| Tuesday, 8th December 2020, 11:16 pm

അമിത് ഷായുമായി നടത്തിയ ചര്‍ച്ചയും പരാജയം, കേന്ദ്രസര്‍ക്കാരുമായുള്ള ബുധനാഴ്ചത്തെ ചര്‍ച്ചയില്‍ നിന്ന് പിന്‍മാറി കര്‍ഷകര്‍; സമരം തുടരും

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി കര്‍ഷകര്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. നാളത്തെ കേന്ദ്രവുമായുള്ള ചര്‍ച്ചയില്‍ നിന്നും കര്‍ഷകര്‍ പിന്മാറി.

നിയമങ്ങള്‍ പിന്‍വലിക്കില്ലെന്നും ചില ഉറപ്പുകള്‍ നല്‍കുമെന്ന് എഴുതിനല്‍കാമെന്നുമാണ് ആഭ്യന്തര മന്ത്രി പറഞ്ഞത്. എന്നാല്‍ നിയമം പിന്‍വലിക്കാതെ സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് കര്‍ഷകര്‍ വ്യക്തമാക്കി.

തുടര്‍ നടപടികള്‍ ആലോചിക്കാന്‍ കാര്‍ഷിക സംഘടനകള്‍ നാളെ യോഗം ചേരും.സര്‍ക്കാര്‍ നല്‍കിയ ഉറപ്പുകള്‍ നാളത്തെ കര്‍ഷകരുടെ യോഗത്തില്‍ ചര്‍ച്ചചെയ്യും.

എന്നാല്‍ കാര്‍ഷിക നിയമം പിന്‍വലിക്കുന്നത് വരെ സമരത്തില്‍ നിന്ന് പിന്മാറില്ലെന്ന് കിസാന്‍ സഭാ നേതാവ് ഹനാന്‍ മൊള്ള മാധ്യമപ്രവര്‍ത്തകരോട് വ്യക്തമാക്കി.

എന്നാല്‍ ഭാരത് ബന്ദിന് ലഭിച്ചുകൊണ്ടിരിക്കുന്ന വലിയ രീതിയിലുള്ള പിന്തുണയ്ക്ക് പിന്നാലെയാണ് അമിത് ഷാ കര്‍ഷകരെ കാണാന്‍ തയ്യാറായത്. ഒരു കുറുക്കുവഴിയും കൊണ്ട് വരണ്ട, നിയം പിന്‍വലിച്ചാല്‍ മാത്രം മതിയെന്ന് കര്‍ഷകര്‍ ചര്‍ച്ചയ്ക്ക് മുന്നേ പറഞ്ഞിരുന്നു.

അതേസമയം, കര്‍ഷക പ്രതിഷേധം അടിച്ചമര്‍ത്താനുള്ള ശ്രമം സര്‍ക്കാര്‍ തുടരുകയാണ്. പ്രതിഷേധത്തിന് പിന്തുണ നല്‍കിയ ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ പൊലീസ് വീട്ടുതടങ്കലിലാക്കിയിരുന്നു. പ്രതിഷേധ സ്ഥലത്തേക്ക് പുറപ്പെട്ട ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിനെയും കസ്റ്റഡിയിലെടുത്തിരുന്നു.

ഭാരത് ബന്ദിനിടെ ഇടത് നേതാക്കളെയും ചത്തീസ്ഗഡ് പൊലീസ് കൂട്ടത്തോടെ കസ്റ്റഡിയിലെടുത്തിരുന്നു. ഇടത് നേതാക്കളായ കെ.കെ രാഗേഷും കൃഷ്ണ പ്രസാദും ഉള്‍പ്പെടെയുള്ളവരെയാണ് കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്. കരുതല്‍ തടങ്കല്‍ എന്നാണ് പൊലീസ് പറയുന്നത്.

ഭാരത് ബന്ദിന് പിന്തുണയുമായി കര്‍ഷക സമരങ്ങള്‍ക്ക് എത്തുന്ന നേതാക്കളെയെല്ലാം കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശാനുസരണം പൊലീസ് അറസ്റ്റു ചെയ്യുകയാണ്.

യു.പിയില്‍ സി.പി.ഐ.എം പോളിറ്റ് ബ്യൂറോ അംഗം സുഭാഷിണി അലിയെ വീട്ടുതടങ്കലിലാക്കിയിരിക്കുകയാണ്.

ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ സുഭാഷിണി അലിയുടെ വീടിന് മുന്‍പിലാണ് പൊലീസ് കാവലേര്‍പ്പെടുത്തിയിരിക്കുന്നത്. സുഭാഷിണി അലി സമരവേദിയിലെത്തുന്നത് തടയാനാണ് പൊലീസ് ശ്രമമെന്ന് പ്രവര്‍ത്തകര്‍ ആരോപിച്ചു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: 3rd discussion with centre is also got failed; farmers claims that farm laws should be repealed

We use cookies to give you the best possible experience. Learn more