ഭോപ്പാല്‍: മധ്യപ്രദേശ് മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും രാജി പ്രഖ്യാപിക്കുന്നതിനിടെ കഴിഞ്ഞ 15 മാസത്തിനിടെ സര്‍ക്കാര്‍ കൈവരിച്ച നേട്ടങ്ങളും ജനപ്രിയ പദ്ധതികളും എണ്ണിപ്പറഞ്ഞ് കമല്‍നാഥ്.
കര്‍ഷകരുടെ കടങ്ങള്‍ പൂര്‍ണമായും എഴുതിത്തള്ളുമെന്ന് പ്രഖ്യാപിച്ച് അധികാരത്തിലെത്തിയ തങ്ങള്‍ വാഗ്ദാനം പാലിച്ചുവെന്നും എന്നാല്‍ അത് പൂര്‍ണതയിലെത്തുന്നതിന് മുന്‍പ് തന്നെ ബി.ജെ.പി ഞങ്ങളുടെ സര്‍ക്കാരിനെ കുതിരക്കച്ചവടത്തിലൂടെ താഴെയിറക്കിയെന്നും കമല്‍നാഥ് പറഞ്ഞു.
കര്‍ഷകരുടെ കടം എഴുതിത്തള്ളുന്ന മൂന്നാം ഘട്ടത്തിലായിരുന്നു ഞങ്ങള്‍. ആദ്യത്തെ രണ്ട് ഘട്ടവും ഞങ്ങള്‍ പൂര്‍ത്തീകരിച്ചു. ഏതാനും ദിവസങ്ങള്‍ക്കകം മൂന്നാം ഘട്ടവും പൂര്‍ത്തിയാക്കാനിരിക്കെയാണ് ബി.ജെ.പി മഹാരാജാവിനേയും 22 കൂട്ടാളികളേയും ഒപ്പംകൂട്ടി അധികാരത്തില്‍ നിന്നും തങ്ങളെ താഴെയിറക്കിയതെന്നും കമല്‍നാഥ് പറഞ്ഞു.
15 മാസത്തിനുള്ളില്‍ കര്‍ഷകര്‍ക്ക് പരമാവധി സഹായം നല്‍കിയെന്നും 20 ലക്ഷം കര്‍ഷകരുടെ വായ്പ എഴുതിത്തള്ളിയെന്നും അദ്ദേഹം പറഞ്ഞു.
‘ഞാന്‍ ജനങ്ങളുടെ സര്‍ട്ടിഫിക്കറ്റ് നേടും. മറ്റ് സര്‍ട്ടിഫിക്കറ്റുകളൊന്നും എനിക്ക് ആവശ്യമില്ല. ബി.ജെ.പിയ്ക്ക് എന്റെ സംസ്ഥാനത്തെ പരാജയപ്പെടുത്താന്‍ സാധിക്കില്ല. എന്റെ ഇച്ഛയെ പരാജയപ്പെടുത്താന്‍ സാധിക്കില്ല.
എന്റെ രാഷ്ട്രീയം എന്റെ ജീവിതമാണ്. അത് എല്ലാ മൂല്യങ്ങളോടെയുമാണ് ഞാന്‍ മുന്നോട്ടുകൊണ്ടുപോയത്. അതിനെ പരാജയപ്പെടുത്താന്‍ അവര്‍ക്ക് സാധിക്കില്ല.
മധ്യപ്രദേശിലെ മാഫിയ ഭരണം ഒഴിവാക്കാന്‍ ഞങ്ങള്‍ ശ്രമിച്ചു. എന്നാല്‍ 15 വര്‍ഷത്തെ ബി.ജെ.പിയുടെ ഭരണത്തോടെ അഭിവൃദ്ധി പ്രാപിച്ച മാഫിയകള്‍ക്കെതിരെ അവര്‍ ഒരുനടപടിയും എടുത്തിരുന്നില്ല.
യുവാക്കള്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിന് സര്‍ക്കാര്‍ യുവ സ്വാഭിമാന്‍ യോജന ആരംഭിച്ചു വൈദ്യുതി നിരക്ക് കുറച്ചതിന്റെ ഫലമായി ഒരു കോടി ആളുകള്‍ക്ക് പ്രയോജനം ലഭിച്ചെന്നും കമല്‍നാഥ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
‘ഞാന്‍ ഒരിക്കലും ബി.ജെ.പി കളിക്കുന്ന രീതിയിലുള്ള രാഷ്ട്രീയത്തിന്റെ ഭാഗമായിരുന്നില്ല. എന്റെ രാഷ്ട്രീയ ജീവിതത്തിലെ 40 വര്‍ഷത്തിനിടയില്‍ ആരും എനിക്ക് നേരെ വിരല്‍ ചൂണ്ടിയിട്ടില്ലെന്നും കമല്‍നാഥ് പറഞ്ഞു. പാര്‍ട്ടി പ്രവര്‍ത്തകരുടെ ”ജയ് കമല്‍നാഥ്” മുദ്രാവാക്യങ്ങള്‍ക്കിടയിലാണ് കമല്‍ നാഥ് പത്രസമ്മേളനം അവസാനിപ്പിച്ചത്.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ