മൂന്നാം ടെസ്റ്റ് ആദ്യ ദിനം ഓസ്‌ട്രേലിയ അഞ്ചിന് 259
Daily News
മൂന്നാം ടെസ്റ്റ് ആദ്യ ദിനം ഓസ്‌ട്രേലിയ അഞ്ചിന് 259
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 26th December 2014, 4:54 pm

steve-smith-shot
മെല്‍ബണ്‍: മൂന്നാം ടെസ്റ്റിന്റെ ആദ്യ ദിനത്തില്‍ ഓസ്ട്രലിയക്ക് മോശം തുടക്കം. ഒന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 259 റണ്‍സാണ് ഓസ്‌ട്രേലിയ എടുത്തിരിക്കുന്നത്. നേരത്തെ ടോസ് നേടിയ ഓസ്‌ട്രേലിയ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. മൂന്നാം ദിനം സ്റ്റംപ് എടുക്കുമ്പോള്‍ 72 റണ്‍സുമായി ക്യാപ്റ്റന്‍ സ്റ്റീവന്‍ സ്മിത്ത്, 23 റണ്‍സുമായി വിക്കറ്റ് കീപ്പര്‍ ബ്രാഡ് ഹാഡിന്‍ എന്നിവരാണ് ക്രീസിലുള്ളത്.

നിറഞ്ഞ ഗാലറിക്ക് മുന്‍പില്‍ ബാറ്റ് ചെയ്യാനെത്തിയ ഓസീസിനെ തുടക്കത്തില്‍ തന്നെ ഓപണര്‍ ഡേവിഡ് വാര്‍ണറിനെ നഷ്ടമായി. പിന്നീടെത്തിയ ഷെയ്ന്‍ വാട്‌സണ്‍ ക്രിസ് റോജേര്‍സുമായി(57) കൂട്ടു ചേര്‍ന്ന് 115 റണ്‍സിന്റെ കൂട്ടുകെട്ടാണ് പടുത്തുയര്‍ത്തിത്. പരമ്പരയിലെ തന്റെ മൂന്നാമത്തെ അര്‍ദ്ധ ശതകം പൂര്‍ത്തിയാക്കിയ ഉടനെ റോജേര്‍സിനെ മുഹമ്മദ് ഷമിയാണ് പുറത്താക്കിയത്.

തുടര്‍ന്ന് സ്‌കോര്‍ ചലിക്കുന്നതിന് മുന്‍പ് തന്നെ വാട്‌സണെ അശ്വിന്‍ വിക്കറ്റിന് മുന്‍പില്‍ കുടുക്കുകയായിരുന്നു. പിന്നീടെത്തിയ  ഷോണ്‍ മാര്‍ഷും സ്മിത്തും ചേര്‍ന്ന് സ്‌കോര്‍ മുന്നോട്ട് ചലിപ്പിച്ചു. 32 റണ്‍സെടുത്ത മാര്‍ഷിനെ ഷമി ധോനിയുടെ കൈയിലെത്തിച്ചതിന് ശേഷം ക്രീസിലെത്തിയ ബ്രാഡ് ഹാഡിന്‍  ഇന്ത്യന്‍ ബൗളര്‍മാരില്‍ നിന്ന് കടുത്ത പരീക്ഷണമാണ് നേരിട്ടത്.

ഇന്ത്യന്‍ ബൗളര്‍മാരില്‍ ഇശാന്ത് ശര്‍മക്കാണ് വിക്കറ്റ് ലഭിക്കാതിരുന്നത്. ഷമി, ഉമേഷ് യാദവ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും, അശ്വിന്‍ ഒരു വിക്കറ്റും നേടി.

നാല് മത്സരങ്ങളടങ്ങുന്ന പരമ്പരയില്‍ ആദ്യ രണ്ട് ടെസ്റ്റും ഓസ്‌ട്രേലിയ വിജയിച്ചിരുന്നു. അഡലൈഡില്‍ 48 റണ്‍സിനും ബ്രിസ്‌ബെയിനില്‍ നാല് വിക്കറ്റിനുമാണ് ഓസീസ് വിജയിച്ചിരുന്നത്. ഇതിനാല്‍ ഈ മത്സരം ഉള്‍പ്പടെ പരമ്പരയിലെ ശേഷിക്കുന്ന രണ്ട് മത്സരങ്ങളും വിജയിക്കുക എന്നത് ഇന്ത്യയെ സംബന്ധിച്ചെടുത്തോളം നിര്‍ണായകമാണ്.