| Friday, 12th April 2019, 7:32 am

മഹാരാഷ്ട്രയില്‍ ബി.ജെ.പിക്ക് തിരിച്ചടി; ബീഡില്‍ എന്‍.സി.പിക്ക് വേണ്ടി പ്രചരണത്തിനിറങ്ങുമെന്ന് ബി.ജെ.പി സഖ്യ കക്ഷി

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: മഹാരാഷ്ട്രയിലെ ബീഡില്‍ പ്രധാന പ്രതിപക്ഷമായ നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടിക്ക് (എന്‍.സി.പി) വേണ്ടി പ്രചരണത്തിനിറങ്ങുമെന്ന് ബി.ജെ.പി സഖ്യകക്ഷി ശിവ് സംഘ്രം. മഹാരാഷ്ട്രയിലെ ബി.ജെ.പി മന്ത്രി സഭയിലെ അംഗം കൂടിയായ ശിവ് സംഘ്രം നേതാവ് വിനായക് മീറ്റ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. ബീഡില്‍ തങ്ങള്‍ എന്‍.സി.പിക്ക് വേണ്ടി പ്രചരണത്തിനിറങ്ങുമെന്നും, എന്നാല്‍ മറ്റു മണ്ഡലങ്ങളില്‍ തങ്ങള്‍ ബി.ജെ.പിക്കൊപ്പമായിരിക്കുമെന്നാണ് വിനായക് പറഞ്ഞത്.

മഹാരാഷ്ട്രയിലെ ബീഡ് മുണ്ഡെ കുടുംബത്തിന്റെ ശക്തികേന്ദ്രമാണ്. ഈ വര്‍ഷം സംസ്ഥാനത്തെ മന്ത്രി കൂടിയായ പങ്കജ് മുണ്ടെയുടെ സഹോദരി പ്രീതം ആണ് ബി.ജെ.പി ടിക്കറ്റില്‍ ബീഡില്‍ നിന്ന് മത്സരിക്കുന്നത്. പങ്കജ് മുണ്ടെയുമായുള്ള അസ്വാരസ്യങ്ങളാണ് വിനായകിനെ ഇത്തരം ഒരു തീരുമാനം എടുക്കാന്‍ പ്രേരിപ്പിച്ചിതെന്നാണ് വിലയിരുത്തപ്പെടുന്നത്.

ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോള്‍ തന്നെ വിനായക് തന്റെ നിലപാട് വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇത്തരം ഒരു ധാരണ സാധൂകരിക്കാന്‍ പറ്റില്ലെന്നായിരുന്നു സംസ്ഥാനത്തെ ബി.ജെ.പി പ്രസിഡന്റ് റാവോസാഹെബ് ഡാന്‍വെയുടെ നിലപാട്. എന്നാല്‍ ഇത് കണക്കിലെടുക്കാതെ വിനായക് തന്റെ തീരുമാനത്തില്‍ ഉറച്ചു നില്‍ക്കുകയായിരുന്നു.

ബീഡ് ജില്ലാ പ്രസിഡന്റ് ബജ്‌റംഗ് സൊനാവാനെയാണ് വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബീഡില്‍ നിന്ന് എന്‍.സി.പി ടിക്കറ്റില്‍ മത്സരിക്കുന്നത്. പങ്കജ് മുണ്ടെയ്‌ക്കെതിരെ സംസാരിച്ച വിനായക്, അതേസമയം മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസിനെക്കുറിച്ചും മോദിയെക്കുറിച്ചും പുകഴ്ത്തിയായിരുന്നു. എന്നാല്‍ വിനായകിന്റെ നിലപാടിനെ കുറച്ച് ഇരുവരും ഇനിയും പ്രതികരിച്ചിട്ടില്ല.

രണ്ടാം ഘട്ടമായ ഏപ്രില്‍ 18നാണ് ബീഡിലെ വോട്ടെടുപ്പ്.

Latest Stories

We use cookies to give you the best possible experience. Learn more