ടില്ല. വിദൂരതയില്‍ പോലും ഇന്ത്യാരാഷ്ട്രത്തിന് അവള്‍ ഭീഷണിയായിരുന്നില്ല. എന്നിട്ടും സൈന്യം അവള്‍ക്കുനേരെ ആയുധം പ്രയോഗിച്ചു.


Also Read: ദളിത് സമ്മേളനം കൊണ്ട് ‘അശുദ്ധ’മായ ഉഡുപ്പിയില്‍ പുണ്യാഹം തളിച്ചത് വെള്ളാപ്പള്ളിയുടെ സമത്വമുന്നേറ്റയാത്രയുടെ ഉദ്ഘാടകന്‍


അവളുടെ വലതുകണ്ണ് തകര്‍ന്നെന്നും ഇടതുകണ്ണില്‍ വലിയ മുറിവുകളുണ്ടെന്നും അതിനാല്‍ കാഴ്ച വീണ്ടെടുക്കാനുള്ള സാധ്യത വളരെ കുറവാണെന്നുമാണ് ഡോക്ടര്‍മാര്‍ പറയുന്നത്. “ഇന്‍ഷയുടെ മുഖവും കഴുത്തും നിറയെ തുളകളും അതില്‍ പെല്ലറ്റുകളുമായി കമ്പിവല പോലുണ്ടായിരുന്നു ” എന്നാണ് ആ സമയത്ത് ഫയല്‍ ചെയ്ത ഒരു റിപ്പോര്‍ട്ടില്‍ പറയുന്നത്.

ഇന്നുവരെ മോദി ഇന്‍ഷമാലിക്കിനെക്കുറിച്ച്, കശ്മീരില്‍ അവളെപ്പോലുള്ള നൂറുകണക്കിനാളുകളെക്കുറിച്ച് ഒരു വാക്കുപോലും പരാമര്‍ശിച്ചിട്ടില്ല.

എന്തുകൊണ്ട് മോദി പറഞ്ഞില്ല? ഈ കൊച്ചുപെണ്‍കുട്ടിയെക്കൊണ്ട് ബി.ജെ.പിക്ക് ഒരു രാഷ്ട്രീയ ഉപയോഗവുമില്ലല്ലോ?

മുസ്‌ലീം സ്ത്രീകളുടെ കാര്യത്തില്‍  പെട്ടെന്ന് പൊട്ടിയൊലിച്ച ഒരു സിമ്പതിയല്ല മോദിയുടെ മഹോബ പ്രസംഗത്തിനു പിന്നില്‍. അത് ലക്ഷ്യമിട്ടത് മുസ്‌ലീങ്ങളെപ്പോലുമല്ല. ഉത്തര്‍പ്രദേശില്‍ അദ്ദേഹത്തിന്റെ പാര്‍ട്ടി പടയൊരുക്കം നടത്തുന്ന ഹിന്ദു വലതുപക്ഷ മണ്ഡലത്തിനെ ലക്ഷ്യമിട്ടുള്ളതാണ്.


കടപ്പാട്: ക്യാച്ച് ന്യൂസ്‌

We use cookies to give you the best possible experience. Learn more