തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ തൃക്കാക്കര, തൃപ്പൂണിത്തുറ മണ്ഡലങ്ങളില്‍ നേരിട്ട അപ്രതീക്ഷിത തോല്‍വികളില്‍ പ്രാദേശിക നേതൃത്വത്തിന് എതിരെ നിലപാട് കടുപ്പിച്ച് സി.പി.ഐ.എം സംസ്ഥാന നേതൃത്വം.
പരാജയവുമായി ബന്ധപ്പെട്ട് ജില്ലയിലെ നേതാക്കള്‍ക്കെതിരെ നേതൃത്വം കൈകൊണ്ട നടപടി പര്യാപ്തമല്ലെന്നാണ് സംസ്ഥാന ഘടകത്തിന്റെ വിലയിരുത്തല്‍.
എം. സ്വരാജിന്റെ പരാജയത്തിന് കാരണക്കാരായവര്‍ക്കെതിരെയുള്ള നടപടിയും പര്യാപ്തമല്ലെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ വിലയിരുത്തല്‍.
സംസ്ഥാന സമിതി അംഗം ഗോപി കോട്ടമുറിക്കല്‍, ജില്ലാ സെക്രട്ടേറിയറ്റ് അംഗം കെ.ജെ. ജേക്കബ്, സി.എം. ദിനേശ് മണി, പി.എം. ഇസ്മയില്‍ എന്നിവര്‍ അംഗങ്ങളായ കമ്മിഷനായിരുന്നു എറണാകുളം ജില്ലയിലെ തോല്‍വികളെ കുറിച്ച് പഠിച്ചത്.
സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു നേതാക്കള്‍ക്കെതിരെ ജില്ലാ നേതൃത്വം നടപടിക്ക് ശുപാര്‍ശ ചെയ്തത്.
ഇത് പ്രകാരം തൃക്കാക്കരയിലെ പരാജയത്തിന്റെ അടിസ്ഥാനത്തില്‍ ജില്ലാ സെക്രട്ടേറിയറ്റ് അംഗം സി.കെ. മണിശങ്കറെ ജില്ലാ കമ്മറ്റിയിലേക്ക് തരംതാഴ്ത്തിയിരുന്നു. കെ.ഡി.വിന്‍സെന്റിനെ തിരഞ്ഞെടുക്കപ്പെട്ട എല്ലാം സ്ഥാനങ്ങളില്‍നിന്നും നീക്കുകയും ചെയ്തു.
എന്നാല്‍ ഈ നടപടി പര്യാപ്തമല്ലെന്നും സി.കെ.മണിശങ്കറിനെതിരെ കടുത്ത നടപടി വേണമെന്നുമാണ് സംസ്ഥാന നേതൃത്വത്തിന്റെ ആവശ്യം.
തൃപ്പൂണിത്തുറ മണ്ഡലത്തില്‍ 992 വോട്ടുകള്‍ക്കാണ് കെ.ബാബു വിജയിച്ചത്.
ബാബുവിന്റെ വിജയം ചോദ്യം ചെയ്ത് എം. സ്വരാജ് നല്‍കിയ ഹരജിയില്‍ ഹൈകോടതി ബാബുവിന് നോട്ടീസ് അയച്ചിരുന്നു. കെ. ബാബു, തെരഞ്ഞെടുപ്പ് കമീഷന്‍ അടക്കമുള്ളവര്‍ക്കായിരുന്നു ഹൈകോടതി നോട്ടീസ് അയച്ചത്.
‘സ്വാമി അയ്യപ്പന്റെ’ പേരു പറഞ്ഞ് കെ. ബാബു വോട്ട് തേടിയത് തെരഞ്ഞെടുപ്പ് ക്രമക്കേടാണെന്നും ബാബുവിന്റെ തെരഞ്ഞെടുപ്പ് റദ്ദാക്കി തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്നും ചൂണ്ടിക്കാട്ടിയായിരുന്നു സ്വരാജ് ഹരജി നല്‍കിയത്. അയ്യപ്പന് ഒരു വോട്ട് എന്ന് അച്ചടിച്ച് മണ്ഡലത്തില്‍ വിതരണം ചെയ്ത തെരഞ്ഞെടുപ്പ് സ്ലിപ്പുകളില്‍ കെ. ബാബുവിന്റെ പേരും ചിഹ്നവും ഉള്‍പ്പെട്ടിരുന്നു.
തൃപ്പൂണിത്തുറ മണ്ഡലത്തില്‍ അയ്യപ്പനും സ്വരാജും തമ്മിലാണ് മത്സരമെന്നും അയ്യപ്പന് വോട്ട് ചെയ്ത് ബാബുവിനെ വിജയിപ്പിക്കണമെന്നും വ്യാപക പ്രചരണവും ചുവരെഴുത്തും നടത്തിയിരുന്നു. ഇതിനായി യു.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗം ചേര്‍ന്നു. ‘അയ്യപ്പനെ കെട്ടിക്കാന്‍ വന്നവനെ അയ്യപ്പന്റെ നാട്ടില്‍ നിന്ന് കെട്ടിക്കെട്ടിക്കാന്‍ കെ. ബാബുവിന് വോട്ട് ചെയ്യൂ’ എന്നായിരുന്നു ചുവരെഴുത്തുകള്‍. ഇത് തെരഞ്ഞെടുപ്പ് ക്രമക്കേടാണെന്നായിരുന്നു ഹരജിയില്‍ സ്വരാജ് ചൂണ്ടിക്കാട്ടിയത്. നേരത്തെ, സ്വരാജിന്റെ ഹരജിയില്‍ കെ. ബാബു അടക്കമുള്ളവരോട് ഹൈകോടതി വിശദീകരണം തേടിയിരുന്നു.