കന്നട പതിപ്പിനെക്കാളും മറ്റു ഭാഷകളില്‍ കൂടുതല്‍ റിലീസ് ചെയ്യുന്നു; പുഷ്പയ്‌ക്കെതിരെ കര്‍ണാടകയില്‍ ബഹിഷ്‌ക്കരണാഹ്വാനം
Daily News
കന്നട പതിപ്പിനെക്കാളും മറ്റു ഭാഷകളില്‍ കൂടുതല്‍ റിലീസ് ചെയ്യുന്നു; പുഷ്പയ്‌ക്കെതിരെ കര്‍ണാടകയില്‍ ബഹിഷ്‌ക്കരണാഹ്വാനം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 16th December 2021, 11:47 pm

ബാംഗ്ലൂര്‍: അല്ലു അര്‍ജുനെ നായകനാക്കി സുകുമാര്‍ സംവിധാനം ചെയ്യുന്ന പുഷ്പ എന്ന എന്ന ചിത്രത്തിനെതിരെ ബഹിഷ്‌ക്കരണാഹ്വാനം. കര്‍ണ്ണാടകയില്‍ കന്നഡ പതിപ്പിനെക്കാള്‍ മറ്റുഭാഷകളിലാണ് റിലീസെന്ന് ആരോപിച്ചാണ് ബഹിഷ്‌ക്കരണാഹ്വാനം.

തെലുങ്ക് ഒറിജിനലിന് 200ല്‍ ഏറെ പ്രദര്‍ശനങ്ങളും ഹിന്ദിയ്ക്ക് പത്തിലേറെ പ്രദര്‍ശനങ്ങളും തമിഴ്, മലയാളം പതിപ്പുകള്‍ക്ക് നാല് പ്രദര്‍ശനങ്ങളുമുള്ള കര്‍ണ്ണാടകയില്‍ കന്നഡ പതിപ്പിന് മൂന്ന് ഷോകള്‍ മാത്രമാണ് ഉള്ളതെന്നും ട്വിറ്ററില്‍ ഒരു ആരാധകന്‍ എഴുതി.

BoycottPushpaInKarnataka എന്ന ഹാഷ് ടാഗില്‍ ചിത്രത്തിനെതിരെ പോസ്റ്റുകള്‍ ട്വിറ്ററില്‍ നിറയുന്നുണ്ട്. അതേസമയം കേരളത്തില്‍ പുഷ്പയുടെ മലയാളം പതിപ്പ് ഡിസംബര്‍ 17 ന് റിലീസ് ചെയ്യില്ല. സാങ്കേതിക കാരണങ്ങള്‍ കൊണ്ടാണ് മലയാളം പതിപ്പ് റിലീസ് ചെയ്യാത്തത്.

പകരം ഡിസംബര്‍ 17 ന് കേരളത്തില്‍ തമിഴ് പതിപ്പായിരിക്കും റിലീസ് ചെയ്യുക. കേരളത്തില്‍ പുഷ്പയുടെ വിതരണം ഏറ്റെടുത്ത ഇ ഫോര്‍ എന്റര്‍ടൈന്‍മെന്റ്സാണ് ഇക്കാര്യം ആരാധകരെ അറിയിച്ചിരിക്കുന്നത്.

പുഷ്പയുടെ മലയാളം പതിപ്പ് 17 ന് റിലീസ് ചെയ്യാന്‍ സാധിക്കാത്തതില്‍ ആരാധകരോട് ഇ ഫോര്‍ എന്റര്‍ടൈന്‍മെന്റ്സ് മാപ്പു ചോദിച്ചു. രണ്ട് പതിപ്പായി ഇറങ്ങുന്ന പുഷ്പയുടെ ആദ്യഭാഗമാണ് ഡിസംബര്‍ 17 ന് റിലീസ് ചെയ്യുന്നത്.

പുഷ്പ ദ റൈസ് എന്നാണ് ആദ്യഭാഗത്തിന്റെ പേര്. ആര്യ എന്ന ചിത്രത്തിലൂടെ അല്ലു അര്‍ജുനെ സൂപ്പര്‍താരമാക്കിയ സുകുമറാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

രക്തചന്ദന കടത്തുകാരനായ പുഷ്പരാജായിട്ടാണ് അല്ലു അര്‍ജുന്‍ എത്തുന്നത്. ഇതുവരെ കാണാത്ത ലുക്കിലും മാനറിസത്തിലുമാണ് അല്ലു അര്‍ജുന്‍ പുഷ്പയില്‍ എത്തുന്നത്. 250 കോടി രൂപ ചെലവിട്ടാണ് ചിത്രം ഒരുക്കുന്നത്.

മൈത്രി മൂവി മേക്കേഴ്സിന്റെയും മുട്ടംസെട്ടി മീഡിയയുടെയും ബാനറില്‍ നവീന്‍ യെര്‍നേനിയും വൈ. രവിശങ്കറും ചേര്‍ന്നാണ് പുഷ്പ നിര്‍മിക്കുന്നത്.

മിറോസ്ലോ കുബ ബറോസ്‌ക്കാണ് ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിയ്ക്കുന്നത്. ദേവി ശ്രീ പ്രസാദാണ് ചിത്രത്തിന്റെ സംഗീതം സംവിധാനവും സൗണ്ട് ട്രാക്കും നിര്‍വഹിയ്ക്കുന്നത്.

ഓസ്‌കാര്‍ ജേതാവ് റസൂല്‍ പൂക്കുട്ടി സൗണ്ട് എന്‍ജിനീയറായി എത്തുന്ന ചിത്രത്തിന് വേണ്ടി ചിത്രസംയോജനം നടത്തുന്നത് കാര്‍ത്തിക് ശ്രീനിവാസ് ആണ്. പി.ആര്‍.ഒ ആതിര ദില്‍ജിത്ത്.