| Thursday, 21st October 2021, 11:18 am

'ഏത് പക്ഷത്ത് നിന്നാലും ചില നല്ല മാതൃകകള്‍ ബാക്കി നില്‍ക്കും'; ചെറിയാന്‍ ഇടതുപക്ഷത്ത് നില്‍ക്കുമ്പോഴും ഉള്ളില്‍ കോണ്‍ഗ്രസുകാരനായിരുന്നുവെന്ന് എസ്.എസ്. ലാല്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: ചെറിയാന്‍ ഫിലിപ്പ് ഇടതുപക്ഷത്ത് നില്‍ക്കുമ്പോഴും ഉള്ളില്‍ കോണ്‍ഗ്രസുകാരനായിരുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് എസ്.എസ്. ലാല്‍.

ചെറിയാന്‍ ഏത് പക്ഷത്ത് നിന്നാലും ചില നല്ല മാതൃകകള്‍ കളങ്കമില്ലാതെ അദ്ദേഹത്തില്‍ ബാക്കി നില്‍ക്കുമെന്ന് എസ്.എസ് ലാല്‍ പറഞ്ഞു. ഞാനറിയുന്ന ചെറിയാന്‍ ഫിലിപ്പ് എന്ന അടിക്കുറിപ്പില്‍ ഫേസ്ബുക്കിലെഴുതിയ കുറപ്പിലായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.

‘താന്‍ ആഗ്രഹിച്ച അസംബ്ലി സീറ്റ് കിട്ടാത്ത രോഷത്തില്‍ ഒരു സുപ്രഭാതത്തില്‍ രാഷ്ടീയ നിലപാട് മാറ്റി ചെറിയാന്‍ എല്‍.ഡി.എഫ് പിന്തുണയോടെ പുതുപ്പള്ളിയില്‍ ഉമ്മന്‍ ചാണ്ടിക്കെതിരെ മത്സരിച്ചപ്പോള്‍ കോണ്‍ഗ്രസുകാര്‍ ഒന്നടങ്കം അന്തംവിട്ടു നിന്നു പോയി. ചെറിയാനില്‍ നിന്നും രാഷ്ട്രീയത്തിന്റെ പാഠങ്ങള്‍ ആദര്‍ശത്തിന്റെയും മര്യാദയുടെയും പാഠങ്ങള്‍ പഠിച്ച ഞങ്ങള്‍ ഒരുപാട് പേര്‍ വല്ലാതെ ദുഃഖിച്ചു. എന്നെപ്പോലെയുള്ളവര്‍ക്ക് അതൊരു വലിയ മനോവേദനയായിരുന്നു.

ചെറിയാന്റെ രാഷ്ട്രീയ നിലപാടുകളെ വിമര്‍ശിക്കുമ്പോഴും വ്യക്തിപരമായി ആക്രമിക്കാതിരിക്കാന്‍ ചെറുപ്പക്കാരായ ഞങ്ങള്‍ ഓരോരുത്തരും ശ്രദ്ധിച്ചത് അദ്ദേഹം തന്നെ പഠിപ്പിച്ച പാഠങ്ങള്‍ ഓര്‍ത്തത് കൊണ്ടായിരുന്നു. പിന്നീട് കൈരളി ടെലിവിഷനില്‍ ഉള്‍പ്പെടെ വന്ന് അദ്ദേഹം എ.കെ. ആന്റണിയെയും ഉമ്മന്‍ ചാണ്ടിയെയും ഒക്കെ കടന്നാക്രമിച്ചപ്പോഴും അതേ നിലവാരത്തില്‍ ഞങ്ങള്‍ മറുപടി പറയാതിരുന്നതും ഒന്നും വിളിച്ചു പറയാതിരുന്നതും അദ്ദേഹം കൂടി പഠിപ്പിച്ച രാഷ്ട്രീയ മാന്യത കാരണമായിരുന്നു. പിന്നെ ഒരു കാലത്ത് അദ്ദേഹത്തെ ഒരുപാട് ബഹുമാനിക്കുകയും സ്‌നേഹിക്കുകയും ചെയ്തിരുന്നതു കൊണ്ടും. ഇടതുമുന്നണിയുടെ ഭാഗമായിക്കഴിഞ്ഞിട്ടും ഞങ്ങള്‍ പലരുമായും ചെറിയാന്‍ വ്യക്തി ബന്ധം സൂക്ഷിച്ചു,’ എസ്.എസ്. ലാല്‍ എഴുതി.

വലിയ നേതാവായിരിക്കുമ്പോഴും വൃക്തികളുമായി ഒരു പരിധിക്കപ്പുറം അടുക്കാത്ത നേതാവായിരുന്നു ചെറിയാനെന്നും സ്വന്തം വ്യക്തിത്വത്തിനും ഇമേജിനും പോറലേല്‍ക്കാതിരിക്കാന്‍ കൃത്യമായി ശ്രദ്ധിച്ചിരുന്നവെന്നും എസ്.എസ്. ലാല്‍ പറഞ്ഞു.

അതേസമയം, ‘ചെറിയാന്‍ ഫിലിപ്പ് പ്രതികരിക്കുന്നു’ എന്ന യുട്യൂബ് ചാനല്‍ ജനുവരി 1 ന് ആരംഭിക്കുമെന്ന് ചെറിയാന്‍ ഫിലിപ്പ് ഫേസ്ബുക്കിലൂടെ അറിയിച്ചിരുന്നു.

ചാനല്‍ നയം തികച്ചും സ്വതന്ത്രമാണെന്നും രാഷ്ട്രീയ നിലപാട് പ്രശ്നാധിഷ്ഠിതമായിരിക്കുമെന്നും ഏതു വിഷയത്തിലും വസ്തുതകള്‍ നേരോടെ തുറന്നുകാട്ടുമെന്നും ചെലിയാന്‍ ഫിലിപ്പ് പറഞ്ഞു.

‘അഴിമതി, വര്‍ഗ്ഗീയത, ഏകാധിപത്യം എന്നിവക്കെതിരെ നിര്‍ഭയം പോരാടും. ജനകീയ പ്രശ്നങ്ങളില്‍ നിരന്തരം ഇടപെടും. ഒരിക്കലും ഒറ്റക്കണ്ണനാവില്ല. രണ്ടു കണ്ണുകളും തുറക്കും. കണ്ണടയുന്നതു വരെ പ്രതികരിച്ചു കൊണ്ടിരിക്കും,” ചെറിയാന്‍ ഫിലിപ്പ് ഫേസ്ബുക്കിലെഴുതി.

ഒരിക്കലും ഒറ്റക്കണ്ണനാവില്ലെന്നും രണ്ട് കണ്ണുകളും തുറക്കുമെന്നും കണ്ണടയുന്നതു വരെ പ്രതികരിച്ചു കൊണ്ടിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പ്രളയക്കെടുതിയില്‍ പിണറായി സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് ഇടതു സഹയാത്രികനായ ചെറിയാന്‍ ഫിലിപ്പ് രംഗത്തെത്തിയിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

CONTENT HIGHLIGHTS: Cherian Philip was a congressman on the inside even when he was on the left Says Congress leader S.S. Lal

We use cookies to give you the best possible experience. Learn more