മാഡ്രിഡ്: ക്ലബ്ബ് ഫുട്‌ബോളില്‍ മികച്ച പ്രകടനം തുടര്‍ന്ന് റയല്‍ മാഡ്രിഡിന്റെ കരീം ബെന്‍സെമ. ഈ സീസണില്‍ 39 മത്സരങ്ങളില്‍ നിന്ന് ഇതുവരെ 39 ഗോളുകളാണ് ബെന്‍സെമ തന്റെ പേരിലാക്കിയത്.
കഴിഞ്ഞ ദിവസം ലാ ലിഗയില്‍ സെവിയ്യക്കെതിരെ രണ്ട് ഗോളിന് പിന്നില്‍ നിന്ന ശേഷം വമ്പന്‍ തിരിച്ചുവരവുമായി റയല്‍ മാഡ്രിഡ് 3-2ന് വിജയിച്ചപ്പോഴും പതിവുപോലെ കരീം ബെന്‍സെമയാണ് റയലിന്റെ രക്ഷകനായിയെത്തിയത്.
രണ്ടാം പകുതിയിലാണ് റയല്‍ മത്സരം പിടിച്ചടുക്കിയത്. കളി തുടങ്ങി 21-ാം മിനിട്ടില്‍ റാക്കിട്ടിച്ച് സെവിയ്യയെ മുന്നിലെത്തിച്ചു. നാല് മിനിട്ടുകള്‍ക്ക് ശേഷം ലമേല ലീഡ് ഉയര്‍ത്തി. ആദ്യ പകുതി തീരും വരെ റയലിന് തിരിച്ചടിക്കാനായില്ല. രണ്ടാം പകുതിയിലാണ് റയല്‍ മൂന്ന് ഗോളും വലയിലാക്കിയത്.
അമ്പതാം മിനിട്ടില്‍ റോഡ്രിഗോ, 82-ാം മിനിട്ടില്‍ നാചോ എന്നിവരുടെ ഗോളിലൂടെ റയല്‍ ഒപ്പമെത്തി. കളിയുടെ അധികസമയത്തായിരുന്നു പതിവുപോലെ രക്ഷകനായി ബെന്‍സെമയുടെ വരവ്.
32 മത്സരങ്ങളില്‍ നിന്ന് 75 പോയിന്റുമായി കിരീടത്തിലേക്ക് അതിവേഗം കുതിക്കുകയാണ് റയല്‍. ലീഗില്‍ രണ്ടാം സ്ഥാനത്തുള്ള ബാഴ്‌സയ്ക്ക് 60 പോയിന്റ് മാത്രമേയുള്ളൂ.
ചാമ്പ്യന്‍സ് ലീഗ് പ്രീ ക്വാര്‍ട്ടറിലെ രണ്ടാം പാദ മത്സരത്തില്‍ പി.എസ്.ജിയെ തകര്‍ത്ത് റയല്‍ മാഡ്രിഡ് ക്വാര്‍ട്ടറില്‍ പ്രവേശിച്ചപ്പോഴും റയലിന്റെ വിജയശില്‍പി ബെന്‍സെമയായിരുന്നു. ഹാട്രിക്ക് നേടിയായിരുന്നു കരീം ബെന്‍സെമ ഈ കളി റയലിന് നേടിക്കൊടുത്തത്.
ആദ്യപാദ മത്സരത്തില്‍ പി.എസ്.ജിയോട് എകപക്ഷീയമായ ഒരു ഗോളിന് തോറ്റ റയല്‍ രണ്ടാം പാദത്തില്‍ നടത്തിയ തിരിച്ചുവരവിലാണ് ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടറിലെത്തിയിരുന്നത്.
ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളില്‍ റയല്‍ മാഡ്രിഡ് സെമിയിലെത്തിയതിന് പിന്നിലും ബെന്‍സെമയുടെ മികച്ച പ്രകടനം കാരണമായിട്ടുണ്ട്. രണ്ടാംപാദ ക്വാര്‍ട്ടറില്‍ ചെല്‍സിയോട് 2-3ന് തോറ്റെങ്കിലും ഇരുപാദങ്ങളിലുമായി 5-4ന് മുന്നിലെത്തിയാണ് റയല്‍ ചാമ്പ്യന്‍സ് ലീഗ് ഫുട്ബോള്‍ സെമിയിലെത്തിയത്.
സാന്റിയാഗോ ബെര്‍ണബ്യൂവില്‍ അധികസമയത്ത് ബെന്‍സെമയാണ് റയലിന്റെ വിജയഗോള്‍ കുറിച്ചത്. ആദ്യപാദത്തില്‍ ഹാട്രിക്കും ബെന്‍സെമ നേടിയിരുന്നു. റയല്‍ പരിശീലകന്‍ കാര്‍ലോ ആന്‍സെലോട്ടിയുടെ എട്ടാം ചാമ്പ്യന്‍സ് ലീഗ് സെമിഫൈനലാണിത്.