Advertisement
India
മോദി അധികാരത്തില്‍ എത്തിയ ശേഷം മാവോയിസ്റ്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത് 390 സൈനികര്‍; രണ്‍ദീപ് സുര്‍ജേവാല
ഡൂള്‍ന്യൂസ് ഡെസ്‌ക്
2019 May 02, 05:05 am
Thursday, 2nd May 2019, 10:35 am

ന്യൂദല്‍ഹി: നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരമേറ്റ ശേഷം രാജ്യത്ത് 390 സൈനികര്‍ മാവോയിസ്റ്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ടെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല. രാജ്യത്തെ സംരക്ഷിക്കുമെന്ന് 24 മണിക്കൂറും പറഞ്ഞുനടക്കുന്ന മോദിയുടെ അവകാശവാദത്തെ തുറന്നുകാണിക്കുന്നതാണ് ഇതെന്നും അദ്ദേഹം പറഞ്ഞു.

മഹാരാഷ്ട്രയിലെ ഗഡ്ചിറോളിയില്‍ മാവോയിസ്റ്റ് സംഘം നടത്തിയ ആക്രമണത്തില്‍ 15 സൈനികര്‍ കൊല്ലപ്പെട്ടതായുള്ള റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെയാണ് മോദിക്കും കേന്ദ്രസര്‍ക്കാറിനുമെതിരെ രൂക്ഷവിമര്‍ശനവുമായി സുര്‍ജേവാല രംഗത്തെത്തിയത്. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

കഴിഞ്ഞ ദിവസമാണ് മാവോയിസ്റ്റ് സംഘം നടത്തിയ ആക്രമണത്തില്‍ 15 സൈനികര്‍ കൊല്ലപ്പെട്ടത്. മാവോയിസ്റ്റ് ബാധിത മേഖലയായ ഗഡ്ചിറോളിയില്‍ സേനാംഗങ്ങള്‍ സഞ്ചരിച്ചിരുന്ന വാഹനം വിദൂരനിയന്ത്രിത സംവിധാനം ഉപയോഗിച്ച് തകര്‍ക്കുകയായിരുന്നു. വാഹനത്തിലുണ്ടായിരുന്ന 15 സൈനികരും ഒരു ഡ്രൈവറുമാണ് കൊല്ലപ്പെട്ടത്. സ്ഫോടനത്തില്‍ വാഹനം പൂര്‍ണമായി തകര്‍ന്നു. ആക്രമണത്തിന് പിന്നാലെ മാവോയിസ്റ്റുകള്‍ സൈനികര്‍ക്ക് നേരെ വെടിവച്ചെന്നാണ് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ആക്രമണം ഉണ്ടായതായി പ്രതിരോധ വൃത്തങ്ങള്‍ സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും മരണസംഖ്യ സംബന്ധിച്ച് ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല.