ഭുവനേശ്വർ: മതപരിവർത്തനം ആരോപിച്ച് ഒഡീഷയിൽ രണ്ട് ആദിവാസി സ്ത്രീകളെ ഒരു സംഘം ആളുകൾ തൂണിൽ കെട്ടിയിട്ട് മർദിച്ച സംഭവത്തിൽ നാല് പേർ അറസ്റ്റിൽ.
ഒഡീഷയിലെ ബാലസോർ ജില്ലയിലെ റെമുന പൊലീസ് സ്റ്റേഷൻ പരിധിയിലായിരുന്നു സംഭവം. രണ്ട് ആദിവാസി സ്ത്രീകൾ ഒരു ഹിന്ദു യുവാവിനെ ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്യാൻ ശ്രമിച്ചെന്ന് ആരോപിച്ച് ജനക്കൂട്ടം അവരെ മരത്തിൽ കെട്ടിയിട്ട് മർദിക്കുകയായിരുന്നു.
നാൽപ്പത് വയസുള്ള രണ്ട് ആദിവാസി സ്ത്രീകളെ മരത്തിൽ കെട്ടിയിട്ട് മർദിക്കുകയും അവരുടെ മുഖത്ത് കേക്ക് തേക്കുകയും ചെയ്യുന്ന വീഡിയോ വൈറൽ ആയതോടെയാണ് സംഭവം പുറത്തറിയുന്നത്.
പിതാംബർ ബിസ്വാൾ, പ്രശാന്ത കുമാർ നായക്, ജയന്ത കുമാർ നായക്, ബാദൽ കുമാർ പാണ്ഡ എന്നിവരാണ് അറസ്റ്റിലായത്. സ്ത്രീകളെ ഒരു കൂട്ടം ആളുകൾ മരത്തിൽ കെട്ടിയിട്ട് മർദിക്കുന്ന ദൃശ്യങ്ങൾ പ്രചരിച്ച് ദിവസങ്ങൾക്ക് ശേഷമാണ് അറസ്റ്റ്.
സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് രണ്ട് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഒന്ന് രണ്ട് സ്ത്രീകൾക്കെതിരെയും ഒന്ന് ആളുകൾക്ക് എതിരെയുമാണ്. ചൊവ്വാഴ്ച അറസ്റ്റിലായവരിൽ സ്ത്രീകൾക്കെതിരെ ഫയൽ ചെയ്ത കൗണ്ടർ കേസിലെ പരാതിക്കാരനായ ബാദൽ കുമാർ പാണ്ഡയും ഉൾപ്പെടുന്നു.
ഒഡീഷ ഫ്രീഡം ഓഫ് റിലീജിയൻ ആക്ട്, 1967, സെക്ഷൻ 4, സെക്ഷൻ 299 (ഒരു മതത്തെ ബോധപൂർവം അവഹേളിക്കുന്നത് ), സെക്ഷൻ 3(5) , സെക്ഷൻ 351 (2) ( ഭീഷണിപ്പെടുത്തൽ) എന്നിവ പ്രകാരമാണ് രണ്ട് സ്ത്രീകൾക്കെതിരെ കേസെടുത്തിരിക്കുന്നത്. ബാലസോറിലെ നീലഗിരി പ്രദേശത്തെ ബാദൽ കുമാർ പാണ്ഡയുടെ പരാതിയെ അടിസ്ഥാനമാക്കിയാണ് കേസ്.
രണ്ടാമത്തെ കേസ് 1989ലെ പട്ടികജാതി, പട്ടികവർഗ (അതിക്രമങ്ങൾ തടയൽ) നിയമം, ബി.എൻ.എസ് എന്നിവയുടെ വിവിധ വകുപ്പുകൾ പ്രകാരമാണ്.
Content Highlight: 4 arrested after tribal women were ‘tied up, assaulted’ in Odisha on suspicion of religious conversion