| Friday, 30th March 2018, 1:06 pm

മനോഹരങ്ങളായ ബീച്ചുകളും തീരങ്ങളും കൊണ്ട് അനുഗ്രഹീതമായ ജപ്പാന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഒരു വശത്ത് പസഫിക് മഹാസമുദ്രവും മറു വശത്ത് സീ ഓഫ് ജപ്പാനും കിഴക്ക് ചൈനാ കടലും… മനോഹരങ്ങളായ ബീച്ചുകളും തീരങ്ങളും കൊണ്ട് അനുഗ്രഹീതമാണ് ദ്വീപ് രാജ്യമായ ജപ്പാന്‍. ജപ്പാനില്‍ തീര്‍ച്ചയായും സന്ദര്‍ശിച്ചിരിക്കേണ്ട നാല് ബീച്ചുകളെ പരിചയപ്പെടാം…

ഗോശികി-ഹമാ ബീച്ച്:

ഗോശികി-ഹമാ ബീച്ചിലെ പ്രത്യേകത ഇവിടത്തെ സൂര്യാസ്തമയ കാഴ്ചയാണ്. വെള്ളം തട്ടുമ്പോള്‍ അഞ്ച് നിറങ്ങളില്‍ തിളങ്ങുന്ന മുത്തുകളും കല്ലുകളും നിറയെ ഉള്ളതാണ് അഞ്ച് നിറങ്ങള്‍ എന്നര്‍ഥം വരുന്ന ഗോഷ്‌കി എന്ന പേര് ഈ ബീച്ചിന് വരാന്‍ കാരണം. സൂര്യാസ്തമന സമയവും ഈ കല്ലുകളുടെ തിളക്കവും കൂടിയാകുമ്പോള്‍ ഒരു വിസ്മയ കാഴ്ചയാണ് ഇവിടം ഒരുക്കുന്നത്. ബീച്ചിലെ ഒരു റോഡ് സണ്‍സെറ്റ് ലൈന്‍ എന്നാണ് അറിയപ്പെടുന്നത്.

യൊനാഹ-മേഹാമ ബീച്ച്:

മിയാകോ ഐലന്‍ഡിലെ ഒറ്റപ്പെട്ട ദ്വീപിലെ റിസോര്‍ട്ട് ബീച്ചാണ് ഇവിടം. ജപ്പാനില്‍ നിന്നും വിദേശത്തു നിന്നും ധാരാളം സഞ്ചാരികളാണ് ഇവിടെ എത്തുന്നത്. ബീച്ചിലെ വെളുപ്പും മരതകപ്പച്ചയും നിറങ്ങളിലുള്ള മണലും പ്രകൃതി മനോഹാരിതയയും ഹൃദ്യമായ കാഴ്ചയാണ്. വിവിധ മറൈന്‍ സ്‌പോര്‍ട്‌സുകളും ഇവിടത്തെ സന്ദര്‍ശകര്‍ക്കായി ഒരുക്കിയിട്ടുണ്ട്.

ചിരിഹാമ ബീച്ച്:

ജപ്പാന്‍ കടലിന് അഭിമുഖമായുള്ള ഹോകുറികു മേഖലയിലെ തീരത്താണ് ചിരാഹാമ. ജാപ്പനീസ് ലിറ്റ്ല്‍നെക്ക്, ഓറിയന്റ് ക്ലാം തുടങ്ങിയ കക്കകളും ചിപ്പികളും സുലഭമായ ഇവിടം ചെറിയ സ്റ്റാളുകളിലായി വിവിധ മത്സ്യ വിഭവങ്ങളാണ് ഒരുക്കിയിട്ടുള്ളത്. ബീച്ച് ഡ്രൈവിങ് സൗകര്യമുള്ള ജപ്പാനിലെ ഏക ബീച്ച് കൂടിയാണിത്. വേനല്‍ക്കാലത്ത് നീലനിറവും മഞ്ഞുകാലത്ത് ചാരനിറവും ആയി ഈ കടലിലെ നിറം മാറുന്നു എന്നതും ഇവിടത്തെ പ്രത്യേകതയാണ്.

ഹകുട്ടൊ ബീച്ച്:

വെള്ള മണല്‍തരികളാല്‍ നിറഞ്ഞ ഹകുട്ടൊ കോസ്റ്റ് മനോഹരമായ ഒരു കടല്‍ത്തീരമാണ്. വേനല്‍ക്കാലത്ത് കടലില്‍ കുളിക്കുന്നതിനും മഞ്ഞുകാലത്ത് സര്‍ഫിംഗിനും പറ്റിയ ഇടമാണിത്. സുന്ദരമായ പിങ്ക് ജപ്പാനീസ് പൂക്കള്‍ നിറയെ വളരുന്ന ഈ ബീച്ച് സന്ദര്‍ശകരുടെ മനം കവരുമെന്നതില്‍ സംശയമില്ല.

We use cookies to give you the best possible experience. Learn more